വില്ലേജ് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും തമ്മിൽ വഴിത്തർക്കം; ഒടുവിൽ അളന്നുതിരിച്ചു കുറ്റി സ്ഥാപിച്ചു
Mail This Article
ചാലക്കുടി ∙ വില്ലേജ് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും തമ്മിലുള്ള വഴിത്തർക്കത്തിനൊടുവിൽ അതിർത്തി അളന്നുതിരിച്ചു കുറ്റികൾ സ്ഥാപിച്ചു. സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വാഹനങ്ങൾ പോകുന്നതു വില്ലേജ് ഓഫിസിന്റെ സ്ഥലത്തു കൂടിയാണെന്നു കണ്ടെത്തിയെന്നും ‘കയ്യേറ്റം’ ഒഴിപ്പിക്കാൻ നടപടി വേണമെന്നും വില്ലേജ് ഓഫിസർ തഹസീൽദാർക്കു കത്തു നൽകി.കഴിഞ്ഞ ദിവസം സബ് റജിസ്ട്രാർക്കു പോകാനായി ടാക്സി കാർ വന്നു ഓഫിസ് വളപ്പിൽ കിടക്കുന്നതിനിടെ വില്ലേജ് ഓഫിസർ ഗേറ്റ് അടച്ചതു വിവാദമായിരുന്നു.
ഗേറ്റ് താഴിട്ടു പൂട്ടാതിരുന്നതിനാൽ സബ് റജിസ്ട്രാർക്കു ഗേറ്റ് തുറന്നു പുറത്തേക്കു പോകാനായി. കിഴക്കേ ചാലക്കുടി ഗ്രൂപ്പ് വില്ലേജ് ഓഫിസിലേക്കും സബ് റജിസ്ട്രാർ ഓഫിസിലേക്കും പോകുന്നതിന് ഒരു ഗേറ്റ് മാത്രമാണുള്ളത്. ഇരുവരും തമ്മിലുള്ള വാശി ആരംഭിക്കുന്നത് 8 മാസം മുൻപാണ്. സബ് റജിസ്ട്രാർ ഓഫിസിന്റെ പോർച്ചിൽ വില്ലേജ് ഓഫിസറുടെ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. തൊട്ടുപിന്നാലെ, സബ് റജിസ്ട്രാർ ഓഫിസിലെ ജീവനക്കാരുടെ വാഹനങ്ങൾ മാത്രമേ ഇവിടെ പാർക്ക് ചെയ്യാവൂ എന്നു കാണിച്ചു സബ് റജിസ്ട്രാർ ബോർഡ് വച്ചു. ഇതേത്തുടർന്നു പുകഞ്ഞ തർക്കമാണിപ്പോൾ മറനീക്കിയത്.