പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുമായി എട്ടാം ക്ലാസുകാരൻ; ഞൊടിയിടയിൽ ഇടപെട്ട് കലക്ടർ
Mail This Article
തൃശൂർ ∙ ‘സർ, വീടിനടുത്തു പാടം മണ്ണിട്ടു നികത്തിയതു മൂലം അടുത്ത വീടുകളിലാകെ വെള്ളംകയറി ദുരിതത്തിലായി’. വിശേഷം ചോദിച്ച കലക്ടറോട് ഒറ്റ ശ്വാസത്തിൽ അനുഗ്രഹിനു പറയാനുണ്ടായിരുന്നത്, ചുറ്റുവട്ടത്തു താൻ കണ്ട ദുരിതചിത്രമായിരുന്നു. നടപടിയെടുക്കാമെന്നേറ്റ അതേ വേഗത്തിലായിരുന്നു പിന്നീടു കാര്യങ്ങൾ. ഗൺമാനോട് പറഞ്ഞ് അനുഗ്രഹിന്റെ അച്ഛന്റെ പേരും ഫോൺ നമ്പറും വാങ്ങി. മകനെത്തി കാര്യം പറയും മുൻപേ വീട്ടിലേക്കു ഗൺമാന്റെ വിളിയെത്തി. കാര്യങ്ങൾ തിരക്കി. നേരത്തെ നൽകിയ പരാതിയും പാടം നികത്തൽ സംബന്ധിച്ച് മനോരമ നൽകിയ വാർത്തയും അടക്കമുള്ള റിപ്പോർട്ട് കലക്ടർക്കു അയച്ചു നൽകി.
ഇന്നലെ രാവിലെയാണു ജവാഹർ ബാലഭവന്റെ അധ്യക്ഷൻ കൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ ബാലഭവൻ സന്ദർശിച്ചത്. കുട്ടികളെ പരിചയപ്പെടുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തപ്പോഴാണ്, താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ് പരാതി അറിയിച്ചത്. കുറിച്ചിക്കര താണിക്കുടം സെന്ററിനു സമീപത്തെ പാടശേഖരത്തിലാണു സ്വന്തം സ്ഥലത്തേക്കു വഴിയുണ്ടാക്കാൻ സ്വകാര്യ വ്യക്തി മണ്ണുനിരത്തിയെന്ന് ആരോപിച്ച് കർഷകർ മേയ് 9നു പരാതി നൽകിയത്.
മണ്ണിടൽ തടഞ്ഞെങ്കിലും നിരത്തിയ മണ്ണു മാറ്റി പാടം പൂർവ സ്ഥിതിയിലാക്കിയില്ല. മണ്ണിട്ടു നികത്തിയതോടെ ഒഴുക്കു നിലയ്ക്കുകയും മഴവെള്ളം വീടുകളിലേക്കു കയറുകയും ചെയ്തു. ഈ വിവരമാണ് ചുരുങ്ങിയ വാക്കുകളിൽ അനുഗ്രഹ് കലക്ടറെ ധരിപ്പിച്ചത്. അധ്യാപക ദമ്പതികളായ താണിക്കുടം വടക്കേച്ചുങ്കത്ത് കെ.ഹരീഷിന്റെയും കവിതയുടെയും മകനാണ് അനുഗ്രഹ്. ബാലഭവനിലെ വയലിൻ വിദ്യാർഥി കൂടിയാണ്.