ADVERTISEMENT

കേരളത്തെയാകെ ഉലച്ചുകളഞ്ഞ മുണ്ടക്കൈ–ചൂരൽമല ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം. സമാനതകളില്ലാത്ത അതിജീവനത്തിന്റെ മഹത്തായൊരു മാതൃകയാണു കേരളം കണ്ടത്. അതിജീവനത്തിലെ ചില പ്രധാന ചുവടുവയ്പുകളിലൂടെ ഒരു യാത്ര...

കൈകോർത്തിറങ്ങി രക്ഷാപ്രവർത്തനം
ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനത്തിനായി നാടൊന്നായി കൈകോർത്തു. നാട്ടുകാർക്കും ജനപ്രതിനിധികൾക്കും യുവജന–സന്നദ്ധ സംഘടനാ പ്രവർത്തകർക്കുമൊപ്പം സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും രംഗത്തിറങ്ങി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകളും മതസാമുദായിക സാംസ്കാരിക രംഗങ്ങളിലെ സന്നദ്ധസംഘടനകളും ഒരു കള്ളിയിലും ഒതുക്കാൻ പറ്റാത്ത യുവാക്കളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലും തിരച്ചിലിലും ഒടുവിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളായി. ക്യാംപുകളിൽ സന്നദ്ധസേവനത്തിനിറങ്ങിയവരും ഏറെയായിരുന്നു.

രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകാനും നാടൊന്നിച്ചു. ക്യാംപുകളിലേക്കുള്ള അവശ്യവസ്തുക്കൾ നിറഞ്ഞ് ഗോഡൗണുകളിൽ സ്ഥലമില്ലാത്ത സ്ഥിതി പോലുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർക്കു പുറമേ കേന്ദ്രമന്ത്രിമാർ, എംപിമാർ, മന്ത്രിമാർ, എംഎൽഎമാർ വിവിധ പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി, എം.വി.ഗോവിന്ദൻ, കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ജോസ് കെ.മാണി, കെ.സുരേന്ദ്രൻ തുടങ്ങിയവരും ദുരന്തഭൂമിയിൽ സന്ദർശനത്തിനെത്തി. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് കേന്ദ്രസർക്കാർ ദുരന്തഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല നൽകിയത്. 

വിജയകരം താൽക്കാലിക പുനരധിവാസം 
സമീപപ്രദേശങ്ങളിലെ സ്കൂളുകളിലാണ് ദുരിതബാധിതർക്കുള്ള ക്യാംപുകൾ പ്രവർത്തിച്ചിരുന്നത്. ലക്ഷ്യമിട്ടതിന് ഒരാഴ്ച മുൻപുതന്നെ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞു. ഇതിനോടകം പുനരധിവസിപ്പിച്ചത് 794 കുടുംബങ്ങളെ. സർക്കാർ ഏർപ്പെടുത്തിയ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലുമാണ് അധികമാളുകളും കഴിയുന്നത്. ബന്ധുവീടുകളിലും സ്പോൺസർമാർ നൽകിയ വാടകവീടുകളിൽ താമസിക്കുന്നവരുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ അക്ഷീണപ്രയത്നമുണ്ടായി. 

കൈമാറിയത്  7.85 കോടി രൂപ 
കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ടുപേർക്ക് പ്രതിമാസം ആകെ 18000 രൂപ  സർക്കാർ നൽകും. പ്രതിമാസ വാടക ഇനത്തിൽ ഓരോ കുടുംബത്തിനും 6000 രൂപ. ദുരന്തബാധിതർക്ക് ഒരുമാസത്തിനിടെ സർക്കാർ കൈമാറിയത് 7.85 കോടി രൂപ. അടിയന്തര ധനസഹായമായി 822 കുടുംബങ്ങൾക്ക് 82.20 ലക്ഷം രൂപ നൽകി. സംസ്കാരച്ചെലവുകൾക്കായി 173 കുടുംബങ്ങൾക്കു നൽകിയത് 1,73,000 രൂപ. 21.80 ലക്ഷം രൂപ ചികിത്സാ സഹായമായും നൽകി 

landslides

പുത്തുമലയിൽ ശ്മശാനം 
തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പുത്തുമലയിലെ എസ്റ്റേറ്റ് ഭൂമിയിൽ ശ്മശാനമൊരുങ്ങി. മറ്റു പഞ്ചായത്തുകളിൽ സംസ്കരിക്കാമെന്ന തീരുമാനം പിന്നീട് തിരുത്തിയാണ് സർക്കാർ പുത്തുമല തിരഞ്ഞെടുത്തത്. ഇതിനു മന്ത്രി ഒ.ആർ.കേളു, ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളുടെ ഇടപെടൽ നിർണായകമായി. 
കുടുംബശ്രീയുടെ മൈക്രോ പ്ലാൻ സർവേ
ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും സാമൂഹിക–സാമ്പത്തിക–വിദ്യാഭ്യാസ–തൊഴിൽ– ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു പുനരധിവാസം. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനു കുടുംബശ്രീ മൈക്രോ പ്ലാൻ സർവേ നടത്തി. ദേശീയ ദുരന്തനിവാരണ സമിതിയുടെയും സംസ്ഥാന ദുരന്തനിവാരണ സമിതിയുടെയും വിദഗ്ധസംഘം ദുരന്തഭൂമിയിൽ ഗവേഷണത്തിനെത്തി. ദുരന്താനന്തര ആവശ്യങ്ങൾ നിർണയിക്കാനും സ്ഥിരപുനരധിവാസത്തിനു നിർദേശം നൽകാനും പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് സംഘവും വയനാട്ടിലുണ്ട്. 

