റോഡ് വീതികൂട്ടൽ തുടങ്ങിയില്ല: സുന്ദരിക്കവലയിൽ റോഡ് ഉപരോധ സമരം
Mail This Article
പോട്ട ∙ ദേശീപാതയിൽ സുന്ദരിക്കവലയിലെ സർവീസ് റോഡ് നഗരസഭാധ്യക്ഷൻ എബി ജോർജിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധിച്ചു. അധ്യക്ഷൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സർവീസ് റോഡിന്റെ വീതി കൂട്ടാനുള്ള നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇതിന്റെ ജോലികൾ ഇന്നലെ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ജനപ്രതിനിധികൾ ഉൾപ്പെട്ട വിഷയമായതിനാൽ റോഡ് ഉടൻ വീതികൂട്ടാമെന്നു കലക്ടർ ഉറപ്പു നൽകിയിരുന്നു. വൈദ്യുത ലൈൻ മാറ്റാൻ 2.75 ലക്ഷം രൂപ കെഎസ്ഇബിക്കും പൈപ്പ് ലൈൻ മാറ്റാൻ 3.25 ലക്ഷം രൂപ ജല അതോറിറ്റിക്കും നഗരസഭ ഫണ്ടിൽ നിന്നു നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുടെ റോഡിനായി പണം ചെലവിടുന്നതിലെ സാങ്കേതിക കുരുക്കുകൾ നീക്കി കലക്ടറുടെ പ്രത്യേക ഉത്തരവു നേടിയാണ് നഗരസഭ ഇങ്ങനെ 6 ലക്ഷം രൂപ ചെലവിട്ടത്.
പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചെങ്കിലും കരാറുകാരായ ജിഐപിഎൽ കമ്പനി പണികൾ ആരംഭിച്ചില്ല. കൗൺസിലർമാരായ വത്സൻ ചമ്പക്കര, ജോജി കാട്ടാളൻ, തോമസ് മാളിയേക്കൽ എന്നിവരും നേതൃത്വം നൽകി. ജോണി പുല്ലൻ, ജോയ് കോക്കാടൻ, സാബു കാട്ടാളൻ, ഷാജു മേലേപ്പുറം, ജയപ്രകാശ് നാരായണൻ, ആന്റോ കെനോക്ക്, ബിജോയ് ചാമവളപ്പിൽ, പ്രീത സന്തോഷ്, ചന്ദ്രൻ മേനോത്ത്, ജോർജ് അരിക്കാടൻ, സെബാസ്റ്റ്യൻ താഴേക്കാടൻ എന്നിവർ പ്രസംഗിച്ചു.