കലി പൂണ്ട് പോത്ത് പാഞ്ഞു, പോയവഴിയേ നാട്ടുകാരും; ഒരു പകൽ മുഴുവൻ നാടിനെ വിറപ്പിച്ചു
Mail This Article
ചിങ്ങവനം ∙ ഒരു പകൽ മുഴുവൻ നാടിനെ വിറപ്പിച്ച പോത്തിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പാക്കിൽ ഭാഗത്തുനിന്നാണ് പോത്ത് എത്തിയതെന്നു കരുതുന്നതായി നാട്ടുകാർ. ഇന്നലെ രാവിലെ 6 മുതൽ 38–ാം വാർഡിന്റെ വിവിധ ഭാഗങ്ങളിലൂടെ പോത്ത് വിരണ്ടോടി. ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചു. വഴിയരികിൽ കുട്ടികൾ ഭയന്നോടിയതോടെ നാട്ടുകാർ സംഘടിച്ചു. പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. നാട്ടുകാരിൽ ചിലർ വൈകിട്ട് നാലോടെ പനച്ചിക്കാട് അമ്പാട്ടുപറമ്പിൽ ഭാഗത്ത് പാടശേഖരത്തിൽ സാഹസികമായി പോത്തിനെ പിടികൂടുകയായിരുന്നു.സാബു അമ്പാട്ടുതറ, തമ്പി കാവനാടിൽ എന്നിവരാണ് പാടത്ത് ഇറങ്ങി പോത്തിനെ പിടികൂടിയത്. സാബുവിന്റെ കാലിനു പരുക്കേറ്റു. വൈകിട്ട് വരെയും ഉടമസ്ഥർ എത്താതിരുന്നതോടെ പാടശേഖരത്തിനു കരയിൽ അമ്പാട്ടുപറമ്പിൽ പോത്തിനെ കെട്ടിയിട്ടു.
പുത്തൻപാലം തടിപ്പാലം പുതുവൽ ഭാഗത്ത് രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തി ഒരു കുരങ്ങൻ വിലസുന്നുണ്ട്. പഴയ ടെസിൽ കമ്പനിയുടെ പിറകുവശത്തെ വീടുകളിലും കൃഷിയിടങ്ങളിലുമാണ് കുരങ്ങന്റെ ശല്യം. കടകളിൽനിന്നു ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്നതായി നാട്ടുകാർ പറയുന്നു.അടുക്കളയിൽ കയറി ഭക്ഷണവും കൊണ്ടുപോകുന്നുണ്ട്. വഴിയിലൂടെ പോകുന്ന സ്കൂൾ വിദ്യാർഥികൾക്കും നേരെ കുരങ്ങൻ പാഞ്ഞടുക്കുന്നതു പതിവാണ്. എതിർത്താൽ ആക്രമിക്കുമെന്നു വീട്ടമ്മമാർ പറയുന്നു. കഴിഞ്ഞ മാസം പനച്ചിക്കാടും സമീപ പ്രദേശങ്ങളിലും കുരങ്ങിന്റെ ശല്യം രൂക്ഷമായിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാരാണ് അന്നു കുരങ്ങിനെ തുരത്തിയത്. പക്ഷേ, അതു പനച്ചിക്കാടുനിന്നു ചിങ്ങവനത്തേക്ക് എത്തിയെന്നു മാത്രം.