ADVERTISEMENT

കാട്ടിക്കുളം ∙ ബേഗൂർ കൊല്ലിമൂലയിൽ ഗോത്ര വിഭാഗക്കാരുടെ    കുടിലുകൾ വനം വകുപ്പ്  ഉദ്യോഗസ്ഥർ പൊളിച്ച്  നീക്കിയ സംഭവം അങ്ങേയറ്റം മനുഷ്യ വിരുദ്ധത ആണെന്ന് സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി.  കുടിൽ പൊളിച്ച ഉദ്യോഗസ്ഥരെക്കൊണ്ടുതന്നെ തൊട്ടടുത്ത് പുതിയ കുടിൽ കെട്ടിച്ചു നൽകിച്ചതായും നേതാക്കൾ പറഞ്ഞു.  പൊളിച്ച് നീക്കിയ കുടിലുകൾ ഉടനടി നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ഫോറസ്റ്റ് സ്റ്റേഷൻ  ഉപരോധിച്ചിരുന്നു. സിപിഎം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ആർ.ഷിബു, കെ. സിജിത്ത്, സൈനുദ്ദീൻ, മഞ്ജു മുത്തു, തിരുനെല്ലി പഞ്ചായത്ത്  അംഗം റുഖിയ സൈനുദ്ദീൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി.എം.വിമല എന്നിവർ പ്രസംഗിച്ചു.

കാട്ടുനീതി അനുവദിക്കില്ല:ഒ.കെ.ജോണി
മാനന്തവാടി ∙ വനം വകുപ്പ് ഉദ്യോഗസ്ഥ൪ ഗോത്ര വിഭാഗത്തിന്റെ കുടിലുകൾ പൊളിച്ച് നീക്കിയ സംഭവത്തെ കിരാതം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് സംവിധായകനും എഴുത്തുകാരനുമായ  ഒ.കെ. ജോണി പറഞ്ഞു. ഒരു ജനാധിപത്യ സ൪ക്കാരിന്റെ ഉദ്യോഗസ്ഥ൪ക്ക് ആദിവാസികൾ ഉൾപ്പടെയുള്ള അധസ്ഥിത വിഭാഗങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്ന നടപടിയാണിത്. വനത്തിലും വനപ്രാന്തങ്ങളിലും നൂറ്റാണ്ടുകളായി കഴിയുന്ന ആദിവാസികളിലെ തന്നെ ഏറ്റവും പിന്നാക്കക്കാരും ഭൂരഹിതരുമായ പണിയ സമുദായത്തിൽപെട്ടവരുടെ കുടിലുകളാണ് ഉദ്യോഗസ്ഥ൪ തക൪ത്തത്. ഇത് ആദ്യ സംഭവമല്ല. പതിറ്റാണ്ടുകളായി വനം വകുപ്പ് തുടരുന്ന ക്രൂര വിനോദമാണിത്.

     ആദിവാസികളുടെ വനാവകാശ നിയമം പോലും പാലിക്കപ്പെടുന്നില്ല. ആദിവാസി സമുദായക്കാരനായ വനം മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ ആദിവാസികളെപ്പോലും ശത്രുരാജ്യത്തിലെ പ്രജകളോട് എന്നപോലെ ക്രൂരത ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥ൪ ശിക്ഷിക്കപ്പെടാത്തത് കൊണ്ടാണ് ഇപ്പോഴും ഇത് ആവ൪ത്തിക്കുന്നത്. സ്വാ൪ത്ഥ ലാഭത്തിനായി കാടിനെ തങ്ങളുടെ ഒരു പരമാധികാര റിപ്പബ്ലിക്ക് പോലെ കരുതുന്ന വനം വകുപ്പിനെ നിലയ്ക്ക് നി൪ത്താൻ മന്ത്രിക്കും കഴിയുന്നില്ല. ദു൪ബലരിൽ ദു൪ബലരായ ആദിവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുവാൻ ഉത്തരവാദപ്പെട്ട  പട്ടിക വർഗ വകുപ്പ് മന്ത്രിയും ഇത്തരം  സംഗതികൾ ഉണ്ടാവുമ്പോൾ പോലും പ്രതികരിക്കുന്നില്ല എന്നതാണ് വിചിത്രം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബുൾഡോസ൪ ഭരണം കേരളത്തിലെ ആദിവാസികളിൽ അടിച്ചേൽപ്പിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും ഒ.കെ. ജോണി പറഞ്ഞു.

സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണം; ബിജെപി
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കൊള്ളിമൂലയിൽ ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ച് നീക്കിയ സംഭവത്തിൽ ഇരകളായ കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണമെന്ന് ബിജെപി  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി താമസിച്ച് കൊണ്ടിരുന്ന കുടിലുകൾ പൊളിച്ച് നീക്കുകയും അതിനേക്കാൾ മോശമായിട്ടുള്ള തീരെ അടച്ചുറപ്പില്ലാത്ത  ഒറ്റമുറി  ഷെഡ് മാത്രമാണ് ഇപ്പോൾ നിർമിച്ചിട്ടുള്ളത്.  കുടിവെള്ളം പോലും ഇവിടെ ലഭ്യമല്ല. ശുചിമുറിയും നിർമിച്ചിട്ടില്ല.  ഭരണപക്ഷം ഇടപെട്ട് ഇൗ  ഷെഡ് നിർമിച്ചു എന്നാണ് അവർ അവകാശപ്പെടുന്നത്.   ഇവിടുത്തെ ഇടതുപക്ഷത്തിന് ആദിവാസികളോടുള്ള നയം ഇതിൽ തന്നെ വ്യക്തമാണ്.  തികച്ചും അവഹാസ്യമായുള്ള നിലപാടാണ് യുഡിഎഫും സ്വീകരിച്ചത്. 

ഇടത് വലത് മുന്നണികൾ ആദിവാസി സമൂഹത്തെ അവഹേളിക്കുകയാണ്.  ഇതേ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി പട്ടികവർഗ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒരു ആഭാസമായിട്ട് മാത്രമേ കാണാൻ  സാധിക്കു.  പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു  ഈ കാര്യത്തിൽ ഇടപെട്ട് ആദിവാസി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുവാൻ മുൻകൈ എടുക്കണം. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമിച്ച് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൻ കണിയാരം,  കെ.മോഹൻദാസ്, ഗിരീഷ് കട്ടക്കളം, അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം എന്നിവർ പ്രസംഗിച്ചു.

English Summary:

This article highlights the controversial demolition of tribal huts in Kattikulam by the Kerala Forest Department, sparking protests and condemnation from political parties and filmmaker O.K. Johny. The incident raises concerns about the treatment of Adivasi communities and the implementation of the Forest Rights Act.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com