എൻഎച്ച് 544: മണ്ണുത്തി – വടക്കഞ്ചേരി പാത നിർമാണം പൂർത്തിയായതായി സർട്ടിഫിക്കറ്റ്
Mail This Article
മണ്ണുത്തി ∙ ദേശീയപാത 544ലെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള പാതയുടെ നിർമാണം പൂർത്തിയായതായി അറിയിച്ചു ദേശീയപാത അതോറിറ്റി സർട്ടിഫിക്കറ്റ് നൽകി. കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കപാത, 27.5 കിലോമീറ്റർ ഭാഗത്തെ റോഡ്, സർവീസ് റോഡ്, പാർക്കിങ് ഏരിയ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ, അടിപ്പാതകൾ, തെരുവു വിളക്കുകൾ തുടങ്ങി കരാറിൽ നിർദ്ദേശിച്ച എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അ റിയിച്ചതിനെത്തുടർന്നാണു കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൈമാറിയത്.
കരാറിലെ ജോലികൾ പൂർത്തിയായതായും പുതിയ 3 അടിപ്പാതകളും സർവീസ് റോഡുകളുമുൾപ്പെടെയുള്ള ജോലികൾ കരാറിലുൾപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണു കരാർ കമ്പനി കഴിഞ്ഞ ഓഗസ്റ്റിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. കരാറെടുത്ത തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന്റെ അപേക്ഷയിൽ ദേശീയപാത അതോറിറ്റി ചില നിർദ്ദേശങ്ങൾ നൽകിയെങ്കിലും കഴിഞ്ഞയാഴ്ചതന്നെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
നിലവിൽ നിർമാണം നടക്കുന്ന ജോലികൾ കരാറിനു ശേഷം കൂട്ടിച്ചേർത്തതാണെന്ന വാദവും അതോറിറ്റി അംഗീകരിച്ചു. 30 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ 2009 ഓഗസ്റ്റ് 9നാണു നിർമാണ കരാർ ഒപ്പുവെച്ചതെങ്കിലും 2012 ഫെബ്രുവരിയിൽ അവസാനിക്കേണ്ട നിർമാണ ജോലികൾ 2024 ജൂലൈയിലും പൂർണമായിട്ടില്ല. കേരളത്തിലാദ്യമായി 60 മീറ്റർ വീതിയിൽ ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുത്തത് ഇവിടെയാണ്. 1280 കോടി രൂപയാണു കരാർ തുക. 2032 മാർച്ച് മാസം വരെ കരാർ കമ്പനിക്കു ടോൾ പിരിക്കുന്നതിന് അർഹതയുണ്ട്.
കരാറിലുള്ള പല ജോലികളും പൂർത്തിയാക്കിയില്ലെന്ന് ആക്ഷേപം
കുതിരാൻ ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും കരാറിലുള്ള പല ജോലികളും പൂർത്തിയാക്കിയില്ലെന്ന് ആക്ഷേപം. സർവീസ് റോഡ്, ലോറിപാർക്കിങ്, ബസ് ബേകൾ, തെരുവു വിളക്കുകൾ, സുരക്ഷാ സംവിധാനങ്ങൾ, സൂചനാബോർഡുകൾ തുടങ്ങി പല ജോലികളും ഇനിയും പൂർത്തിയായിട്ടില്ല. തുരങ്കമുഖത്ത് മലമുകളിൽ നിന്നു വന്യജീവികൾ താഴേക്ക് വീഴാതിരിക്കാൻ സുരക്ഷാ വേലി നിർമാണം, കുതിരാൻ മലയുടെ മുകളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുന്നതിനായി നീർച്ചാൽ നിർമാണം എന്നിവ ഇതുവരെയും ആരംഭിച്ചിട്ടില്ല.
വടക്കഞ്ചേരിയിലെ മേൽപാലത്തിൽ അൻപതിലേറെ തവണയാണ് അറ്റകുറ്റപ്പണി നടത്തിയത്. കുതിരാൻ തുരങ്കത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. പലപ്പോഴും വൈദ്യുതി മുടങ്ങി തുരങ്കത്തിനുള്ളിൽ ഇരുട്ട് പടരുന്നതു പതിവാണ്. വാണിയമ്പാറയിൽ സർവീസ് റോഡും പണിതിട്ടില്ല. മുല്ലക്കര ഡോൺബോസ്കോ സ്കൂളിനു മുന്നിലായി ഫുട് ഓവർബ്രിജ് പണിതിട്ടില്ല. ബസ് സ്റ്റോപ്പുകൾ ഇനിയും പണിയാനുണ്ട്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിച്ചപ്പോൾ നാശനഷ്ടം സംഭവിച്ച വീടുകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം ഇനിയും പൂർത്തിയായിട്ടില്ല.
ഒന്നരക്കോടിയോളം രൂപ ഇനിയും നഷ്ടപരിഹാരമായി കൊടുക്കാനുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കമ്പനി തൃശൂർ എക്സ്പ്രസ് വേ എന്ന പേരിലാണു മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമ്മാണം ഏറ്റെടുത്തിരുന്നത്. കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളുടെ നിർമാണവും ഇവർ തന്നെയാണ് നടത്തിയത്. എന്നാൽ നിലവിൽ കെഎംസിയിൽ നിന്നു നാമക്കൽ ആസ്ഥാനമായുള്ള സെക്യുറ കമ്പനി തൃശൂർ എക്സ്പ്രസ് വേ ഏറ്റെടുത്തു.