സുഗത സൂക്ഷ്മവനം ഒരുങ്ങും മുരിങ്ങൂർ സഞ്ജീവനത്തിൽ
Mail This Article
മുരിങ്ങൂർ ∙ പരിസ്ഥിതി സംരക്ഷകയും കവയത്രിയുമായ സുഗതകുമാരിയുടെ നവതിയാഘോഷം ‘സുഗതനവതി’ എന്ന പേരിൽ ഒരു വർഷം നീളുന്ന പരിസ്ഥിതി പരിപാടികളോടെ ആചരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂരിൽ സുഗത സൂക്ഷ്മവനം ഒരുങ്ങും. നവതിയാഘോഷ സമിതിയും പൂമരത്തണൽ പ്രകൃതികുടുംബവുമാണു പദ്ധതി നടപ്പാക്കുന്നത്. വനമിത്ര പുരസ്കാര ജേതാവ് സുരേഷ് വനമിത്രയുടെ നേതൃത്വത്തിലുള്ള മുരിങ്ങൂർ സഞ്ജീവനത്തിലാണു സൂക്ഷ്മവനം ഒരുക്കുന്നത്. വേലൂർ ഗവ.ആർഎസ്ആർവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
പൂമരത്തണൽ കോ ഓർഡിനേറ്റർ സുനിൽ സുരേന്ദ്രനിൽനിന്ന് രക്തചന്ദനത്തൈ ഏറ്റുവാങ്ങി സുരേഷ് വനമിത്ര ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ഡോ.നിഷ ജി.നായർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.സൗമ്യമോൾ, എസ്.ധന്യ, ലീഡർമാരായ അനാമിക, ആൽഫിൻ, ആതിര, സുഷിത പൂമരത്തണൽ എന്നിവർ പ്രസംഗിച്ചു. പൂമരത്തണൽ പ്രകൃതികുടുംബം ഇതിനോടകം വിവിധ വിദ്യാലയങ്ങൾ, വിശിഷ്ട വ്യക്തികളുടെ വീടുകൾ, തിരഞ്ഞെടുക്കപ്പെട്ട മറ്റു പരിസ്ഥിതി സൗഹൃദമേഖലകൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കി. രക്തചന്ദനം, ആര്യവേപ്പ്, അശോകം, നെല്ലി, നീർമരുത്, ഉങ്ങ്, മന്ദാരം, കറ്റാർവാഴ എന്നീ ഔഷധവൃക്ഷ തൈകളാണു നടുന്നത്.