ADVERTISEMENT

എൻട്രൻസ് പരീക്ഷാപരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിലേക്കു റിതേഷ് അഗർവാളിനെ മാതാപിതാക്കൾ പറഞ്ഞയച്ചത് ഐഐടിയിൽ പ്രവേശനം നേടാനായിരുന്നു. എന്നാൽ റിതേഷിന്റെ മനസിൽ അതൊന്നുമായിരുന്നില്ല. സ്വന്തമായി സംരംഭം തുടങ്ങണം. സ്വന്തം കഴിവുകളും അഭിരുചികളും ബിസിനസിന് അനുയോജ്യമെന്നു തിരിച്ചറിഞ്ഞ പയ്യൻ ലക്ഷ്യം നേടുകതന്നെ ചെയ്തു. 17 വയസുകാരൻ അന്നു തുടക്കം കുറിച്ച സംരംഭത്തിന്റെ മൂല്യം ഇന്നു 5 ബില്യൺ ഡോളറാണ്. സ്ഥാപനം ഓയോ റൂംസ്. പുതുമയുള്ള ഒരു ആശയത്തെ പ്രയോഗികമാക്കുന്നതിലൂടെ നേട്ടം കൊയ്യാനാവുമെന്ന വിശ്വാസമാണ് ഓയോ എന്ന സംരംഭത്തെ വിജയത്തിലെത്തിക്കാൻ റിതേഷിനെ തുണച്ചത്.

ഒഡിഷയിലെ ബിസാംകട്ടക്കിൽ ഒരു ബിസിനസ് കുടുംബത്തിൽ 1993ലാണ് റിതേഷിന്റെ ജനനം. ചെറുപ്പം മുതൽ കംപ്യൂട്ടർ സോഫ്‌റ്റ്‌വെയറിൽ താൽപര്യം പ്രകടിപ്പിച്ച മകനെ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 2009ൽ രാജസ്ഥാനിൽ എത്തിയതോടെ കൂടുതൽ ആളുകളുമായി ഇടപഴകുന്നതിനുള്ള അവസരം ലഭിച്ച റിതേഷ് നിരവധി സംരംഭകരുമായി സൗഹൃദത്തിലായി. പുതിയ ആശയങ്ങള്‍ രൂപീകരിക്കുവാനും സംരംഭകത്വത്തിന്റെ പാഠങ്ങൾ അഭ്യസിക്കുവാനുമായി ആഴ്ചതോറും ഡൽഹിയിലേക്കു സഞ്ചരിക്കുമായിരുന്നു. റിതേഷിന്റെ യാത്രകൾക്കിടെയാണ് ഒരാശയം മനസിലുദിച്ചത്. യാത്രാമധ്യേ താമസ സൗകര്യം കണ്ടെത്തുന്നതിൽ നേരിടുന്ന പ്രശ്നത്തിനൊരു പരിഹാരം വേണം. ചുരുങ്ങിയ വാടകയ്ക്കു മേന്മയേറിയ താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളും അപ്പാർട്ടുമെന്റുകളും യാത്രക്കാരെ പരിചയപ്പെടുത്തുന്ന ഒറാവൽസ് സ്റ്റേയ്സ് എന്ന സംരംഭം 2012ൽ ആരംഭിച്ചു. 2013ൽ ഓയോ റൂംസ് (OYO Rooms) എന്ന്് പുനർനാമകരണം ചെയ്ത സംരംഭം ഇന്നു ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമാണ്.

മൊബൈൽ ആപ്പിന്റെ സഹായത്താൽ വിവിധ നഗരങ്ങളിൽ ചുരുങ്ങിയ ചെലവിൽ നിലവാരമുള്ള താമസസൗകര്യവും ഭക്ഷണവും തരപ്പെടുത്തി കൊടുക്കുന്ന സംരംഭം ഇടത്തരം സാമ്പത്തിക ശേഷിയുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒരു കോടിയിലേറെ ആളുകളാണ് ഓയോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഓയോ (OYO) എന്നാൽ ഓൺ യുവർ ഓൺ (On Your Own) എന്നാണർത്ഥം. ബിരുദപഠനത്തിനായി ചേർന്നെങ്കിലും പഠനം പൂർത്തീകരിക്കാനാവാത്ത റിതേഷിന്റെ സംരംഭത്തിൽ ഉന്നത ബിരുദധാരികളായ നിരവധി ആളുകൾ തൊഴിലെടുക്കുന്നു.

ഏതൊരു സംരഭത്തിന്റെയും വിജയത്തിന് അനിവാര്യമായ മൂലധനം സമാഹരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ റിതേഷും അനുഭവിച്ചിരുന്നു. എന്നാൽ വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ഈ യുവ സംരംഭകന്റെ പ്രവർത്തന രീതി നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കി. ഉന്നതമായ സ്വപ്നങ്ങളും അവയെ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയുമുള്ളവർക്ക് വിജയിക്കാനാവും എന്ന് ഈ യുവാവ് നമ്മെ പഠിപ്പിക്കുന്നു. 2013ൽ ഏറ്റവും മികച്ച ബിസിനസ് ആശയത്തിനുള്ള ആഗോള പുരസ്കാരമായ തീൽ ഫെലോഷിപ്പ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റിതേഷ്. ഇന്ത്യയിൽ തുടക്കംകുറിച്ച ഓയോ ഇപ്പോൾ ഏഴു വിദേശ രാജ്യങ്ങളിലടക്കം ആയിരക്കണക്കിനു ഹോട്ടലുകളുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഹോട്ടൽ 'ശൃംഖലയായി' വളർന്നിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com