വെടിക്കെട്ട് നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ; തീ കൊളുത്തേണ്ട, ഇലക്ട്രിക്കൽ ഇഗ്നിഷൻ മതി
Mail This Article
തൃശൂർ ∙ തിരികത്തിച്ചു വെടിക്കോപ്പിനു തീകൊളുത്തുന്നതിനു പകരം ഇലക്ട്രിക്കൽ ഇഗ്നിഷൻ സംവിധാനം ഏർപ്പെടുത്തണമെന്നതടക്കം വെടിക്കെട്ടു നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾക്കു കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ സമർപ്പിച്ചിരുന്നതായി സൂചന. കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇവയെല്ലാം പൂർണതോതിൽ ഇടംപിടിച്ചിട്ടില്ല. മാഗസിനും (വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടം) ഫയർലൈനും തമ്മിൽ 200 മീറ്റർ അകലമെന്ന വിജ്ഞാപനത്തിലെ നിബന്ധന പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴും ബാക്കി 34 നിബന്ധനകളുടെ കാര്യം എന്താകും എന്നു വ്യക്തമായിട്ടില്ല.പുറ്റിങ്ങൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര കമ്മിഷൻ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെന്ന ആമുഖത്തോടെ സമർപ്പിച്ച റിപ്പോർട്ടിൽ താഴെ പറയുന്ന ശുപാർശകളും ഉൾപ്പെട്ടിരുന്നു. ഇലക്ട്രിക്കൽ ഇഗ്നിഷൻ വഴി വെടിക്കെട്ടിനു തിരികൊളുത്തുകയെന്നതു രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഈ സംവിധാനം നിർബന്ധമായും പ്രയോഗിക്കപ്പെടണം.
∙വെടിക്കെട്ട് നടത്താൻ കരാറെടുത്തവർ (ഫയർവർക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി. ഓപ്പറേറ്റർ) ശിവകാശിയിലെ എഫ്ആർഡിസിയിൽ നിന്നോ കൊച്ചിയിലെ പെസോ ഓഫിസിൽ നിന്നോ ശാസ്ത്രീയ പരിശീലനം നേടണം.
∙പാരമ്പര്യത്തൊഴിലായോ കുടിൽ വ്യവസായമായോ അല്ല വെടിക്കെട്ട് നിർമാണം നടത്തേണ്ടത്. ശാസ്ത്രീയമായ ലൈസൻസ് പ്രക്രിയ നടപ്പിലാക്കണം.
∙വെടിക്കോപ്പുകളുടെ അസംസ്കൃത വസ്തു നിർമാണം, കൂട്ടിയോജിപ്പിക്കൽ, ഉണക്കൽ, പെല്ലറ്റ് നിർമാണം, നിറയ്ക്കൽ, പായ്ക്ക് ചെയ്യൽ എന്നിവയ്ക്കു ശക്തമായ ഭിത്തിയോടു കൂടിയ വ്യത്യസ്ത ഷെഡുകൾ വേണം. ഷെഡുകൾക്കിടയിൽ കൃത്യമായ അകലം പാലിക്കണം.
∙ഫോർമാൻ ലൈസൻസുള്ള ഒരാളുടെ സാന്നിധ്യത്തിലാകണം വെടിക്കോപ്പുകളുടെ നിർമാണം. ചീഫ് കൺട്രോളറുടെ അനുമതി വാങ്ങിയ ശേഷമേ വെടിക്കെട്ട് നടത്താവൂ.
∙15 കിലോഗ്രാം വരെയുള്ള വെടിക്കെട്ടിനു കലക്ടർക്ക് അനുമതി കൊടുക്കാവുന്ന രീതി മാറ്റണം. 100 കിലോ വരെയുള്ള വെടിക്കെട്ടിനു പെസോയാണ് അനുമതി നൽകേണ്ടത്.
