കാന്താ.. ഞാനും പോരാം...:ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയില്ല; കാന്തൻപാറ വെള്ളച്ചാട്ടം തുറന്നില്ല
Mail This Article
അമ്പലവയൽ ∙ കാന്തൻപാറ വെള്ളച്ചാട്ടം ഇനിയും തുറന്നില്ല. ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാൻ ക്യാംപെയ്ൻ അടക്കം തകൃതിയായി നടക്കുമ്പോഴാണ് ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ കാന്തൻപാറ തുറക്കാത്തത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് കേന്ദ്രം തുറക്കാൻ വൈകുന്നത്. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രം നിറയെ സഞ്ചാരികളെത്തുന്ന ഇടമായിരുന്നു. മഴയും ഉരുൾപൊട്ടലുമുണ്ടായപ്പോഴാണ് കാന്തൻപാറയും അടച്ചത്. എന്നാൽ മഴ ശമിക്കുകയും പ്രതിസന്ധികൾ ഒഴിയുകയും ചെയ്തെങ്കിലും സുരക്ഷിതമായി കേന്ദ്രങ്ങളിലൊന്നായ കാന്തൻപാറ അടച്ചിട്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളായിരുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ ഇക്കോ ടൂറിസം സെന്ററുകൾ അടച്ചപ്പോൾ പൂട്ടിയിരുന്നു. 8 മാസത്തിലേറെയായി അവയൊന്നും തുറന്നിട്ടില്ല. അവശേഷിക്കുന്ന വെള്ളച്ചാട്ടം കാന്തൻപാറ മാത്രമാണ്.
സുരക്ഷിതമായി കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് കാന്തൻപാറ. സന്ദർശകർ നടന്നു പോകുന്ന വഴിയിലും വെള്ളച്ചാട്ടം കാണുന്ന ഇടത്തുമെല്ലാം മതിയായ സുരക്ഷ സംവിധാനങ്ങളുള്ളതിനാൽ വിനോദ സഞ്ചാരികൾക്ക് അപകടങ്ങളില്ലാതെ ആസ്വദിച്ച് മടങ്ങാൻ സാധിക്കും. ദുരന്തത്തിന് മുൻപ് ദിവസേന 300–500 എണ്ണം സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. ഓണക്കാലത്ത് ഡിടിപിസിക്ക് കീഴിലുള്ള മറ്റു കേന്ദ്രങ്ങൾ തുറന്നെങ്കിലും കാന്തൻപാറ തുറക്കാത്തത് ഇതിനോട് ചേർന്ന് ഉപജീവനം നടത്തുന്നവർക്കും തിരിച്ചടിയാണ്.വടുവൻചാൽ വഴി തമിഴ്നാട്, ഉൗട്ടി എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും മടങ്ങുന്നവരുമെല്ലാം വെള്ളച്ചാട്ടം ആസ്വാദിക്കാനെത്തിയിരുന്നു. വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകൾ എപ്പോൾ തുറക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ ഇൗ വെള്ളച്ചാട്ടം സന്ദർശകർക്കായി തുറക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രം പ്രവർത്തന സജ്ജമാണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ തുറക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.