വീടുകളിലേക്ക് ബാക്ക് ടു ഹോം കിറ്റ് 
താൽക്കാലിക പുനരധിവാസത്തിലുള്ള ഓരോ കുടുംബത്തിനും ബാക്ക് ടു ഹോം കിറ്റുകളും നൽകി. സർക്കാർ ഏർപ്പെടുത്തിയതിനു പുറമേ രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളുമെല്ലാം ബാക്ക് ടു ഹോം കിറ്റുകൾ നൽകി. ദുരിതബാധിതർക്കു വീടുകൾ നിർമിച്ചു നൽകാനും ഒട്ടേറെപ്പേർ മുന്നോട്ടുവന്നു.ഫർണിച്ചർ കിറ്റ് (കട്ടിൽ, ഡൈനിങ് ടേബിൾ, കസേരകൾ, അലമാര, ബെഡ്ഷീറ്റ്, തലയണ)കിച്ചൻ കിറ്റ് (കലം, ചട്ടി, പാത്രങ്ങൾ)ക്ലീനിങ് കിറ്റ് (മോപ്പ്, ചൂൽ, ശുചീകരണ വസ്തുക്കൾ)പഴ്സനൽ ഹൈജീൻ കിറ്റ് (ബ്രഷ്, പേസ്റ്റ്, ബക്കറ്റ്, മഗ്) ഭക്ഷ്യ കിറ്റ്

നേതൃത്വം നൽകി മന്ത്രിസഭാ ഉപസമിതിയും ജനപ്രതിനിധികളും 
മന്ത്രി കെ. രാജന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ദിവസങ്ങളോളം വയനാട്ടിൽ ക്യാംപ് ചെയ്താണ് രക്ഷാപ്രവർത്തനവും തിരച്ചിലും പുനരധിവാസ നടപടികളും ഏകോപിപ്പിച്ചത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവരാണു സമിതിയംഗങ്ങൾ. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സംഷാദ് മരക്കാർ തുടങ്ങിയ ജനപ്രതിനിധികളും സജീവ ഇടപെടൽ നടത്തി. 
കന്നുകാലികൾക്കായി പ്രത്യേക ക്യാംപ് 
അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കായി ചൂരൽമല വില്ലേജ് റോഡിൽ പ്രത്യേക ഷെഡ് സൗകര്യമൊരുക്കി. ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നു. 

പുതിയൊരു ലോകം കൂടെ വരും 
24 ദിവസം ക്യാംപായി പ്രവർത്തിച്ച മേപ്പാടി സ്കൂളിൽ കഴിഞ്ഞദിവസം അധ്യയനം പുനരാരംഭിച്ചു. വെള്ളാർമല സ്കൂൾ മേപ്പാടി ജിവിഎച്ച്എസ്എസിലും മുണ്ടക്കൈ സ്കൂൾ എപിജെ ഹാളിലും സെപ്റ്റംബർ 2 മുതൽ ആരംഭിക്കും. രണ്ടു സ്കൂളിലെയും 614 വിദ്യാർഥികൾക്കും തുടർപഠനം ഉറപ്പാക്കുകയാണു ലക്ഷ്യം. വെള്ളാർമല സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 62 കുട്ടികൾക്കുമാണ് അധിക സൗകര്യം ഏർപ്പെടുത്തിയത്. ഇതിനായി ജിഎച്ച്എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ, 2 ഐടി ലാബ്, ഓഫിസ് സ്റ്റാഫ് റൂം എന്നിവയും ജിഎൽപിഎസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എപിജെ ഹാളിൽ5 ക്ലാസ് മുറികളും തയാറാക്കി.

കൈപിടിച്ചുയർത്താൻ തൊഴിൽമേള
ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരിതബാധിതർക്കായി കാപ്പംകൊല്ലിയിൽ പ്രത്യേക തൊഴിൽമേള നടത്തി – 59 പേർക്കു നിയമനം. 127 പേർ ചുരുക്കപ്പട്ടികയിൽ 
മാതൃകയായി ജില്ലാ പഞ്ചായത്ത് 
ഡിവിഷനുകളിലെ പദ്ധതികൾ പൂർണമായി മാറ്റിവച്ച് വയനാട് ജില്ലാ പഞ്ചായത്ത് മേപ്പാടി പഞ്ചായത്തിനായി 5 കോടി രൂപ നൽകി. ദുരന്തപ്രദേശത്തെ വികസന–ക്ഷേമ–പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും. ആവശ്യമെങ്കിൽ കൂടുതൽ തുകയും നൽകും. 

ദുരന്തചിത്രം ഇങ്ങനെ: 
ആകെ 270 മരണം കാണാതായവർ 119 
ഇതുവരെ കണ്ടെത്തിയത് 231 
മൃതദേഹവും 217 ശരീരഭാഗങ്ങളും 
17 കുടുംബങ്ങൾ ഒരാൾ പോലും അവശേഷിക്കാതെ ഇല്ലാതായി 
1200 കോടി രൂപയുടെ നാശനഷ്ടം 
236 വീടുകൾ ഒലിച്ചുപോയി  1555 വീടുകൾ പൂർണമായും  വാസയോഗ്യമല്ലാതായി പുനരധിവാസത്തിന് വേണ്ടത് ചുരുങ്ങിയത് 2200 കോടി രൂപ 

English Summary:

One month ago, the Mundakkai-Chooralmala landslide devastated Kerala. This is the story of the extraordinary resilience and unity displayed in the face of tragedy, highlighting the collective rescue efforts, overwhelming community support, and national attention that fueled the recovery process.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com