പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം; കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
പാലിയേക്കര ∙ ടോൾബൂത്തിൽനിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ലോറി, കാറിൽ ഇടിച്ചു, കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടമുണ്ടായിട്ടും ടോൾ ബൂത്ത് ജീവനക്കാർ ഇടപെട്ടില്ല. ടോൾബൂത്തിലെ വരിയിൽ പിന്നിൽ കാത്തുകിടന്നിരുന്ന കാറിനെയാണ് വലിയ മൾട്ടിആക്‌സിൽ ലോറി ഇടിച്ച് മീറ്ററുകളോളം നിരക്കിനീക്കിയത്. സമീപത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ബഹളംവച്ചതോടെയാണ് ലോറി ഡ്രൈവർ വാഹനം നിർത്തിയത്.
പ്ലാസയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാർയാത്രികൻ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ലോറി പോയിരുന്ന ട്രാക്കിൽ മുൻപിലുണ്ടായിരുന്ന 2 വാഹനങ്ങൾ കടന്നുപോകാൻ വൈകുന്നതു കണ്ടപ്പോൾ മറ്റൊരു ബൂത്തിന്റെ ട്രാക്കിലേക്ക് മാറ്റാനുള്ള ഡ്രൈവറുടെ അശ്രദ്ധമായ ശ്രമമാണ് അപകടമുണ്ടാക്കിയത്.
വാഹനം പിറകോട്ടെടുക്കുമ്പോൾ നിയന്ത്രിക്കാൻ ടോൾ ജീവനക്കാരെ പരിസരത്തൊന്നും കണ്ടില്ല. വ്യാഴാഴ്ച മറ്റൊരു ലോറിയും പിന്നോട്ടെടുത്ത് കാറിലിടിച്ചിരുന്നു. മനഃപൂർവമോ അല്ലാതെയോയുള്ള ഇത്തരം അപകടങ്ങൾ പ്രതിരോധിക്കാൻ കൃത്യമായ ഇടപെടൽ ടോൾപ്ലാസയിൽ ഇല്ലെന്നാണു വിമർശനം. ലോറി ഡ്രൈവർക്കെതിരെ കേസെടുക്കും. ടോൾ ബൂത്തിലെത്തുന്ന വാഹനങ്ങൾ ജീവനക്കാരുടെ നിർദേശമില്ലാതെ പിന്നോട്ടെടുക്കരുതെന്ന് ടോൾ അധികൃതരും ആവശ്യപ്പെട്ടു.