പ്രിയങ്കയെ ചേർത്തുപിടിച്ച് ത്രേസ്യ; വിസ്മയത്തിൽ കരുമാൻകുളം വീട്
Mail This Article
ബത്തേരി ∙ ഏറെക്കാലത്തിനു ശേഷം വീട്ടിലേക്കു വന്നുകയറിയ അടുത്ത ബന്ധുവിനെയെന്നപോലെ കെട്ടിപ്പിടിച്ചാണ് മന്തൊണ്ടിക്കുന്ന് കരുമാൻകുളം ത്രേസ്യ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചത്. ‘വരുമെന്ന് എനിക്കറിയാമായിരുന്നു...’ മലയാളത്തിൽത്തന്നെ ത്രേസ്യാമ്മ പറഞ്ഞു. മനസ്സിലായെന്നവണ്ണം പ്രിയങ്ക തലയാട്ടി. വീട്ടിലെത്തിയ നേതാവിനെ കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം അയൽക്കാരും കരുമാൻകുളം വീട്ടിലേക്കെത്തി. ചെരിപ്പ് പുറത്ത് ഊരിവച്ചു ഡൈനിങ് ഹാളിലേക്കു കയറിയ പ്രിയങ്ക ഗാന്ധി നേരെ സോഫയിലിരുന്നു. സപ്ത റിസോർട്ടിനു സമീപമാണ് കരുമാൻകുളം വീട്. വയനാട് സന്ദർശനത്തിനിടെ ഈ വഴിയേ രാഹുൽ ഗാന്ധി പോകുമ്പോഴെല്ലാം പൂക്കളുമായി റോഡിൽ കാത്തിരിക്കുമായിരുന്നെന്നു ത്രേസ്യാമ്മ പ്രിയങ്കയോട് പറഞ്ഞു.
കൊച്ചുമക്കൾ എല്ലാ വിശേഷങ്ങളും പരിഭാഷ ചെയ്തുകൊടുത്തു. സന്ധ്യാപ്രാർഥന കഴിഞ്ഞ് വീട്ടിലിരിക്കുകയായിരുന്നു ത്രേസ്യയും ഭർത്താവ് പാപ്പച്ചനും കുടുംബാംഗങ്ങളുമെല്ലാം. കയ്യിലുണ്ടായിരുന്ന കൊന്ത ത്രേസ്യ പ്രിയങ്കയ്ക്കു സമ്മാനമായി നൽകി. നേരത്തെ മദർ തെരേസ നൽകിയ ഒരു കൊന്ത തന്റെ കയ്യിലുണ്ടെന്നും ഇത് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു കൊന്തയായി സൂക്ഷിക്കുമെന്നും ഇനിയും ത്രേസ്യയെ കാണാൻ വരുമെന്നും പ്രിയങ്ക പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മിഠായിയും പ്രിയങ്കയ്ക്കു കൊടുത്തു. സോണിയയ്ക്കും രാഹുലിനും മിഠായി കൊടുക്കണമെന്നു ത്രേസ്യ പറഞ്ഞപ്പോൾ, അവർക്കു മാത്രമല്ല, തന്റെ കുട്ടികളായ മിറായയ്ക്കും റെയ്ഹാനും കൊടുക്കണമല്ലോയെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
ഉടനെ എല്ലാ മിഠായിയും ത്രേസ്യ പ്രിയങ്കയ്ക്കു കൈമാറി. എല്ലാവർക്കുമൊപ്പം സെൽഫിയെടുത്തും കുടുംബാംഗങ്ങളെ ഓരോരുത്തരെയും പരിചയപ്പെട്ടുമാണു പ്രിയങ്ക മടങ്ങിയത്. ത്രേസ്യയുടെ വീട്ടിൽ കയറിയതിനാൽ സോണിയ ഗാന്ധിക്കൊപ്പം റിസോർട്ടിലെത്താൻ പ്രിയങ്കയ്ക്കായിരുന്നില്ല. പ്രിയങ്കയുടെ വാഹനം എന്താണു വൈകുന്നതെന്ന് അന്വേഷിച്ചിറങ്ങിയ മനോരമ ന്യൂസ് സംഘമാണു വഴിയരികിലെ വീട്ടിൽ സ്ഥാനാർഥി സന്ദർശനം നടത്തിയ വാർത്ത പുറംലോകത്തെ അറിയിച്ചത്.