മുട്ടിക്കൽച്ചിറപാലം അപകടാവസ്ഥയിൽ; നിർമാണം വൈകുന്നതിൽ പ്രതിഷേധം; പണി തീരുമോ, പണി കിട്ടുമോ
Mail This Article
എരുമപ്പെട്ടി∙ പഞ്ചായത്തിലെ ആറ്റത്ര മുട്ടിക്കൽ ചിറ പാലത്തിന്റെ നിർമാണം വൈകുന്നതിൽ നാട്ടുകാർക്കു പ്രതിഷേധം. ആറ്റത്ര, കോട്ടപ്പുറം, കുമ്പളങ്ങാട് എന്നീ പ്രദേശങ്ങളിൽ നിന്ന് വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാന പാതയിലേക്ക് എളുപ്പത്തിലെത്താനുള്ള മാർഗമാണ് മുട്ടിക്കൽ ചിറ പാലം. ഗതാഗതക്കുരുക്കില്‍പ്പെടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനും ഇത് എളുപ്പ വഴിയാണ്. വർഷങ്ങളായി പാലം തകർന്ന് അപകടാവസ്ഥയിലാണ്. 2019ൽ കിഫ്ബിയുടെ സഹായത്തോടെ സർക്കാർ പദ്ധതി തയാറാക്കിയിരുന്നു.
മുട്ടിക്കൽ ചിറയിൽ റഗുലേറ്റർ കം ബ്രിജ് നിർമിക്കാൻ തീരുമാനിച്ച് 7കോടി രൂപ ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ നിലവിലെ പദ്ധതിയനുസരിച്ച് പ്രദേശത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് കിഫ്ബിയുടെ കണ്ടെത്തൽ. ഇത് മേഖലയിലെ കർഷകരെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. പുഴ നവീകരണം വൈകുമ്പോൾ റഗുലേറ്റർ കം ബ്രിജിന്റെ പേരിൽ പദ്ധതിയിൽ മാറ്റം വരുത്തരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സജി ആറ്റത്ര അധികൃതർക്കു നിവേദനം നൽകി.