ഏറാക്കലിൽ വീണ്ടും പൈപ്പ് പൊട്ടി; പത്ത് പഞ്ചായത്തിൽ ശുദ്ധജലം മുടങ്ങി
Mail This Article
കയ്പമംഗലം ∙ എടത്തിരുത്തി ഏറാക്കലിൽ വീണ്ടും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി. തീരദേശത്തെ പത്ത് പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങി. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം,നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം. പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ ശൃംഖലയിലെ പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയിട്ടുളത്. ഏറാക്കൽ റോഡിലെ 700 എംഎം പൈപ്പാണ ്പൊട്ടിയത് . പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ കുളമായി.
മറ്റൊരിടത്ത് ചോർച്ച അടയ്ക്കുന്നതിനായി ഇന്നലെ പമ്പിങ് നിർത്തിവച്ച് പണി പൂർത്തിയാക്കിയ ശേഷം രാത്രി പത്ത് മണിയോടെ പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ ഏറാക്കലിൽ പൈപ്പ് പൊട്ടിയത്. വൻ തോതിൽ വെള്ളം ചോരുന്നതിനാൽ പമ്പിങ് വീണ്ടും നിർത്തിവച്ചിരിക്കുകയാണ്. അടിക്കടി പൈപ്പ് പൊട്ടി ശുദ്ധജലം മുടങ്ങുന്നത് മൂലം തീരദേശത്തെ ജനം വലഞ്ഞിരിക്കുകയാണ് .
ഏറാക്കൽ റോഡിലാണ് നിരന്തരം പൈപ്പ് പൊട്ടുന്നത്. ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലും പൈപ്പ് പൊട്ടൽ പതിവാണ് . ഇന്നു പുതിയ പൈപ്പ് എത്തിച്ച ശേഷം പണി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മേഖലയിൽ ശുദ്ധജലം വിതരണം എത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. ഇതു വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.