ADVERTISEMENT

നടവയൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ 779 പോയിന്റുമായി മാനന്തവാടി ഉപജില്ലാ മുന്നേറ്റം തുടരുന്നു. 724 പോയിന്റുമായി ബത്തേരി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. വൈത്തിരി ഉപജില്ലാ 680 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ 190 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് 120 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.  പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് 90 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 86 പോയിന്റുമായി കൽപറ്റ എൻഎസ്എസ് എച്ച്എസ്എസ് നാലാം സ്ഥാനത്തും 82 പോയിന്റുമായി നടവയൽ സെന്റ് തോമസ് എച്ച്എസ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്നലെ രാത്രി ഒൻപത് വരെയുള്ള മത്സര ഫലങ്ങളുടെ പോയിന്റാണിത്.  വിവിധ വേദികൾ രാത്രി വൈകിയും മത്സരങ്ങൾ തുടർന്നു.

ഹൈസ്കൂൾ വിഭാഗം യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി എംജിഎംഎച്ച്എസ്എസ് ടീം.
ഹൈസ്കൂൾ വിഭാഗം യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി എംജിഎംഎച്ച്എസ്എസ് ടീം.

പഴമ വിടാതെ ഗോത്രകലകൾ
നടവയൽ ∙ പഴയ ഫാഷനിൽ ഗോത്രചാരവും പൈതൃകവും ചേർത്ത് അരങ്ങളിൽ കളർ ഫുള്ളായി ഗോത്രകലകൾ. കലാമേളയിൽ പുതുതായി ഉൾപ്പെടുത്തിയ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം എന്നിവയ്ക്കായി മത്സരാർഥികൾ അണിഞ്ഞെത്തിയ ഗോത്ര വസ്ത്ര, ആഭരണങ്ങളുടെ ഭംഗിയും രീതിയും കാഴ്ചക്കാർക്കും നവ്യാനുവഭമായി. 
അച്ഛന് സമ്മാനമായി വൈഗയുടെ വിജയം
നടവയൽ ∙ കല്ലുമാല പൊട്ടിച്ചെറിഞ്ഞു വില്ലുവണ്ടിയുമായി ഞങ്ങളിറങ്ങും വേദിയിൽ നിന്നു തീഷ്ണമായ കണ്ണുകളോടും നിറഞ്ഞ രോഷത്തോടും കൂടെ വൈഗ അലറിയപ്പോൾ സദസ്സിൽ ഇരുന്ന അച്ഛൻ ദിനേഷിന്റെ മുഖത്തായിരുന്നു പിരിമുറുക്കം. അച്ഛന്റെ തോളിൽ തലവച്ചു കിടന്ന് ഫലം കേട്ടു വൈഗ. കാത്തിരുന്ന വാർത്തയറിഞ്ഞപ്പോൾ ഇരുന്നിടത്തു നിന്ന് എണീറ്റ് ഉറക്കെ മകളുടെ വിജയം ആഘോഷിച്ചു അച്ഛൻ. അഭിനയത്തോടുള്ള അച്ഛന്റെ സ്നേഹത്തിന് വൈഗ നൽകിയ സമ്മാനമായിരുന്നു ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ടിലെ തുടർച്ചയായ മൂന്നാം വിജയം.

നാടക പ്രവർത്തകനും അഭിനേതാവുമായിരുന്നു ദിനേഷ്. അഭിനയ മേഖലയിലെ വംശീയ വിവേചനങ്ങളെ അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചാണ് വൈഗ അവതരിപ്പിച്ചത്. ദിനേഷിന്റെ സുഹൃത്തും വൈഗയുടെ ഗുരുവുമായ സത്യമുദ്രയുടെതാണ് ആശയം. നാടൻ പാട്ടിലും വൈഗയുടെ ടീമിന് ഒന്നാം സ്ഥാനമുണ്ട്. അമ്മ എ.സ്മിത എസ്കെഎംജെ എച്ച്എസ് കൽപറ്റയിലെ അധ്യാപികയാണ്. അച്ഛൻ ടി. ദിനേഷ് മേപ്പാടി ജിഎച്ച്എസ്എസിലെ മലയാളം അധ്യാപകനാണ്.

ഏകാംഗ അഭിനയത്തിലും നാടൻ പാട്ടിലും ഒന്നാം സ്ഥാനം നേടിയ വൈഗ അച്ഛൻ ദിനേഷിനൊപ്പം.
ഏകാംഗ അഭിനയത്തിലും നാടൻ പാട്ടിലും ഒന്നാം സ്ഥാനം നേടിയ വൈഗ അച്ഛൻ ദിനേഷിനൊപ്പം.

