ഉൾക്കാടുകളിൽ കണ്ടിരുന്ന വേഴാമ്പൽ ഇപ്പോൾ നഗരപ്രദേശങ്ങളിലും; കാടുമടുത്തോ വേഴാമ്പലേ?
Mail This Article
കൽപറ്റ ∙ വയനാടിന്റെ കാലാവസ്ഥയിലേക്കും കാഴ്ചകളിലേക്കും വിരുന്നെത്തി മലമുഴക്കി വേഴാമ്പൽ. സാധാരണയായി വയനാടിന്റെ ഉൾക്കാടുകളിൽ കാണപ്പെടുന്ന മലമുഴക്കി വേഴാമ്പൽ ഇപ്പോൾ നഗരപ്രദേശങ്ങളിലും സാന്നിധ്യമറിയിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൽപറ്റ മൈലാടിപ്പാറയുടെ മുകളിലെ മരത്തിലാണു സ്ഥിരമായി വേഴാമ്പലുകളുള്ളത്.
മൈലാടിപ്പാറയിലെ ഉയരംകൂടിയ മരത്തിൽ 2 മലമുഴക്കി വേഴാമ്പലുകളുണ്ടിപ്പോൾ. ഒറ്റക്കാഴ്ചയിൽ തന്നെ കണ്ണിനു കുളിർമയേകുന്ന വർണങ്ങളാൽ ഭംഗിയുള്ള പക്ഷി വർഗമാണ് മലമുഴക്കി വേഴാമ്പൽ. വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഇവ പല ആളുകളുടെയും ക്യാമറക്കണ്ണുകൾക്കു മുന്നിലെത്തുന്നുണ്ട്. വയനാട്ടിലെ നിത്യഹരിത വനങ്ങളിൽ മാത്രമാണു മലമുഴക്കി വേഴാമ്പലുകളെ മുൻപ് കണ്ടിരുന്നത്.
ഇന്ന് അതിൽ മാറ്റം വന്നു തുടങ്ങി. കൽപറ്റയിലും മേപ്പാടിയിലും ബത്തേരിയിലും ഇടയ്ക്കിടെ വേഴാമ്പലുകളെ കണ്ടു വരുന്നുണ്ട്. മനുഷ്യ വാസവും ശബ്ദവും ഏറെയുള്ള പ്രദേശങ്ങളിൽ പോലും വേഴാമ്പലുകൾ ഉണ്ട്. ചെറിയ അനക്കമുണ്ടായാൽ പോലും ഇവ പറന്നുയരുന്നവയാണ് ഇപ്പോൾ നഗരങ്ങളുടെ സമീപത്തുവരെ എത്തുന്നത്. അതിരപ്പിള്ളി, മലക്കപ്പാറ, നെല്ലിയാമ്പതി മേഖലകളിലാണ് സ്ഥിരമായി വേഴാമ്പലുകളെ കാണാറുള്ളത്. ഉയരമുള്ള വലിയ മരങ്ങളിലാണ് വാസം.