മുഖംമൂടി, അരമണി, ട്രൗസർ... പുലിയാകാൻ പണി പലത്; വയറുള്ളവർ ഇവിടെ കമോൺ– ചിത്രങ്ങൾ
Mail This Article
തൃശൂർ∙ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശൂരിൽ പുലികൾ വേട്ടയ്ക്കിറങ്ങി. ഏഴു ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലിക്കളിയുടെ ഭാഗമായി രാവിലെ മുതൽ സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. അഞ്ചു മണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നടന്നത്.
ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ട്. അഞ്ഞൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒൻപത് മണിയോടെയാകും പുലിക്കളി അവസാനിക്കുക.
വിയ്യൂർ യുവജനസംഘം, വിയ്യൂർ ദേശം, സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നിവ കൂടിച്ചേരുമ്പോൾ പുലിക്കളി സംഘങ്ങളുടെ എണ്ണം ഏഴാകും. വിയ്യൂർ ദേശങ്ങൾ ബിനി ജംക്‌ഷൻ വഴിയും സീതാറാം മിൽ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കാനാട്ടുകര സംഘങ്ങൾ നടുവിലാൽ വഴിയും സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. കഴിഞ്ഞ തവണത്തെ പോലെ എട്ടടി ഉയരമുള്ള ട്രോഫിയാണു ജേതാവിനു ലഭിക്കുക.
ഒന്നാം സ്ഥാനക്കാർക്ക് 62,500, രണ്ടാം സ്ഥാനക്കാർക്ക് 50,000, മൂന്നാം സ്ഥാനക്കാർക്ക് 43,750 എന്നിങ്ങനെയാണു പുലിക്കളിയുടെ സമ്മാനത്തുക. പുലിക്കൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്കും അച്ചടക്കത്തിനും പ്രത്യേക ട്രോഫികളുണ്ട്. ദേശങ്ങളിൽ ചമയപ്രദർശനവും ആരംഭിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പെൺപുലികളും വരയൻപുലികളും കരിമ്പുലികളും മുതൽ ഫ്ലൂറസന്റ് പുലികൾ വരെ അണിനിരക്കും.
പുലിയാകാൻ പണി പലത്
ചുമ്മാ പുലിവേഷം കെട്ടി തുള്ളിക്കളിക്കുന്നതാണു പുലിക്കളിയെന്നു ധരിക്കരുത്. മാസങ്ങൾ നീണ്ട അധ്വാനവും മുന്നൊരുക്കവും കൂട്ടായ പ്രയത്നവും ഒന്നിക്കുമ്പോഴാണു പുലിക്കളി സംഘങ്ങൾ ചുവടുവയ്പ്പിനു തയാറാകുന്നത്. പുലിക്കളിക്കു പിന്നിലെ ഒരുക്കങ്ങളുടെ ഘട്ടങ്ങൾ ഇങ്ങനെ:
വയറുള്ളവർ ഇവിടെ കമോൺ
പുലിവേഷമണിയാൻ ഒന്നാമത്തെ യോഗ്യത കുടവയർ ആണെന്നതിനാൽ മികച്ച ‘വയർധാരി’കളെ കണ്ടെത്താനുള്ള ശ്രമത്തോടെയാണു പുലിക്കളി ഒരുക്കങ്ങളുടെ തുടക്കം. വയറുണ്ടായാൽ മാത്രം പോരാ, മണിക്കൂറുകൾ പുലിവേഷമണിഞ്ഞു ചുവടു വച്ചു കളിക്കാനുള്ള സ്റ്റാമിന കൂടി വേണം. ഇങ്ങനെയുള്ളവരെ കണ്ടെത്തി ആദ്യമേ ബുക്ക് ചെയ്താൽ പുലിക്കളി ഒരുക്കങ്ങളുടെ പ്രധാന കടമ്പ കടന്നു. കാൽലക്ഷം രൂപയിലേറെ പ്രതിഫലം നൽകിയാണു പലപ്പോഴും പ്രധാന പുലികളെ ബുക്ക് ചെയ്യൽ.
