ഐഐടി എൻട്രൻസിൽ പരാജയപ്പെട്ടു, ഗൂഗിൾ കൊത്തിക്കൊണ്ടുപോയി; ഇപ്പോൾ ശമ്പളം 1.2 കോടി രൂപ
Mail This Article
ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു. പക്ഷേ, ഏതൊരു ഐഐടിക്കാരനും അസൂയപ്പെടുന്ന ശമ്പള പാക്കേജുമായി ഗൂഗിളിൽ ജോലി ലഭിച്ചു. മുംബൈ സ്വദേശി അബ്ദുള്ള ഖാൻ എന്ന 21കാരനാണ് 1.2 കോടി രൂപയുടെ പ്രതിവർഷ ശമ്പള പാക്കേജു നേടി ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ലണ്ടൻ ഓഫീസിലാണ് അബ്ദുള്ളയ്ക്ക് ജോലി ലഭിച്ചത്.
പ്രോഗ്രാമിങ് മത്സരങ്ങൾ നടത്തുന്ന ഒരു സൈറ്റിലെ അബ്ദുള്ളയുടെ പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ട ഗൂഗിൾ അധികൃതർ ഇന്റർവ്യൂവിനായി അബ്ദുള്ളയെ ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണു ഗൂഗിളിൽ നിന്നും ഇന്റർവ്യൂ ക്ഷണവുമായിട്ടുള്ള ഇ മെയിൽ ലഭിക്കുന്നത്. ആദ്യ ഘട്ട ഓൺലൈൻ ഇന്റർവ്യൂകൾക്കു ശേഷം ലണ്ടനിലെ ഗൂഗിൾ ഓഫീസിൽ അവസാന സ്ക്രീനിങ്ങിൽ പങ്കെടുത്തു.
അടിസ്ഥാന ശമ്പളമായ 54.5 ലക്ഷം രൂപയും 15% ബോണസും സ്റ്റോക്ക് ഓപ്ഷനുകളും അടക്കമാണ് 1.2 കോടി രൂപയുടെ പാക്കേജ്. ശ്രീ എൽആർ തിവാരി എൻജിനീയറിങ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് അബ്ദുള്ള. കോഴ്സ് പൂർത്തിയാക്കിയ ശേഷം സെപ്റ്റംബറിൽ ഗൂഗിളിന്റെ സൈറ്റ് റിലയബിളിറ്റി എൻജിനീയറിങ് ടീമിൽ അബ്ദുള്ള ചേരും.
കോഡിങ് സൈറ്റിലെ മത്സരങ്ങളിൽ ഒരു രസത്തിനു വേണ്ടി പങ്കെടുത്തതാണെന്നും അതുവഴി ഇത്തരമൊരു ഓഫർ ലഭിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അബ്ദുള്ള പറയുന്നു.