വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ എതിരാളി ആരാകും? എൽഡിഎഫിലും എൻഡിഎയിലും ചർച്ചകൾ സജീവം
Mail This Article
കൽപറ്റ ∙ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമ്പോൾ എതിരാളിയാരാകണമെന്നതിൽ എൽഡിഎഫിലും എൻഡിഎയിലും അനൗദ്യോഗിക ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ സഖ്യമെന്ന നിലയിൽ ഇന്ത്യാമുന്നണി ശക്തമായ രാഷ്ട്രീയപോരാട്ടത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയനേതാവിനെ ഇറക്കാൻ ഇടതുപക്ഷം തയാറാകില്ലെന്നാണു വിലയിരുത്തൽ.
വയനാട്ടിൽ വീണ്ടും മത്സരിക്കുന്നതിനോട് ആനിരാജയ്ക്കു താൽപര്യക്കുറവുണ്ടെന്നാണു സിപിഐ നേതാക്കൾ നൽകുന്ന സൂചന. എന്നാൽ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ കൂടി നടക്കുന്നതു പരിഗണിക്കുമ്പോൾ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന സ്ഥാനാർഥിയെത്തന്നെ വയനാട്ടിൽ നിർത്തുമെന്ന അഭ്യൂഹവും ശക്തം.
2019ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന പി.പി. സുനീർ രാജ്യസഭാംഗമായി. 2014ലെ തിരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസിനോട് ശക്തമായി പൊരുതി 3,56,165 വോട്ടുകൾ നേടിയ സത്യൻ മൊകേരിയാണു പരിഗണിക്കാനിടയുള്ള മറ്റൊരു പേര്. ആനി രാജയ്ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്ന അപരാജിത രാജയെ സ്ഥാനാർഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്നവരും പാർട്ടിയിലുണ്ട്. പ്രിയങ്ക ഗാന്ധിക്കെതിരെ 'പാൻ ഇന്ത്യൻ' ഇമേജുള്ള വനിതാ സ്ഥാനാർഥിയെന്ന ഘടകം അപരാജിതയ്ക്ക് അനുകൂലമാകുമെന്ന് ഇക്കൂട്ടർ പറയുന്നു.
ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു അടക്കമുള്ള നേതാക്കളുടെ പേരും പ്രാഥമിക ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. മണ്ഡലത്തിനു പുറത്തുനിന്നാരും മത്സരിക്കുന്നില്ലെങ്കിൽ തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം വയനാട്ടിലെ ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
പ്രിയങ്ക ഗാന്ധിക്കെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രമെന്തായിരിക്കണമെന്നതിൽ എൻഡിഎയിൽ പല അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കരുത്തുള്ള ദേശീയനേതാവിനെത്തന്നെ കളത്തിലിറക്കുകയാണു വേണ്ടതെന്ന നിലപാടിനാണു മേൽക്കൈ. എന്നാൽ, അപക്വമായ തീരുമാനത്തെത്തുടർന്ന് വയനാട്ടിൽ രാഹുൽ ഗാന്ധി ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപിച്ചതാണെന്നും അപ്രധാനിയായ സ്ഥാനാർഥിയെ നിർത്തി പ്രിയങ്കയെ അവഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുകയാണു വേണ്ടതെന്നും മറ്റൊരു കൂട്ടർ പറയുന്നു. ഗോത്രവിഭാഗത്തിൽപെട്ട വനിതകളെയാരെയെങ്കിലും രംഗത്തിറക്കാനും സാധ്യതയുണ്ട്.
വയനാട്ടിൽ എൻഡിഎയുടെ വോട്ടുവിഹിതം ഉയർത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർഥിയാകണമെന്നും അഭിപ്രായമുയരുന്നു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് എൻഡിഎ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ അവിടത്തെ സ്ഥാനാർഥി നിർണയത്തെക്കൂടി ആശ്രയിച്ചിരിക്കും വയനാട്ടിലെ തീരുമാനം.
പ്രിയങ്കയെത്തും; വയനാട്ടിൽ ക്യാംപ് ചെയ്തു പ്രചാരണം
രണ്ടു തവണ വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായപ്പോഴും പ്രചാരണരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം കുറവായിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ സാഹചര്യം വ്യത്യസ്തമാകും. പ്രചാരണരംഗത്ത് പ്രിയങ്ക ഗാന്ധി ഏറെ സമയം വയനാട്ടിൽ ചെലവഴിക്കാനാണു സാധ്യത. മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനുമെത്തേണ്ടതിനാൽ വയനാട്ടിൽ ക്യാംപ് ചെയ്തുള്ള വോട്ടഭ്യർഥന രാഹുൽ ഗാന്ധിക്കു പ്രായോഗികമായിരുന്നില്ല.
രാഹുലിന്റെ നേരിട്ടുള്ള പ്രചാരണം, നാമനിർദേശ പത്രിക സമർപ്പണദിവസവും പിന്നീട് നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ നടന്ന റോഡ് ഷോകളിലുമൊതുങ്ങി. എന്നാൽ, ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്കു വയനാട്ടിൽ കൂടുതൽ ദിവസങ്ങൾ മാറ്റിവയ്ക്കാനുണ്ടാകും.പരമാവധി വോട്ടർമാരെ നേരിൽക്കാണാനുമാകും. സ്ഥാനാർഥി നേരിട്ട് അടിത്തട്ടിലിറങ്ങിയുള്ള പ്രചാരണം ഭൂരിപക്ഷം വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനും കൂടുതലായി എത്താനുള്ള അവസരമാണ് പ്രിയങ്ക ഗാന്ധിക്കു വയനാട്ടിലെ സ്ഥാനാർഥിത്വം തുറന്നിടുന്നത്.