മുഖംമൂടി, അരമണി, ട്രൗസർ
പുലിവേഷമൊരുക്കുന്നതിലെ പ്രധാന അസംസ്കൃത വസ്തുക്കളാണു മുഖംമൂടിയും അരമണിയും പുലിട്രൗസറും. അരമണികൾ നാനൂറോളം വേണ്ടിവരുമെന്നതിനാൽ പാലക്കാട്, മലപ്പുറം ജില്ലാ അതിർത്തികളിലെ ക്ഷേത്രങ്ങളിൽ നിന്നുവരെ ഇവ സംഘടിപ്പിച്ചു വയ്ക്കും. മുഖംമൂടി നിർമാണവും ഒരു കലയാണ്. മുൻപൊക്കെ മാസങ്ങൾക്കു മുൻപേ മുഖംമൂടി നിർമാണം തുടങ്ങിയിരുന്നു. ഇപ്പോൾ പ്ലാസ്റ്റിക് മുഖംമൂടികൾ സുലഭമായതോടെ അധ്വാനം കുറഞ്ഞു. സാറ്റിൻ തുണിയിൽ ഇലാസ്റ്റിക് വള്ളി ചേർത്തു തുന്നിയാണു പുലിട്രൗസർ നിർമാണം. ചിലമ്പും തൊപ്പിയും കൂടി ആകുമ്പോൾ പുലിവേഷം പൂർണം.
ചായക്കൂട്ടും ചമയവും
പുലിക്കളിയുടെ തലേന്നു രാവിലെ പുലിവേഷധാരികളുടെ ചമയത്തിന്റെ ഒന്നാംഘട്ടം തുടങ്ങും. ദേഹത്തെ രോമം വടിച്ചു കളയലാണ് ഒന്നാംഘട്ടം. നിറം പകരുന്ന ശരീര ഭാഗങ്ങളിലൊന്നും രോമമുണ്ടാകില്ല. ഏതുതരം പുലിയെ ആണോ വരയ്ക്കേണ്ടത് അതിനനുസരിച്ചുള്ള നിറങ്ങൾ വിപണിയിൽ ലഭ്യം. ഇവ വാർണിഷ് ചേർത്തു വെണ്ണ പോലെ അരച്ചെടുത്താണു മെയ്യെഴുത്തിനുള്ള ചായം തയാറാക്കുന്നത്. ഇനാമൽ പെയിന്റും ഇക്കൂട്ടത്തിൽ ചേർക്കും. പുള്ളിപ്പുലി, കരിമ്പുലി എന്നിവയെ വരയ്ക്കാൻ സമയം കുറച്ചുമതി. വരയൻപുലിക്കു സമയമേറും. വെള്ളച്ചായം ഉപയോഗിച്ചു പുലിവേഷക്കാരന്റെ നെറ്റിയിൽ കുറിയിട്ടാണു മെയ്യെഴുത്ത് ആരംഭിക്കുക.
മുഴുനീള അധ്വാനം
പുലിവേഷം കെട്ടുന്നവരുടെ ശാരീരിക അധ്വാനവും ക്ഷമയും പലർക്കുമറിയില്ല. പല ഘട്ടങ്ങളായി പുലിവേഷം വരച്ചെടുക്കാൻ തന്നെ മണിക്കൂറുകളെടുക്കും. ഓരോ പാളികളായാണു മെയ്യെഴുത്തു പൂർത്തിയാക്കുക. ചായം ഉണങ്ങുന്നതുവരെ 2 മണിക്കൂറിലേറെ ഒരേ നിൽപു നിൽക്കണം. കൈകൾ ദേഹത്തു തട്ടി ചായം പടരാതിരിക്കാൻ രണ്ടു വടികളിൽ കൈ നാട്ടിവേണം നിൽക്കാൻ. വൈകിട്ടു മൂന്നരയോടെ നല്ല വെയിലത്താകും പുലിക്കളിക്കു പുറപ്പെടൽ. ദേഹത്തെ ചായം കാരണം രോമകൂപങ്ങളെല്ലാം അടഞ്ഞു ദേഹം ചുട്ടുപഴുക്കും. വലിയ വയർ ഇളക്കി ചെണ്ടമേളത്തിനൊപ്പിച്ച് ആടിക്കളിച്ചാലേ കാണികൾക്കു രസിക്കൂ. ക്ഷീണിച്ചു തളർന്നാലും പുലിയാട്ടം നിർത്താനാകില്ലല്ലോ.
