പിതാവിനെ സമാധിയിരുത്തൽ: എതിർപ്പ്, സംഘർഷം, കല്ലറ തുറന്നില്ല; ബന്ധുക്കൾക്ക് നോട്ടിസ്
Mail This Article
നെയ്യാറ്റിൻകര ∙ പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം ബന്ധുക്കളുടെയും ചില സംഘടനകളുടെയും എതിർപ്പു മൂലം നടന്നില്ല. തുടർന്ന് കല്ലറ പൊളിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന നിയമപരമായ നോട്ടിസ് കുടുംബാംഗങ്ങൾക്ക് ആർഡിഒയുടെ ചുമതല വഹിക്കുന്ന സബ് കലക്ടർ ഒ.വി. ആൽഫ്രഡ് നൽകി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായി കല്ലറ പൊളിക്കലിൽ നിന്ന് അധികൃതർ പിൻവാങ്ങിയ ശേഷം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് നോട്ടിസ് നൽകിയ ശേഷം തുടർനടപടി എന്നു തീരുമാനമുണ്ടായത്.
പൊളിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ‘ എന്ന് ’ എന്നു നോട്ടിസിൽ വ്യക്തമാക്കിയിട്ടില്ല.സമാധിയായി എന്നു ബന്ധുക്കൾ പറയുന്ന നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മരണം സംബന്ധിച്ച ദുരൂഹത നീക്കാനാണ് കല്ലറ തുറന്നു പരിശോധനയ്ക്ക് കലക്ടർ അനുകുമാരി അനുമതി നൽകിയത്. ഇതെത്തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി. പക്ഷേ സംഘത്തെ ഗോപന്റെ ഭാര്യ സുലോചന, മക്കളായ സനന്തൻ, രാജസേനൻ എന്നിവർ തടഞ്ഞു. ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും വീട്ടുകാർക്ക് പിന്തുണയുമായി എത്തി.
പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പലതവണ ബന്ധുക്കളും പൊലീസുമായി വാക്കേറ്റമുണ്ടായി.കല്ലറയ്ക്കു മുന്നിലിരുന്ന് പ്രതിഷേധിച്ച സുലോചനയെയും മക്കളെയും നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. ഷാജിയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ, മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സ്ഥലവാസികളിൽ ചിലർ സംഘടിച്ചതും ചേരി തിരിഞ്ഞ് പ്രതികരിച്ചതും സംഘർഷത്തിനിടയാക്കി.
കല്ലറ പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ഇൻക്വസ്റ്റ് ഒരുക്കങ്ങളും പൊലീസ് പൂർത്തിയാക്കിയതോടെ തങ്ങൾക്ക് പറയാനുള്ളത് ജില്ലാ ഭരണകൂടം കേൾക്കണമെന്ന ആവശ്യത്തിലേക്ക് വീട്ടുകാർ മാറി.അതോടെയാണ് സബ് കലക്ടറുടെ സാന്നിധ്യത്തിൽ ബന്ധുക്കളും, സംഘടനാ നേതാക്കളും തമ്മിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയതും ബന്ധുക്കൾക്ക് നോട്ടിസ് നൽകിയതും.സമാധിയാകുമെന്ന വിവരം തന്നെ പിതാവ് ഗോപൻ അറിയിച്ചിരുന്നതായി ഇളയ മകനും പൂജാരിയുമായ രാജസേനൻ ആവർത്തിച്ചു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും വീടിനു സമീപത്തെ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം സമാധി സ്ഥലത്തേക്കു പോയി പത്മാസനത്തിൽ ഇരുന്നുവെന്നും രാജസേനൻ പറഞ്ഞു.അടുത്ത ദിവസം പുലർച്ചെ മൂന്നരയോടെയാണ് സമാധി ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും പൊലീസിനു നൽകിയ മൊഴിയിലുണ്ട്. ഗോപനെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും സ്ഥലവാസികളായ ചിലർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിയമപരമായ നടപടികൾക്ക് തടസ്സം നിൽക്കില്ലെന്നു വിഎസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.