അനാഥ ബാലികയിൽ നിന്നും ഈ പെൺകുട്ടി ലോകത്തെ വിസ്മയിപ്പിച്ച കഥ
Mail This Article
സ്ത്രീകളെക്കൊണ്ട് അസാധ്യമെന്നു കരുതിയിരുന്ന പല പ്രവൃത്തികളും ചെയ്തു ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് ആനി ഓക്‌ലി (Annie Oakley). ലക്ഷ്യം തെറ്റാതെ വെടിവയ്ക്കുന്നതിൽ അസാമാന്യ മികവു പുലർത്തിയിരുന്ന ആനിയുടെ പ്രകടനങ്ങൾ ഒരു കാലഘട്ടത്തിൽ അമേരിക്കയിലെയും യൂറോപ്പിലെയും ലക്ഷക്കണക്കിനാളുകളെ ആകർഷിച്ചിരുന്നു. 66 വർഷത്തെ ജീവിതത്തിനിടെ മികവുറ്റ ഒരു ഷൂട്ടർ എന്നതിലുപരി അഭിനേത്രി, സാമൂഹ്യപ്രവർത്തക, പോരാട്ടവീര്യമുള്ള വനിത എന്നീ നിലകളിലൊക്കെയും ചരിത്രത്തിൽ അവർ സ്ഥാനം പിടിച്ചു.
1860 ൽ അമേരിക്കയിലെ ഒഹിയോയിലെ ചെറുഗ്രാമത്തിലാണ് ആനിയുടെ ജനനം. ഒൻപതു സഹോദരങ്ങളിൽ ആറാമത്തെ സന്തതിയായി ജനിച്ച അവളുടെ ആറാമത്തെ വയസ്സിൽ പിതാവ് മരിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലത്ത് ഒരു അനാഥമന്ദിരത്തിൽ അടിമയെപ്പോലെ കഴിഞ്ഞു. ഒൻപതാമത്തെ വയസ് മുതൽ പല വീടുകളിലും വീട്ടുജോലി ചെയ്തിരുന്ന ആനി ഇതിനിടെ തന്റെ പിതാവിന്റെ തോക്കുപയോഗിച്ച് ഉന്നം തെറ്റാതെ വെടിവയ്ക്കാൻ അഭ്യസിച്ചു. വേട്ടയാടി ലഭിച്ചിരുന്ന പക്ഷികളെയും മൃഗങ്ങളെയും നഗരത്തിൽ കൊണ്ടുചെന്നു വിറ്റ അവൾ കുടുംബഭാരം ഏറ്റെടുത്തു. പിതാവിന്റെ മരണശേഷമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളൊക്കെയും തന്റെ അസാമാന്യ പാടവമുപയോഗിച്ച് അവൾക്ക് വീട്ടാനായി. ആനിയുടെ കഴിവുകൾ എവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
അക്കാലത്ത് ജനങ്ങളെ ഏറെ ആകർഷിച്ചിരുന്ന ഒരു വിനോദമായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് മൽസരങ്ങളിലൂടെ പ്രശസ്തനായിരുന്ന ഫ്രാങ്ക് ബട്ട്ളറെ ആനിയുമായി മൽസരിക്കാൻ നാട്ടുകാർ വെല്ലുവിളിച്ചു. അഞ്ചടി മാത്രം ഉയരമുള്ള പതിനഞ്ചുകാരിയായ എതിരാളിയെ കണ്ട് ബട്ട്ളർ പരിഹാസത്തോടെ ചിരിച്ചു. എന്നാൽ മൽസരത്തിൽ വിജയിച്ചത് ആനി ആയിരുന്നു. ബട്ട്ളറും ആനിയും തുടർച്ചയായി 24 പക്ഷികളെ വീതം വെടിവച്ചു വീഴ്ത്തി. എന്നാൽ ഇരുപത്തിയഞ്ചാമത്തെ തവണ ബട്ട്ളർക്ക് ഉന്നം തെറ്റി. ഏതാനും വർഷങ്ങൾക്കു ശേഷം ബട്ട്ളറും ആനിയും വിവാഹിതരായി.
ആനി ഓക്‌ലിയും ബട്ട്ളറും ചേർന്നു നടത്തിയ ഷൂട്ടിങ് അഭ്യാസ പ്രകടനങ്ങൾ അമേരിക്കയിലെമ്പാടുമുള്ള ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. ഒരേ സമയത്ത് മുകളിലേക്കെറിയുന്ന ആറു പന്തുകൾ സൂക്ഷ്മതയോടെ വെടിവച്ചിടാൻ ആനിക്കല്ലാതെ മറ്റാർക്കും കഴിയുമായിരുന്നില്ല. വമ്പൻ ഷോ കമ്പനികൾ യൂറോപ്പിലെമ്പാടും സംഘടിപ്പിച്ച ആനിയുടെ പ്രകടനങ്ങൾ കാണാൻ ബ്രിട്ടിഷ് രാജ്ഞി അടക്കം പതിനായിരങ്ങൾ പങ്കെടുത്തു. സ്ത്രീകളുടെ കരുത്തിന്റെ പര്യായമായി മാറിയ ആനി ആയിരക്കണക്കിന് സ്ത്രീകളെ ഷൂട്ടിങ് അഭ്യസിപ്പിച്ചു. 1894 ൽ തോമസ് ആൽവാ എഡിസൺ നിർമിച്ച മൂവി ക്യാമറ ഉപയോഗിച്ച് ആദ്യം ഷൂട്ട് ചെയ്തത് ആനിയുടെ പ്രകടനമാണ്.
ആനിയുടെ പ്രശസ്തി മുതലെടുത്ത് അമേരിക്കയിലെ പത്രങ്ങൾ പ്രചാരണം കൂട്ടാനായി ആനിക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തി. എന്നാൽ അതിനെ നിയമയുദ്ധത്തിലൂടെ ശക്തമായി നേരിട്ട ആനി 55 പത്രകമ്പനികളിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്തത് നിശ്ചയദാർഢ്യത്തിന്റെയും പെൺ കരുത്തിന്റെയും ഉദാഹരണമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും സ്വന്തം കഴിവിലൂടെയും പ്രയത്നശീലത്തിലൂടെ ജ്വലിച്ചുയർന്ന ആനി ഇന്നും ഒരു കാലഘട്ടത്തിലെ പെൺകരുത്തിന്റെ പ്രതീകവും പ്രചോദനവുമാണ്.