രാത്രിയിൽ ഈ തെരുവുണരും; പഠിക്കുന്നവർക്കായി
Mail This Article
ധാരാവി, ധാരാവി എന്ന മുംബൈയിലെ ചേരി പ്രദേശത്തെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ അതേ മുംബൈയിൽ തന്നെയുള്ള അഭ്യാസ് ഗലിയെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാകാൻ വഴിയില്ല. പേരു കേട്ടിട്ടു മുംബൈയിലെ ദാദമാരും ഗുണ്ടകളും അഭ്യാസം കാണിച്ചു നടക്കുന്ന ഇടമാണെന്നു കരുതിയാൽ തെറ്റി. ഈ തെരുവ് ഗൗരവമായ പഠനത്തിന്റെയും ചർച്ചകളുടേതുമൊക്കെയാണ്. രണ്ടു തലമുറയിലേറെയായി പ്രദേശത്തെ വിദ്യാർഥികളുടെ രാത്രി കാല പഠന കേന്ദ്രമാണ് ഇത്.
പൊഢാർ ആശുപത്രിക്കു പിന്നിൽ ഇരുവശത്തും മരങ്ങൾ നിറഞ്ഞ ഈ തെരുവ് പകൽ സമയത്തൊക്കെ മറ്റേതൊരു നഗര തെരുവിനെയും പോലെ വണ്ടികളുടെയും കച്ചവടത്തിന്റെയുമെല്ലാം തിരക്കിലായിരിക്കും. പക്ഷേ രാത്രി ഏഴു മണി കഴിഞ്ഞാൽ ഒറ്റയ്ക്കും കൂട്ടമായും പുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളുമായി ഇവിടേക്ക് വിദ്യാർഥികൾ എത്താൻ തുടങ്ങും. മിന്നി തിളങ്ങുന്ന ഹാലജൻ തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ അവരുടെ പഠനം തുടങ്ങുകയായി.
ചിലർ ഫ്ലക്സുകൾ നിലത്തു പായപോലെ വിരിച്ച് അതിലിരിക്കും. ചിലർ വീട്ടിൽ നിന്നൊരു തുണിക്കഷ്ണം കൊണ്ടു വരും. മറ്റു ചിലർ തെരുവിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളിൽ ഇരുന്നു പഠിക്കും. അങ്ങോട്ടുമിങ്ങോട്ടും നടന്നു പഠിക്കുന്നവർക്ക് ഇതൊന്നും ആവശ്യമില്ല.
തങ്ങളുടെ ഒറ്റമുറി വീട്ടിലെ വലിയ കുടുംബത്തിനുള്ളിലെ ശബ്ദ കോലാഹലങ്ങളില്ലാതെ സ്വസ്ഥമായി പഠിക്കാനാണ് ഇവരെത്തുന്നത്. ഇത്തരത്തിൽ ഈ തെരുവിലെ പഠനത്തിന്റെ കരുത്തുമായി ഡോക്ടറും എൻജിനീയറും സംരംഭകനും പോലീസ് ഉദ്യോഗസ്ഥനും വരെയായവർ നിരവധി.
ഒറ്റയ്ക്കും സംഘങ്ങളായും ഇവിടെ രാത്രി പഠനം നടക്കും. ഇവിടെ നിന്നു പഠിച്ചു പോയവർ പിന്നീട് തിരികെയെത്തി ഇളമുറക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും നൽകാറുണ്ട്. ഏഴു മണിക്കു പഠനമാരംഭിക്കുന്നവർ ചിലപ്പോൾ വെളുപ്പാം കാലം വരെയൊക്കെ ഇരുന്നു പഠിക്കും. ഏഴു മുതൽ 10 മണി വരെയാണ് ഏറ്റവും തിരക്ക്. നിരവധി പരീക്ഷകൾ നടക്കുന്ന ഏപ്രിൽ, ഡിസംബർ മാസങ്ങളിൽ ഇവിടെ തിരക്കേറും. അക്കാദമിക വർഷാരംഭമായ ജൂണിൽ തെരുവിൽ അത്ര തിരക്കുണ്ടാകാറില്ല. മുംബൈയിൽ മഴ തുടങ്ങുന്ന സമയത്തും തെരുവ് രാത്രിയിൽ വിജനമായിരിക്കും. പല വിദ്യാർഥികളും ആ സമയം അടുത്തുള്ള ലൈബ്രറിയിലേക്കു നീങ്ങും.
കൊതുകും വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങളും സ്ഥിരം നടപ്പുകാരുമൊന്നും ഈ പഠന തെരുവിലെ വിദ്യാർഥികളുടെ കോൺസൺട്രേഷൻ തെല്ലുംതെറ്റിക്കില്ല. ലഹരി മരുന്നും മദ്യവും ഉപയോഗിച്ചെത്തുന്നവരുടെയും ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരുടെയും ശല്യം ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കുന്നതോടെ ആ ശല്യം ഒഴിയും.
സുദാം കാളി അഹിരേ മാർഗ് എന്നായിരുന്നു ഈ തെരുവിന്റെ മുൻപത്തേ പേര്. പ്രദേശവാസികൾ കോർപ്പറേഷനെ സമീപിച്ചാണ് അത് അഭ്യാസ് ഗലി ആക്കിയത്.ബ്രിഹാൻമുംബൈ ഇലക്ട്രിക് സപ്ലെ & ട്രാൻസ്പോർട്ടാണ് ഇവിടെ ഹാലജൻ വിളക്കുകൾ സ്ഥാപിച്ചത്. ചില സംഘടനകളുടെ ആഭിമുഖ്യത്തിൽ അടുത്തിടെ ചുവരുകളിൽ ചിത്രപ്പണി നടത്തുകയും പ്രചോദനാത്മക സന്ദേശങ്ങൾ എഴുതുകയും ചെയ്തിരുന്നു.