ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി യുക്രെയ്‌ൻ–റഷ്യ യുദ്ധഭൂമിയിൽ അകപ്പെട്ട ബന്ധുക്കളായ 2 മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടിലേക്ക് സന്ദേശം ലഭിച്ചു. കുറാഞ്ചേരി തെക്കേമുറിയിൽ കുര്യന്റെയും ജെസിയുടെയും മകൻ ജെയ്ൻ (27), സഹോദരി ജോയ്‌സിയുടെ ഭർത്താവ് ബിനിൽ (32) എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ റഷ്യ, യുക്രെയ്ൻ അതിർത്തിയിൽ അകപ്പെട്ടിട്ടുള്ളത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. നിർബന്ധപൂർവം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നതായാണു ജെയ്ൻ അവസാനമായി അമ്മയെ വിളിച്ച് അറിയിച്ചത്. മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപെടുകയായിരുന്നു ഇരുവരും.

അകന്ന ബന്ധു വഴിയാണ് കഴിഞ്ഞ ഏപ്രിൽ 4ന് രണ്ടുപേരും റഷ്യയിൽ എത്തിയത്. പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാക്കളെ യാത്രയ്ക്ക് സന്നദ്ധരാക്കിയത്. വീസയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് ഇരുവരും അറിയുന്നത്. ഇതിനകം 1.40 ലക്ഷം രൂപ വീതം ഇരുവരും വീസക്കായി നൽകി കഴിഞ്ഞിരുന്നു. 40,000 രൂപ വീതം വിമാന ടിക്കറ്റിനും കൊടുക്കേണ്ടി വന്നു. വീസയ്ക്ക് നൽകിയതിൽ ഒരു ലക്ഷം രൂപ വീതം ഇരുവർക്കും റഷ്യയിൽ എത്തിയപ്പോൾ തിരിച്ച് നൽകി.

കൂലിപ്പട്ടാളത്തിൽ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയിൽ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിർമിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം അമ്മ ജെസിയുമായി സംസാരിച്ചപ്പോൾ ജെയ്ൻ പറഞ്ഞത്. തുടർന്ന് വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. ബിനിൽ നാല് മാസം പ്രായമുള്ള മകനെ കണ്ടിട്ടില്ല. മകനെ നന്നായി നോക്കണമെന്ന് പറഞ്ഞാണ് ഭാര്യ ജോയ്സിയുമായുള്ള  ഫോൺ സംഭാഷണം ബിനിൽ അവസാനിപ്പിച്ചത്. കൊച്ചിയിൽ മെക്കാനിക്കായാണു ജെയ്ൻ ജോലി ചെയ്തിരുന്നത്.

ബിനിൽ ഇലക്ട്രിഷ്യനാണ്. ഒമാനിൽ ആയിരുന്നു ജോലി. ശമ്പളം മുടങ്ങാൻ തുടങ്ങിയതോടെ 4 മാസം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2 പേരെയും ഇലക്ട്രിഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്. ഇരുവരും അപകടത്തിലാണെന്ന സന്ദേശം ലഭിച്ചതു മുതൽ ബന്ധുക്കൾ നോർക്ക വഴിയും ഇന്ത്യൻ എംബസി വഴിയും യുവാക്കളെ നാട്ടിലെത്തിക്കാൻ ഓഗസ്റ്റ് മുതൽ ശ്രമം തുടരുകയാണ്. മന്ത്രിമാർക്കും എംപിമാർ ഉൾപ്പെടെയുള്ള  ജനപ്രതിനിധികൾക്കും അപേക്ഷകൾ നൽകി. പ്രതീക്ഷ നൽകുന്ന ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

English Summary:

Trapped in the crossfire, two young Keralite relatives serving in the Russian mercenary force in the Ukraine war zone are desperately seeking a way to return home. Jain and Binil, both from Kuranchery Thekkemuri, have sent desperate messages to their families expressing their fear and desire to escape the conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com