ശക്തമായ കാലവർഷം, പ്രകൃതിക്ഷോഭം: പുതിയ ഇടങ്ങൾ തേടി പലായനം ചെയ്തു മണ്ണിരകൾ
Mail This Article
അമ്പലവയൽ ∙ ശക്തമായ കാലവർഷത്തെയും പ്രകൃതിക്ഷോഭങ്ങളെയും തുടർന്ന് ആവാസവ്യവസ്ഥ നഷ്ടമായതോടെ പുതിയ ഇടങ്ങൾ തേടി പലായനം ചെയ്തു മണ്ണിരകൾ. നിലവിലുണ്ടായിരുന്ന വാസസ്ഥലം വിട്ട് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് പോകുകയാണ് മണ്ണിരകൾ. പലയിടങ്ങളിലും വെള്ളം കുത്തിയൊഴുകിയും കനത്ത മഴയിലും മണ്ണിരകളുടെ ആവാസ വ്യവസ്ഥ തകർന്ന അവസ്ഥയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ മഴയും പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുന്നതിനാൽ വയനാട്ടിൽ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും മുൻ ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ പി.യു. ദാസ് പറയുന്നു.
മണ്ണിൽ അധികം ആഴത്തിലല്ലാതെ ചെറിയ സുഷിരങ്ങളിലാണ് മണ്ണിരകളുടെ ആവാസം. സുഷിരങ്ങളിൽ അവ സൃഷ്ടിച്ചെടുത്ത സുരക്ഷിതമായ ഇടങ്ങൾക്ക് നാശം സംഭവിച്ചു. ശക്തമായ മഴയിൽ ഈ സുഷിരങ്ങളിലേക്ക് വെള്ളം അമിതമായി എത്തുകയും മണ്ണിന് താങ്ങാനാവുന്ന വെള്ളത്തിന്റെ പരിധി കടക്കുകയും ചെയ്തു. ഇതോടെ മണ്ണിരകളുടെ ആവാസ സ്ഥലത്തേക്ക് മുകളിൽ നിന്നും അടിയിൽ നിന്നും വെള്ളം കയറി അവിടെ നിലനിൽക്കാൻ കഴിയാതെയായി. ഇതോടെയാണ് മണ്ണിരകളും പലായനം ആരംഭിച്ചത്. മണ്ണിരകൾ പലായനം ചെയ്യുന്നത് കൃഷിമേഖലയുടെയും നഷ്ടമാണ്. വേനലിൽ മണ്ണിന് ചൂടു കൂടിയാലും മണ്ണിരകൾ ആവാസം വിട്ടൊഴിഞ്ഞ് പോകാറുണ്ട്.