പ്രതി മടങ്ങിയെത്തിയത് ഭിന്നശേഷിക്കാരി മരിച്ചത് അറിയാതെ; സുരക്ഷിതമാണെന്നു കരുതിയ നാട്ടിൽ ക്രൂരമായ കൊല
Mail This Article
പോത്തൻകോട് ∙ ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോത്തൻകോട് കണിയാർക്കോണം തെങ്ങുവിളാകത്തു വീട്ടിൽ ടി.തൗഫീഖ് (33) അറസ്റ്റിൽ. 69 വയസ്സുള്ള പോത്തൻകോട് സ്വദേശിനിയാണു മരിച്ചത്. സംഭവത്തിന് ശേഷം വൈകാതെ അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകത്തിനും പീഡനത്തിനും കേസെടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണക്കമ്മലും പ്രതി മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. മംഗലപുരം ഭാഗത്തേക്കു പോവുകയായിരുന്ന തൗഫീഖിന്റെ ബൈക്കിന്റെ ചെയിൻ വഴിമധ്യേ പൊട്ടി. ബൈക്കും മോഷ്ടിച്ചതായിരുന്നു.
വരുന്ന വഴിയിൽ പൂ ഇറുത്തു നിൽക്കുകയായിരുന്ന സ്ത്രീയെ ഇയാൾ നേരത്തേ കണ്ടിരിക്കാമെന്നു പൊലീസ് കരുതുന്നു. ബൈക്ക് ഒതുക്കി വച്ച ശേഷം പ്രതി സ്ത്രീയെ സമീപിച്ചു. ഇവർ ഭയന്ന് സഹോദരിയുടെ വീട്ടിലേക്കോടിയെങ്കിലും ഉള്ളിലേക്കു കയറും മുൻപ് പ്രതി വായും മൂക്കും പൊത്തിപ്പിടിച്ച് കീഴ്പ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. രാവിലെ ഏഴോടെ പുറത്തുവന്ന സഹോദരിയും ചെറുമകനുമാണ് തുണിമൂടിയിട്ട നിലയിൽ ജീവനറ്റ ശരീരം കണ്ടെത്തുന്നത്. സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സ്ത്രീയുടെ സംസ്കാരം നടത്തി.
പ്രതി മടങ്ങിയെത്തിയത് ഭിന്നശേഷിക്കാരി മരിച്ചത് അറിയാതെ
പോത്തൻകോട്∙ സുരക്ഷിതമാണെന്നു കരുതിയ നാട്ടിൽ ക്രൂരമായ കൊല നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പ്രത്യേകിച്ച് സ്ത്രീകളും രക്ഷിതാക്കളും. ഭിന്നശേഷിക്കാരിയുടെ കൊലപാതകം നടന്ന വീടിന് മുന്നിലൂടെയാണ് സ്കൂൾ കുട്ടികളെ പോലും പുലർച്ചെ ട്യൂഷന് വിടാറുള്ളതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇൗ റോഡുകൾ പോലും സുരക്ഷിതമല്ലെന്നത് ആശങ്കയിലാഴ്ത്തുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൗഫീഖ് കൊയ്ത്തൂർക്കോണത്ത് എത്തിയത് മോഷണ ബൈക്കിലാണ്.
തിരുവനന്തപുരം രാജാജി നഗറിലെ കുഞ്ഞുമോൻ എന്നയാളിന്റേതാണ് ബൈക്ക്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ബൈക്ക് കാണാനില്ലെന്ന് കുഞ്ഞുമോൻ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഷർട്ട് ബൈക്കിൽ വച്ചശേഷം 50 മീറ്ററോളം പോത്തൻകോട് ഭാഗത്തേക്കു നടന്ന ശേഷമാണ് തൗഫീഖ് ഒരാളുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പോത്തൻകോട് ബസ് ടെർമിനലിന് സമീപം എത്തിയത്. സമീപത്തെ പൊതുചന്തയിലെത്തി പരിചയക്കാരനിൽ നിന്ന് ഷർട്ട് വാങ്ങി ധരിച്ച് തൗഫീഖ് തിരുവനന്തപുരം ചാലയിലെത്തി സ്ത്രീയുടെ കമ്മൽ 5,000 രൂപയ്ക്ക് വിറ്റു. തുടർന്ന് തുണിക്കടയിൽ കയറി പുതിയ പാന്റും ഷർട്ടും വാങ്ങി ധരിച്ചു.
ഭിന്നശേഷിക്കാരി മരിച്ചെന്ന് അറിയാതെയാണ് തൗഫീഖ് തിരിച്ച് പോത്തൻകോട്ടെത്തിയത്. ഇവിടെ കാത്തുനിന്ന പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. ഉടനെ എസ്എച്ച്ഒ ഹേമന്ദകുമാറിന്റെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതകമെന്ന സംശയം വന്നതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ജുലാൽ, കഠിനംകുളം എസ്എച്ച്ഒ സാജൻ എന്നിവരും എത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ സ്ത്രീയുടെ മുഖത്തും ശരീരത്തിലും ബലപ്രയോഗം നടത്തിയതിന്റെ പാടുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം പീഡനം നടന്നതായി വ്യക്തമായെന്ന് എസ്എച്ച്ഒ ഹേമന്ദകുമാർ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ റേഷൻ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിനു പൊലീസിനു സഹായകമായത്.
തൗഫീഖ് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം. അതിനിടെ തൗഫീഖിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ ആളുമായും ബന്ധപ്പെട്ടു. തൗഫീഖിനെ കസ്റ്റഡിയിലെടുത്ത ശേഷം ചാലയിൽ സ്വർണം വിറ്റ കടയിലെത്തിച്ച് തെളിവെടുപ്പു നടത്തി തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തു. തൗഫീഖിന്റെ പേരിൽ കവർച്ചാ കേസും അടിപിടി കേസുമുണ്ട്.