പണിക്ക് ആളില്ലെങ്കിൽ, പാഠം പഠി... ഇവന്റ് മാനേജ്‌മെന്റ് കോഴ്സുമായി യുവാക്കൾ
Mail This Article
പണിക്ക് ആളെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും.. ഉത്തരം പലതുണ്ടാകാം. എന്നാൽ ഈ മൂന്നു ചെറുപ്പക്കാർ ചെയ്യുന്നത് പണി പഠിപ്പിക്കാൻ കോഴ്‌സ് തുടങ്ങുകയെന്ന വ്യത്യസ്ത വിദ്യയാണ്.
ഹസനുൽ ബന്ന, സജു സബാഹ്, സൽ സബീൽ എന്നീ മൂന്നു കോഴിക്കോട്ടുകാർ ഇവന്റ് മാനേജ്‌മെന്റ് പ്രഫഷനലായി പഠിപ്പിക്കാൻ സ്ഥാപനം തുടങ്ങിയിരിക്കുകയാണ്. ഇവരുടെ ഒറീഗ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ഈവന്റ് മാനേജ്‌മെന്റിൽ ഡിപ്ലോമ കോഴ്‌സ് അടുത്ത മാസം ആരംഭിക്കും.
8 വർഷത്തെ പരിചയം
ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ഇവരിൽ രണ്ടുപേർക്ക് 8 വർഷത്തെ പരിചയമാണുള്ളത്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പലപ്പോഴും ഏൽപിക്കാൻ പറ്റിയ ആൾക്കാരെ കിട്ടാനില്ലാത്ത പ്രശ്നം വന്നു. പുതിയ ഒരാൾ വരുമ്പോൾ തന്നെ പരിശീലിപ്പിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും.
പരിശീലിപ്പിക്കാൻ ഒരു സ്ഥാപനമുണ്ടായെങ്കിൽ എന്ന ചിന്തയാണ് ഒടുവിൽ ഒറീഗ സ്‌കൂളിലേക്കെത്തിയത്. കൊച്ചിയിലാണ് സ്ഥാപനം. ഇത്തരത്തിൽ ഒരു സ്ഥാപനം കേരളത്തിൽ ആദ്യത്തേതാണെന്ന് ഇവർ അവകാശപ്പെടുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തൊഴിൽമേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. കഴിവുണ്ടെങ്കിൽ പ്രത്യേകിച്ച് നിക്ഷേപമൊന്നും ആവശ്യമില്ലാതെ തന്നെ കൈനിറയെ പണം നേടാനുള്ള അവസരം. മുഴുവൻ സമയം തളച്ചിടപ്പെടുന്ന ജോലിയുമല്ല. കേരളത്തിനകത്തോ പുറത്തോ എവിടെ വേണമെങ്കിലും ജോലി ചെയ്യാം.
ഇതെല്ലാമാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനു പിന്നിലെ പ്രചോദനം. വിവാഹം മുതൽ കോർപറേറ്റ് കമ്പനികളുടെ വലിയ സമ്മേളനങ്ങൾ വരെ നടത്തുന്നതിനുളള പ്രായോഗിക പരിശീലനമടക്കമാണ് ഇവർ കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റിന്റെ ഓരോ തലങ്ങളിലെയും വിദഗ്ധരാണ് ക്ലാസ് എടുക്കുവാൻ എത്തുക. ദുബായിൽ ഈ മേഖലയിൽപ്രവർത്തിച്ചു പരിചയമുള്ള സൽമാൻ ഫാരിസിനാണ് സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല ഏൽപിക്കുന്നത്. കോഴ്‌സിന് സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ ഡവലപ്‌മെന്റ് കൗൺസിലിന്റെ(സ്റ്റെഡ്) അംഗീകാരമുണ്ട്. ഒരു ബാച്ചിൽ 30 പേർക്കു പ്രവേശനം.