അധ്വാനം തുടരും
പുലിക്കളി കഴിഞ്ഞു തളർന്നവശരായി തിരികെ പുലിമടയിലെത്തിയാലും പുലികളുടെ അധ്വാനം തീരില്ല. വെള്ളത്തിൽ കഴുകിയാലൊന്നും ദേഹത്തെ ചായം ഇളകിപ്പോകില്ല. മണ്ണെണ്ണയിൽ ചകിരിയും തുണിയും മുക്കി ഉരച്ചുതേച്ചാണു ചായം ഇളക്കൽ. അൽപനേരം മണ്ണെണ്ണയിൽ നനഞ്ഞിരുന്ന ശേഷം പലവട്ടം വടിച്ചെടുത്താണു ചായം പൂർണമായി നീക്കുക. ഇത്രയും വലിയ ദേഹാധ്വാനത്തിന്റെ ക്ഷീണവും ബുദ്ധിമുട്ടും ചിലർക്കു ദിവസങ്ങളോളം അനുഭവപ്പെടും. പക്ഷേ, അടുത്ത പുലിക്കളിക്കു സമയമാകുമ്പോൾ വീണ്ടും ആവേശം സിരയിലെത്തും. വയർ കുലുക്കി ഇറങ്ങും.
‘പുലിക്കളി സംഘത്തിനുള്ള ധനസഹായം വർധിപ്പിച്ചു’
തൃശൂർ ∙ പുലിക്കളി സംഘത്തിനുള്ള ധനസഹായം വർധിപ്പിച്ചതായി മേയർ എം.കെ.വർഗീസ്. മൊത്തത്തിലുള്ള ചെലവ് 25 ശതമാനം വർധിപ്പിച്ചു. ധനസഹായം രണ്ടരലക്ഷം രൂപയിൽ നിന്ന് 3.12 ലക്ഷം രൂപയാക്കി. ഒന്നരലക്ഷം രൂപ മുൻകൂറായി കൈമാറി. നിശ്ചലദൃശ്യങ്ങൾ കടന്നുപോകുന്ന വഴികളിലെ മരച്ചില്ലകൾ വെട്ടിമാറ്റിയും റോഡ് നവീകരിച്ചും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ചും ഒരുക്കങ്ങൾ പൂർത്തിയാക്കി. പൊതുജനത്തിനു ശുദ്ധജലം, ആരോഗ്യ സഹായം എന്നിവ ക്രമീകരിച്ചു. മെയ്യെഴുത്തു നീക്കം ചെയ്യാൻ ഓരോ സംഘത്തിനും 120 ലീറ്റർ മണ്ണെണ്ണ വീതം കോർപറേഷൻ നൽകിയതായും മേയർ അറിയിച്ചു.
നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ ∙ പുലിക്കളിയുടെ ഭാഗമായി നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. ഉച്ചയ്ക്കു 2 മുതൽ പുലിക്കളി തീരുന്നതു വരെ സ്വരാജ് റൗണ്ടിലേക്കു വാഹനങ്ങൾ കടത്തിവിടില്ല. നഗരഹൃദയത്തിലും പരിസരത്തുമായി ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും മരങ്ങളിലും കയറി പുലിക്കളി കാണുന്നതിനു നിരോധനം ഏർപ്പെടുത്തി. നിർമാണത്തിലിരിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കെട്ടിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.