ദേശീയപാതയിലെ അടിപ്പാതയുടെ ഉയരം അരമീറ്റർ കുറയ്ക്കും; ചിറങ്ങരക്കാർക്ക് ‘പണി’
Mail This Article
ചിറങ്ങര ∙ ദേശീയപാതയിൽ നിർമാണം ആരംഭിച്ച അടിപ്പാത, ആദ്യം പ്രഖ്യാപിച്ചതിലും അര മീറ്റർ ഉയരക്കുറവോടെ നിർമിക്കുമെന്ന അറിയിപ്പ് എത്തിയതോടെ പ്രതിഷേധം ശക്തം. അഞ്ചര മീറ്റർ ഉയരത്തിൽ നിർമിക്കുമെന്നറിയിച്ച അടിപ്പാതയുടെ ഉയരം 5 മീറ്റർ മാത്രമായിരിക്കുമെന്നാണ് ഇപ്പോൾ ദേശീയപാത അധികൃതരും കരാറുകാരും പറയുന്നത്. ആദ്യ പ്രഖ്യാപനത്തേക്കാൾ ഉയരം കുറഞ്ഞാൽ വലിയ വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ യാത്ര അസാധ്യമാകുമെന്നതാണു പ്രതിഷേധത്തിനു കാരണം. ഇവിടെ മേൽപാലം നിർമിക്കണമെന്ന ആവശ്യം മറികടന്നു നിർമാണം ആരംഭിച്ച അടിപ്പാതയുടെ ഉയരം കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു നിർമാണം തടയാനുള്ള തയാറെടുപ്പിലാണു നാട്ടുകാർ. അടിപ്പാതയുടെ മുകളിലെ സ്ലാബ് ചെരിഞ്ഞായിരിക്കുമെന്നും സൂചനയുണ്ട്. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പതിവായതോടെയാണു ചിറങ്ങര ദേശീയപാതയിൽ അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്. ഒരു മാസം മുൻപു ദേശീയപാതയുടെ ഒരു ഭാഗം അടച്ചു കെട്ടി നിർമാണം ആരംഭിക്കുകയും ചെയ്തു. അടിപ്പാതയുടെ സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നിലവിൽ നടത്തുന്നത്.
അടിപ്പാത നിർമാണ സ്ഥലത്തിനോടു തൊട്ടു ചേർന്നാണു നിർമാണം പൂർത്തിയാക്കിയ റെയിൽവേ മേൽപാലത്തിന്റെ അനുബന്ധ റോഡ് സന്ധിക്കുന്നത്. അടിപ്പാതയുടെ വീതിയുടെയും ഉയരത്തിന്റെയും കുറവും ബെൽ മൗത്ത് ഇല്ലാത്തതും ഇവിടെ വലിയ ഗതാഗത കുരുക്കിനു വഴിയൊരുക്കും. റെയിൽവേ മേൽപാലത്തിലേക്കു കിഴക്കു ഭാഗത്തു നിന്നു കയറുന്നതു ദേശീയപാതയിലെ നിർദിഷ്ട അടിപ്പാതയ്ക്കു സമീപത്തു നിന്നാണ്. റെയിൽവേ മേൽപാലത്തിന്റെ സാന്നിധ്യം കൂടി പരിഗണിച്ചാണു അടിപ്പാതയുടെ അനുബന്ധ റോഡ് ഡിസൈൻ ചെയ്തത്. സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നം.
കൊരട്ടിയിലെ മേൽപാലവും അനുബന്ധ റോഡും അടക്കം നീളം 1.6 കിലോമീറ്ററും ചിറങ്ങര അടിപ്പാതയും അനുബന്ധ റോഡും അടക്കം നീളം 1.2 കിലോമീറ്ററും ആയിരിക്കുമെന്നാണു ദേശീയപാത അതോറിറ്റി നേരത്തേ പത്രപ്പരസ്യം വഴി അറിയിച്ചിരുന്നത്. ചിറങ്ങരയിൽ ഇത് 740 മീറ്ററായി കുറച്ചതായുള്ള അറിയിപ്പാണു ലഭിച്ചത്. കൊരട്ടിയിൽ നിന്നു ചിറങ്ങരയിലേയ്ക്ക് എത്തുന്ന ഭാഗത്തു 300 മീറ്ററും ചിറങ്ങരയിൽ നിന്ന് അങ്കമാലിക്ക് പോകുന്ന ഭാഗത്ത് 440 മീറ്റർ ദൂരവുമാണ് അടിപ്പാതയ്ക്കും അനുബന്ധ റോഡിനുമുള്ളത്. ചിറങ്ങരയിൽ നിന്നു കൊരട്ടി ഭാഗത്തേയ്ക്കു പോകുമ്പോൾ ആദ്യത്തെ ജംക്‌ഷനായ പെരുമ്പിയിലെ വാഹനാപകട ഭീഷണി വർധിപ്പിക്കാനും അടിപ്പാതയുടെ ഉയരക്കുറവും അനുബന്ധ റോഡിന്റെ നീളക്കുറവും ചരിവിന്റെ വ്യത്യാസവും വഴിയൊരുക്കും.
റെയിൽവേ മേൽപാലവും ദേശീയപാതയിലെ അടിപ്പാതയും ഭാവിയിൽ വലിയ ഗതാഗത പ്രശ്‌നങ്ങൾക്കു കാരണമാകാനുള്ള സാധ്യത കണക്കിലെടുത്ത് നിർമാണം കൂടുതൽ നടത്തും മുൻപേ വിദഗ്ധ പരിശോധന നടത്തി പരിഹാരം കാണണമെന്നാണു ആവശ്യമുയർന്നിട്ടുള്ളത്. മധ്യകേരളത്തിലെ ശബരിമല ഇടത്താവളം, തിരുമുടിക്കുന്നിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രം, കൊരട്ടി മുത്തിയുടെ ദേവാലയത്തിലേക്കുള്ള സമാന്തര റോഡ് അടക്കമുള്ള കാര്യങ്ങളും വികസന സാധ്യതകളും പരിഗണിക്കാതെ നിർമാണം പൂർത്തിയാക്കിയാൽ ഭാവിയിൽ ഇതു പരിഹരിക്കാനായി വലിയ വില കൊടുക്കേണ്ടി വരുമെന്നാണു ജനങ്ങളുടെ മുന്നറിയിപ്പ്.