മഴവെള്ളത്തിൽ കെട്ടിക്കിടന്ന പെട്രോളിലേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു; പമ്പിലേക്കു തീ പടർന്നുകയറി
Mail This Article
വടക്കാഞ്ചേരി ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വാഴക്കോട്ടുള്ള ‘ഖാൻ’ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ പാർക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ ബൈക്ക് ഭാഗികമായി കത്തിനശിച്ചു. അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റുകൾ നടത്തിയ കഠിന പരിശ്രമത്തിനൊടുവിൽ തീ പമ്പിലെ ടാങ്കിലേക്കു വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞു. ഇന്നലെ രാവിലെ 10.45ന് ആയിരുന്നു തീ പടർന്നത്. പമ്പിലേക്കു തീ പുറത്തു നിന്ന് പടർന്നു കയറുകയായിരുന്നു. മഴവെള്ളം കലർന്ന പെട്രോൾ സൂക്ഷിച്ചിരുന്ന 4 പ്ലാസ്റ്റിക് ഡ്രമ്മുകളിൽ ഒന്നിൽ നിന്നു തുള്ളി തുള്ളിയായി ചോർന്ന പെട്രോൾ മഴവെള്ളത്തോടൊപ്പം റോഡിലേക്ക് ഒഴുകിപ്പോയി ഒരു കുഴിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
റോഡിലൂടെ പോയ ആരോ സിഗരറ്റ് കുറ്റി ഈ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞതോടെ അതിൽ തീ പടരുകയും അവിടെ നിന്ന് വെള്ളം ഒഴുകിവന്ന വഴിയിലൂടെ തിരികെ പമ്പിലേക്കു തീ പടർന്നു കയറുകയുമായിരുന്നു. 4 ഡ്രമ്മുകളിൽ ഒരെണ്ണം ബൈക്കിനൊപ്പം കത്തിനശിച്ചു. അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മധുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന വെള്ളവും ഫോമും ഉപയോഗിച്ചാണു തീ അണച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.വി.സതീഷ്കുമാർ, പി.എസ്.ഷാജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, ബി.സുഭാഷ്, സി.ആർ.രോഹിത്ത്, കെ.എസ്.സവദ്, സി.എസ്.രവി എന്നിവർ തീ അണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കെടുത്തു. പമ്പിലെ അഗ്നി ബാധയെ തുടർന്ന് സംസ്ഥാന പാതയിലെ വടക്കാഞ്ചേരി- വാഴക്കോട് റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.