വെള്ളപ്പൊക്കത്തിൽ നാടകവുമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ‌
നടവയൽ ∙ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരായ വെള്ളാർമല സ്കൂളിലെ കുട്ടികൾ തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയെ തങ്ങളുടെ ജീവിതവുമായി കൂട്ടിക്കെട്ടി അരങ്ങിലെത്തിച്ചപ്പോൾ കലോത്സവ വേദി അക്ഷരാർഥത്തിൽ വികാരഭരിതമായി. 99 ലെ വെള്ളപ്പൊക്കം പ്രമേയമാക്കി തകഴി ശിവശങ്കരപ്പിള്ള രചിച്ച വെള്ളപ്പൊക്കത്തിൽ യജമാനൻ ഉപേക്ഷിച്ചു പോകുന്ന നായയുടെ കഥയാണ് പറയുന്നത്.   മരണം വരെ യജമാനന്റെ വീടുകാത്ത് നായയുടെ ജഡത്തെ പക്ഷേ യജമാനൻ തോണി തുഴ കൊണ്ടു തട്ടി താഴേക്ക് ഇടുന്ന രംഗം കാണികളുടെ കണ്ണ് നിറച്ചു. ‘അതിജീവനമീ ജീവിതം’ എന്ന പാട്ടോടു കൂടി നാടകം അവസാനിച്ചപ്പോൾ നിറഞ്ഞ സദസ്സിൽ വീണ്ടും കയ്യടി. നാടകത്തിന് എ ഗ്രേഡ് ലഭിച്ചു. 

വെള്ളപ്പൊക്കത്തിൽ എന്ന നാടകത്തിന്റെ രചയിതാവ് കെ.ബി. അജയകുമാറിനൊപ്പം കേന്ദ്ര കഥാപാത്രമായ നായയെ അവതരിപ്പിച്ച അമൽജിത്ത്. ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനാണ് അമൽജിത്ത്.
വെള്ളപ്പൊക്കത്തിൽ എന്ന നാടകത്തിന്റെ രചയിതാവ് കെ.ബി. അജയകുമാറിനൊപ്പം കേന്ദ്ര കഥാപാത്രമായ നായയെ അവതരിപ്പിച്ച അമൽജിത്ത്. ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനാണ് അമൽജിത്ത്.

ദുരന്ത ഓർമയിൽ നിന്ന് മുക്തരാകാതെ കുട്ടികൾ
ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം റിഹേഴ്സലിനിടെ കേട്ടപ്പോൾ കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതിനാൽ ആ ശബ്ദം നാടകത്തിൽ ഉപയോഗിച്ചില്ലെന്ന് ആലപ്പുഴ തകഴി സ്മാരക സെക്രട്ടറിയും നാടകത്തിന്റെ രചയിതാവുമായ കെ.ബി. അജയകുമാർ. റിഹേഴ്സലിനിടെ ദുരന്തത്തിന്റെ ഓർമയിൽ കുട്ടികൾ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. ‘ഒരു ജാതി പിള്ളേർ’ എന്ന നാടകം കുട്ടികളെ പരിശീലിപ്പിക്കാനാണ് സ്കൂൾ അധികൃതർ രചയിതാവായ അജയകുമാറിനെയും സംവിധായകനായ ജോബ് മഠത്തിലിനെയും സമീപിച്ചത്. കുട്ടികളുടെയും ഈ നാടിന്റെയും അതിജീവനം കണ്ടും കേട്ടും തകഴിയിലേക്ക് എത്തുകയായിരുന്നു.

ആവേശക്കൊട്ടിൽ അറബന പൊട്ടി; തേങ്ങലുകളുയർന്ന് മൂന്നാം വേദി
ബത്തേരി ∙ നിറഞ്ഞ സദസ്സിൽ നിന്നു നിലയ്ക്കാത്ത ആരവമുയർന്നപ്പോൾ കൊട്ടിക്കയറിയ അറബന സംഘമെത്തിയതു സങ്കടക്കടലിൽ. വാശിയേറിയ മത്സരമായിരുന്നു വേദി 3ലെ അറബനമുട്ട്. കല്ലോടി ജിഎച്ച്എസ്എസ് ടീമിന്റെ താളവും ചുവടും കത്തിക്കയറിയപ്പോൾ സദസ്സും ആർത്തിരമ്പി. അതിനിടെയാണു സംഘാംഗം റയാന്റെ അറബന പൊട്ടിയടർന്നത്. ആട്ടിൻതോലു കൊണ്ടുണ്ടാക്കിയ അറബനയുടെ ഭാഗം കീറിയെങ്കിലും റയാൻ താളത്തിനും കൊട്ടിനും ഒരു കുറവും വരുത്തിയില്ല. മത്സരം കഴിഞ്ഞിറങ്ങിയപ്പോൾ തേങ്ങലടക്കനാവാതെയായി റയാനും സംഘവും. അറബനമുട്ടിൽ മാനന്തവാടി ജിവിഎച്ച്എസ്എസാണ് ഒന്നാമതെത്തിയത്. എങ്കിലും കല്ലോടി ടീമിന് എ ഗ്രേഡ് കിട്ടി.

