ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം വയനാടിന്റെ സാമ്പത്തിക മേഖലയ്ക്കാകെയും ടൂറിസം–വ്യാപാര മേഖലയിൽ വിശേഷിച്ചും സൃഷ്ടിക്കുന്നതു കോടികളുടെ പ്രതിസന്ധി. മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെയും 5,000 ജനങ്ങളെയും ബാധിച്ച ദുരന്തം ‘വയനാട് ഉരുൾപൊട്ടൽ’ എന്ന നിലയിൽ നടക്കുന്ന പ്രചാരണമാണു ജില്ലയുടെയാകെ സാമ്പത്തിക വ്യവഹാരങ്ങളുടെ നട്ടെല്ലൊടിക്കുന്നത്. ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ടു തുടങ്ങിയെങ്കിലും ഇതരസംസ്ഥാനത്തുനിന്നോ മറ്റു ജില്ലകളിൽനിന്നോ സഞ്ചാരികൾ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. നിർമാണ മേഖലയും ഹോട്ടൽ – റസ്റ്ററന്റ് രംഗവും സാമ്പത്തിക മരവിപ്പിലാണ്. മുണ്ടക്കൈ–ചൂരൽമല പുനരധിവാസം സമയബന്ധിതമായും പരാതികൾക്ക് ഇടയില്ലാതെയും നടത്തുന്നതിനു മുൻഗണന കൊടുക്കുകയും മറ്റു മേഖലകളെ പ്രതിസന്ധിയിലേക്കു തള്ളിവിടാതിരിക്കുകയുമാണു സർക്കാരിന്റെ മുന്നിലുള്ള കടമ്പ. 

തുറക്കണം മറ്റു കേന്ദ്രങ്ങളും 
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണു ഡിടിപിസിയുടെ കീഴിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചത്. ഡിടിപിസിയുടെ കീഴിലെ പൂക്കോട് തടാകം, കറലാട് തടാകം, ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയം, പുൽപള്ളിയില പഴശ്ശി ലാൻഡ്സ്കേപ് മ്യൂസിയം, കാരാപ്പുഴ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞദിവസം തുറക്കുകയും ചെയ്തു. കെഎസ്ഇബിക്കു കീഴിലുള്ള ബാണാസുര സാഗർ ഡാം വിനോദസഞ്ചാര കേന്ദ്രവും തുറന്നു.

ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വിസിറ്റ് വയനാട് എന്ന ഹാഷ് ടാഗിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എങ്കിലും സഞ്ചാരികളുടെ തിരക്കു കുറവാണ്. മറ്റു കേന്ദ്രങ്ങൾ കൂടി തുറക്കാൻ അനുമതി ലഭിച്ചാലേ ടൂറിസം പൂർണമായി അതിജീവനപാതയിൽ എത്തുകയുള്ളൂവെന്ന് ടൂറിസം മേഖലയിലെ സംരംഭകർ പറയുന്നു. സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും വൈകാതെ തുറക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. 

പ്രഥമ പരിഗണന അതിജീവനത്തിന് 
ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഒട്ടേറെ ബുക്കിങ് റദ്ദായി. ഈ മാസം ഒരു ബുക്കിങ്ങുമില്ലാത്ത റിസോർട്ടുകളാണ് ഏറെയും.  ഫെബ്രുവരി വരെ നീളുന്ന സീസണിന്റെ തുടക്കത്തിലാണു ദുരന്തമുണ്ടായത്. ഓഗസ്റ്റ് 15നോട് അനുബന്ധിച്ച അവധിയിലും ബുക്കിങ്ങുകൾ റദ്ദായി. റിസോർട്ടുകളിലെ ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ നാട്ടിലേക്ക് അയച്ച ഉടമകളേറെ. ടൂറിസം കേന്ദ്രങ്ങളോട് അനുബന്ധിച്ച് ജോലി ചെയ്തിരുന്ന ഓട്ടോ–ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ, ചെറുകിട കച്ചവടക്കാർ, തട്ടുകടക്കാർ, ഹോട്ടൽ നടത്തിപ്പുകാർ എന്നിവരും വരുമാനമില്ലാത്ത അവസ്ഥയിലായി.

നേരത്തെ, വന്യജീവി ശല്യത്തെത്തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയിരുന്നു. പിന്നാലെ കാലവർഷക്കെടുതിയും എത്തിയതോടെ വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ പൂർണമായും നിശ്ചലമായി. അടച്ച ടൂറിസം കേന്ദ്രങ്ങളെല്ലാം തുറക്കുകയും വയനാടാകെ ഒലിച്ചുപോയിട്ടില്ലെന്ന തരത്തിൽ സർക്കാർ വ്യാപക പ്രചാരണം നടത്തി കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുകയും െചയ്താലേ ഉരുൾപൊട്ടൽ ദുരന്തം പൂർണമായി അതിജീവിക്കാൻ ജില്ലയ്ക്കാകൂ. 

സേഫ് വയനാട് ക്യാംപെയ്ൻ വേണം 
കോവിഡ്– പ്രളയകാലങ്ങളിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ സേഫ് വയനാട് ക്യാംപെയ്നുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിരുന്നു. ഈ ക്യാംപെയ്ന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വയനാട് സുരക്ഷിതമാണെന്നു വ്യാപകമായി പ്രചാരണം നടത്തിയാണു സഞ്ചാരികളെ വീണ്ടും എത്തിച്ചത്. ചെറു വിഡിയോകളുടെയും സന്ദേശങ്ങളുടെയും സഹായത്തോടെയും സെലിബ്രിറ്റികളുടെ സഹകരണത്തോടെയും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടന്നു.ആ ക്യാംപെയ്ൻ തുടർന്നും നടപ്പാക്കണമെന്നാണ് ആവശ്യം. വ്യാപാര മേഖലയാകെ വലിയ പ്രതിസന്ധിയിലൂടെയാണുപോകുന്നത്. ദുരന്തമേഖലയിൽ മാത്രം 25 കോടി രൂപയുടെ നഷ്ടമുണ്ടായി.ദുരന്തപശ്ചാത്തലത്തിൽ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരക്കു കുറഞ്ഞതോടെ കച്ചവടം പ്രതിസന്ധിയിലായി. ഇടത്തരം കച്ചവടക്കാരുടെ വായ്പാ തിരിച്ചടവടക്കം മുടങ്ങി. 

വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 25 കോടി രൂപയുടെ നാശനഷ്ടങ്ങൾ
കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 25 കോടി രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സർവേയിൽ ബോധ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മ‌ാൻ എന്നിവർ അറിയിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടലിൽ തകർന്നത് 78 വ്യാപാര സ്ഥാപനങ്ങളാണ്. ചിലതു പൂർണമായും ചിലത് ഭാഗികമായും തകർന്ന നിലയിലാണ്. പല കടകളിലെയും സാധനങ്ങൾ നാമാവശേഷമായി. ടൗണിലെ മണ്ണും ചെളിയും വ്യാപാരികളും സന്നദ്ധ പ്രവർത്തകരും നീക്കുകയാണ്. 

ഇതു പൂർത്തിയാകുന്ന മുറയ്ക്കു ചൂരൽമല ടൗണിന്റെ ഒരു ഭാഗം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ വ്യാപാരികളുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണം. വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വയനാടിന്റെ മറ്റു മേഖലകളിലെ സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്. വയനാട് തകർന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും നടക്കുന്നതെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ കടിഞ്ഞാടിണമെന്നും ഇവർ ആവശ്യപ്പെട്ടു.

English Summary:

Wayanad Landslide: Tourism and Trade Devastated, Recovery Efforts Underway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com