ADVERTISEMENT

തൃശൂർ ∙ ‘എത്ര പണം വേണമെങ്കിലും നൽകാമെന്ന് അയാളും ബന്ധുക്കളും പറഞ്ഞു. പണമായിരിക്കും എന്റെ ഉദ്ദേശ്യമെന്നവർ കരുതി. എനിക്കു വേണ്ടതു പണമോ പ്രണയമോ അല്ല, നാഗാലാൻഡിലുള്ള എന്റെ കുടുംബമാണ്. അതിനു വേണ്ടി ഒരു വർഷമല്ല, ഒരായുസ്സു മുഴുവൻ ഞാൻ പോരാടും..’ പ്രണയിച്ചു വഞ്ചിച്ചയാളിൽനിന്നു നീതി തേടി ഒരുവർഷമായി തൃശൂരിൽ താമസിച്ചു നിയമപോരാട്ടം നടത്തുന്ന നേപ്പാൾ പൗരത്വമുള്ള ഇരുപത്തിരണ്ടുകാരിയുടെ വാക്കുകളാണിത്. പ്രണയം മൂലം ഊരുവിലക്ക് നേരിടേണ്ടി വന്ന, കുടുംബത്തെയാകെ നഷ്ടപ്പെട്ട പെൺകുട്ടി ഹോസ്റ്റലിൽ നിന്നുകൊണ്ടു ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടം തുടരുന്നു. കോടതി നിർദേശപ്രകാരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

നാഗാലാൻഡിലെ ദിമാപുരിലെ ഗോത്രവർഗ കുടുംബാംഗമാണു പെൺകുട്ടി. അച്ഛൻ പ്രാദേശിക ഗോത്രവർഗ സമുദായാംഗവും അമ്മ നേപ്പാൾ സ്വദേശിനിയുമാണ്. അമ്മയുടെ പൗരത്വം ലഭിച്ച പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകളൊക്കെയും നേപ്പാളിൽ നിന്നുള്ളതാണ്. പെൺകുട്ടി ഖത്തറിൽ ജോലിക്കെത്തിയ സമയത്താണു തൃശൂർ കയ്പമംഗലം സ്വദേശിയ‍ുമായി അടുപ്പത്തിലാകുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു പരാതിയിൽ പറയുന്നു. ഗർഭഛിദ്രം നടത്തിയ‍ാൽ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെൺകുട്ടിയെ യുവാവ് നാഗാലാൻഡിലേക്കയച്ചു. ഗോത്രവർഗ കലാപം നടക്കുന്ന സമയമായിട്ടുപോലും പെൺകുട്ടി പോയി ഗർഭഛിദ്രം നടത്തി. തിരിച്ചെത്തിയപ്പോൾ യുവാവ് മുങ്ങി. 

ആദ്യമായി ഒന്നിച്ചുകഴിഞ്ഞ പുരുഷനെത്തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഊരുവിലക്കും എന്നതാണു പെൺകുട്ടിയുടെ ഗോത്രത്തിന്റെ രീതി. യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയതോടെ ഗോത്രവും കുടുംബവും പെൺകുട്ടിയെ പുറത്താക്കി. വിവാഹം കഴിച്ച ശേഷം വിവാഹമോചനം നേടിയെത്തിയാൽ മാത്രമേ പെൺകുട്ടിയോടു സംസാരിക്കാൻ പോലും കുടുംബം കൂട്ടാക്കൂ. 

ഇതോടെയാണു വിവാഹമെന്ന ആവശ്യം ഉന്നയിച്ചു പെൺകുട്ടി ഒരുവർഷം മുൻപു തൃശൂരിലെത്തിയത്. ബിഎസ്പി പ്രവർത്തക രശ്മി മോഹനന്റെ സഹായത്തോടെ കയ്പമംഗലം പൊലീസിൽ പരാതി നൽകി. കേസ് പിൻവലിച്ചാൽ വിവാഹം കഴിക്കാമെന്നു യുവാവ് വീണ്ടും വാഗ്ദാനം നൽകി. കേസ് പിൻവലിക്കാൻ യുവതി തയാറായതോടെ യുവാവ് വീണ്ടും നയം മാറ്റി. ഖത്തറിലേക്കു മടങ്ങുകയും ചെയ്തു. ഇതോടെ, ചതിയിൽ മനംനൊന്ത പെൺകുട്ടി പീഡന പരാതിയുമായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

English Summary:

Love, Betrayal, and Fornication; A Nepali woman fought for justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com