മത്സരത്തിനിടെ കല്ലോടി എച്ച്എസ്എസ് ടീമിന്റെ അറബന പൊട്ടിയപ്പോൾ. സമീപത്തു കരഞ്ഞുകൊണ്ടിരിക്കുന്ന റയാനും കൂട്ടുകാരും
മത്സരത്തിനിടെ കല്ലോടി എച്ച്എസ്എസ് ടീമിന്റെ അറബന പൊട്ടിയപ്പോൾ. സമീപത്തു കരഞ്ഞുകൊണ്ടിരിക്കുന്ന റയാനും കൂട്ടുകാരും

പണിയ നൃത്തം ഒറ്റയ്ക്ക് പഠിച്ചവതരിപ്പിച്ച് ഒന്നാമതായി ജിഎച്ച്എസ്എസ് തൃക്കൈപ്പറ്റ
നടവയൽ ∙ കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്ര കലയായ പണിയ നൃത്തം കാണാൻ ആളുകൾ തിരക്കു കൂട്ടി. സീറ്റ് കിട്ടാത്തവർ താളം പിടിച്ചു കൊണ്ട് അവസാനം വരെ എണീറ്റു നിന്നു. പരമ്പരാഗത വാദ്യോപകരണങ്ങൾ കാണികൾക്കു കൗതുകമായി. ആരും പഠിപ്പിക്കാതെ തനിയെ അഭ്യസിച്ചു വേദിയിലെത്തിയ ജിഎച്ച്എസ്എസ് തൃക്കൈപ്പറ്റയിലെ കുട്ടികൾ ഒന്നാം സ്ഥാനവും നേടി. ജനിച്ചു വീഴുമ്പോൾ തന്നെ കേട്ടു തുടങ്ങുന്ന താളത്തിൽ ലയിച്ച് അവതരിപ്പിക്കാൻ തങ്ങൾക്ക് എന്തിനാണ് ആശങ്ക എന്നാണ് അവർ ചോദിക്കുന്നത്. ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും പണിയ ജനതയ്ക്കു നൃത്തം അവിഭാജ്യ ഘടകമാണ്. പ്രധാനമായും വട്ടകളി, കമ്പളം, കയകം എന്നിവയാണ് നൃത്ത രൂപങ്ങൾ.   കല്യാണം, ജനനം പോലുള്ള സന്തോഷ സന്ദർഭങ്ങളിൽ വട്ടകളിയും ഞാറുനടലും ജന്മിയുടെ പറമ്പിലെ പണികളും ചെയ്യുന്നതിന്റെ അദ്വാന ഭാരം കുറയ്ക്കാൻ കമ്പളവും മരണം പോലെ ദുഃഖ സമയത്ത് കയകവും കളിക്കും. പണ്ടത്തെ തമാശ കഥകളാണു പാട്ടായി പാടുന്നത്. പരമ്പരാഗത വാദ്യോപകരണങ്ങളായ ചീനം തുടി എന്നിവയാണ് ഉപയോഗിക്കുന്നത്.

ഹൈസ്കൂൾ വിഭാഗം പണിയ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ജിഎച്ച്എസ്എസ് തൃക്കൈപ്പറ്റ ടീം.
ഹൈസ്കൂൾ വിഭാഗം പണിയ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ജിഎച്ച്എസ്എസ് തൃക്കൈപ്പറ്റ ടീം.

വേദികളിൽ ഇന്ന്
വേദി 1 സൂര്യകാന്തി (ഹയർ സെക്കൻഡറി സ്കൂൾ മൈതാനം) രാവിലെ 9.30. ഓട്ടൻതുള്ളൽ. 3.00 സമാപന സമ്മേളനം.
വേദി 2 ജ്വാലമുഖി (സെന്റ് തോമസ് എൽപി സ്കൂൾ മൈതാനം)
9.30 പരിചമുട്ടുകളി, 11.30 മാർഗംകളി, 1.30 ചവിട്ടുനാടകം.
വേദി 3 സ്വർണച്ചാമരം (എച്ച്എസ്എസ് ഓഡിറ്റോറിയം)
9.30. പ്രസംഗം മലയാളം/പദ്യം ചൊല്ലൽ മലയാളം.
വേദി 4 ഇന്ദ്രനീലം (എച്ച്എസ് ഓഡിറ്റോറിയം ഒന്നാം നില)
9.30 പദ്യം ചൊല്ലൽ ഹിന്ദി, 11.00 പ്രസംഗം ഹിന്ദി.
വേദി 5 രജനീഗന്ധി (എച്ച്എസ് ഓഡിറ്റോറിയം രണ്ടാം നില)
9.30 അക്ഷരശ്ലോകം, 11.00. കാവ്യകേളി.

English Summary:

The Wayanad District School Arts Festival continues with Mananthavady sub-district leading the points table. The festival showcased the vibrancy of tribal arts, including Paniya dance, and featured inspiring performances like Vellarimala School's play based on their flood experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com