വനംവകുപ്പിന്റെ ജീപ്പ് മറിച്ചിട്ട് ‘ബുള്ളറ്റ് ’ കൊമ്പൻ
Mail This Article
പന്തല്ലൂർ ∙ പന്തല്ലൂരിനടുത്ത് തൊണ്ടിയാളത്ത് വനംവകുപ്പിന്റെ ജീപ്പ് ബുള്ളറ്റ് എന്നറിയപ്പെടുന്ന കൊമ്പനാന കുത്തി മറിച്ചു. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരൻ രമേഷിനെ (32) പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊണ്ടിയാളത്ത് വീടുകളുടെ സമീപത്ത് എത്തിയ ബുള്ളറ്റിനെ തുരത്താനെത്തിയ ജീവനക്കാരുടെ വാഹനമാണ് കാട്ടാന കുത്തി മറിച്ചത്. ജീപ്പിനു മുൻപിലെത്തിയ ബുള്ളറ്റ് കാട്ടാന മുൻപിലേക്ക് ചീറിയടുക്കുകയായിരുന്നു. വാഹനം ഡ്രൈവർ പുറകോട്ട് എടുക്കുന്നതിനിടയിൽ കാട്ടാന വശത്തൂടെ പാഞ്ഞടുത്ത് ജീപ്പിന്റെ ചില്ല് തകർത്തു. തുടർന്നാണ് കാട്ടാന ജീപ്പ് കൊമ്പിൽ കോർത്ത് മറിച്ചിട്ടത്. സമീപത്തെ നാട്ടുകാർ ഓടിക്കൂടി ബഹളം വച്ചപ്പോൾ കാട്ടാന പിന്മാറിയതാണു ജീവനക്കാർക്കു രക്ഷയായത്.
വാഹനത്തിനുള്ളിൽപെട്ട ജീവനക്കാരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോയമ്പത്തൂരിൽനിന്നു മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിനെ പന്തല്ലൂരിനടുത്ത് മാങ്കോറഞ്ചിന് സമീപം ഇതേ കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാന വരുന്നതു കണ്ട് ബസ് ഡ്രൈവര്‍ നിർത്തിയിട്ടു.
ബസിന്റെ മുൻവശത്തെ ചില്ല് കാട്ടാന തകർത്തു. കഴിഞ്ഞ ആഴ്ച ചേരമ്പാടിക്കടുത്തും വനംവകുപ്പിന്റെ വാഹനം കാട്ടാന തകർത്തിരുന്നു. റോഡിലിറങ്ങി നിൽക്കുന്ന കാട്ടാന വാഹനങ്ങൾ തകർക്കുന്നത് സ്ഥിര സംഭവമായി മാറി. വാഹനത്തിനുള്ളില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടാണ്.
രണ്ട് മാസമായി പന്തല്ലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ബുള്ളറ്റ് കാട്ടാന ഭീതി പടർത്തുകയാണ്. പകൽ സമയങ്ങളിലും കാട്ടാന നിരത്തുകളിൽ നിൽക്കുന്നത് കാണാം. കഴിഞ്ഞ ആഴ്ച മദപ്പാടുമായി റോഡിലിറങ്ങിയിരുന്ന കാട്ടാന മറ്റ് കാട്ടാനകളെയും ആക്രമിക്കുന്നുണ്ടായിരുന്നു. ഏലിയാസ് കട ഭാഗത്ത് സ്ഥിരമായി കണ്ടിരുന്ന ബുള്ളറ്റ് വിറളി പൂണ്ട നിലയിലാണ്.