∙സൾഫറും പൊട്ടാസ്യം ക്ലോറേറ്റും പോലുള്ള രാസവസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും ലൈസൻസ് നിർബന്ധമാക്കണം. ഇവ വിപണിയിൽ യഥേഷ്ടം ലഭിക്കുന്ന സാഹചര്യം തടയണം. ∙മുകളിലേക്കുയർന്നു പൊട്ടുന്ന വെടിക്കോപ്പുകളുടെ വലിപ്പത്തിനു നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ട്. ദുരന്തങ്ങൾക്കു പ്രധാന കാരണമിതാണ്. വലിപ്പ നിയന്ത്രണം നടപ്പാക്കണം. ∙അമിട്ടുകളുടെ തിരികൾക്കു മുകളിൽ സേഫ്റ്റി ക്യാപ് നിർബന്ധമായും ഘടിപ്പിക്കണം. ഇതു ഫ്യൂസിന്റെ നിറത്തിൽ നിന്നു വേറിട്ടതാകണം.
∙വെടിക്കോപ്പുകൾക്കു മേലെ ‘അപായം’ സ്റ്റിക്കർ പതിക്കണം.
∙വെടിക്കോപ്പ് സൂക്ഷിക്കുന്ന മാഗസിനു പ്രത്യേക ലൈസൻസ് നിർബന്ധം. മാഗസിനും ഫയർലൈനും തമ്മിലെ അകല നിയന്ത്രണം കർശനമായി പാലിക്കണം.
∙അപകടമുണ്ടായാൽ നേരിടാൻ ഓൺസൈറ്റ് എമർജൻസി പ്ലാൻ തയാറാക്കി ലൈസൻസി സമർപ്പിക്കണം. രക്ഷാപ്രവർത്തനത്തിനുള്ള ഓഫ്സൈറ്റ് പ്ലാൻ ജില്ലാ മജിസ്ട്രേട്ട് തയാറാക്കണം.
∙വെടിക്കോപ്പുകളിൽ നിരോധിത വസ്തുക്കളുണ്ടോ എന്നു പരിശോധിക്കാൻ സാംപിളെടുത്തു കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്ക് അയയ്ക്കണം. ∙നിയമം അനുശാസിക്കുന്ന അകലത്തിൽ താൽക്കാലിക ബാരിക്കേഡ് കെട്ടി കാഴ്ചക്കാരെ അകറ്റി നിർത്തണം.
∙വെടിക്കോപ്പ് നിർമാണ സ്ഥലത്ത് അംഗീകൃത ആളുകൾ മാത്രമേ ഉണ്ടാകാവൂ. വാഹനത്തിൽ കയറ്റുന്നവർ, ഇറക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവരെല്ലാം സുരക്ഷാ യൂണിഫോം ധരിക്കണം.
∙മാഗസിന്റെ 20 മീറ്റർ ചുറ്റളവിൽ വെടിക്കോപ്പുകൾ കൂട്ടിയോജിപ്പിക്കാനോ അഴിച്ചു പണിയാനോ പാടില്ല. അനുമതി വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ലൈസൻസിങ് അതോറിറ്റി നേരിട്ടു പരിശോധിക്കണം.
∙വെടിക്കെട്ടിനു 4 ദിവസം മുൻപു തന്നെ വെടിക്കോപ്പുകൾ മാഗസിനിലെത്തിച്ചു സംഭരിച്ചു വയ്ക്കണം.
∙വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്റെ രൂപരേഖ 3 മാസം മുൻപു ജില്ലാ മജിസ്ട്രേട്നു സമർപ്പിക്കണം. 100 മീറ്റർ ചുറ്റളവിലെ മുഴുവൻ കാര്യങ്ങളും രൂപരേഖയിലുണ്ടാകണം.
∙വെടിക്കോപ്പുകൾ മുഴുവനായി കുഴലുകളിൽ ലോഡ് ചെയ്തതിനു ശേഷമേ പൊട്ടിച്ചു തുടങ്ങാവൂ. ചൂടും തീപ്പൊരിയും ഉണ്ടാകാനിടയുള്ള കുഴലുകളിൽ ഇടയ്ക്കിടെ റീലോഡ് ചെയ്യുന്നത് ഒഴിവാക്കണം.
∙അപകടകരമായ ഏതു സാഹചര്യമുണ്ടെന്നു ജില്ലാ മജിസ്ട്രേട്ടിനു തോന്നിയാലും വെടിക്കെട്ട് നിർത്തിവയ്പ്പിക്കാവുന്നതാണ്. ആൾക്കൂട്ട നിയന്ത്രണത്തിൽ പാളിച്ച ഉണ്ടായാൽ പോലും വെടിക്കെട്ട് നിർത്തിവയ്പ്പിക്കാം