ADVERTISEMENT

ഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്ത് അജയ് ബഹദൂര്‍ സിങ്ങിന്റെ ആഗ്രഹം. എന്‍ജിനീയറായ പിതാവും മകനെ ഡോക്ടറായി കാണാന്‍ കൊതിച്ചു. പക്ഷേ, അപ്രതീക്ഷിതമായി പിതാവിനുണ്ടായ അസുഖവും തുടര്‍ന്ന് നടന്ന കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും ഈ കുടുംബത്തിന്റെ താളം തെറ്റിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സ്വന്തമായുണ്ടായിരുന്ന സ്ഥലമെല്ലാം വില്‍ക്കേണ്ടി വന്നു. ജീവിക്കാന്‍ വേണ്ടി അജയ് ബഹദൂര്‍ ചായയും സിറപ്പും വിറ്റു. ഡോക്ടര്‍ സ്വപ്നം പൊലിഞ്ഞെങ്കിലും ഒഡീഷയിലെ നിരവധി പാവപ്പെട്ട വിദ്യാർഥികളെ ഇന്ന് ഡോക്ടര്‍മാരാക്കി മാറ്റുകയാണ് ഈ പഴയ ചായ വില്‍പനക്കാരന്‍.

സിന്ധഗി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലൂടെയാണ് അജയ് ബഹദൂര്‍ പാവപ്പെട്ട വിദ്യാർഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി അവരെ എംബിബിഎസുകാരാക്കി മാറ്റുന്നത്. ഫൗണ്ടേഷനിലൂടെ പഠിച്ച് 14 പേരാണ് ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പാസ്സായത്. കഴിഞ്ഞ വര്‍ഷം 18 വിദ്യാർഥികള്‍ സിന്ധഗിയിലൂടെ നീറ്റ് പാസ്സായിരുന്നു.

പിതാവിന്റെ രോഗബാധയെ തുടര്‍ന്ന് കുടുംബം നോക്കാന്‍ ചായ വില്‍ക്കാന്‍ ആരംഭിച്ചെങ്കിലും അജയ് പഠനം മുടക്കിയിരുന്നില്ല. ജോലി ചെയ്തു കൊണ്ട് തന്നെ സോഷ്യോളജിയില്‍ ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് കുറച്ചു കാലം സോഡാ മേയ്ക്കിങ് മെഷീനുകള്‍ വിറ്റു. ഒപ്പം വിദ്യാർഥികള്‍ക്കു ട്യൂഷനുകളുമെടുത്തു. പലതരം ജോലികള്‍ ചെയ്ത് സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നു കരകയറിയതോടെയാണ് അജയ് ബഹദൂര്‍ തന്റെ സ്വപ്നം മറ്റുള്ളവരിലൂടെ സാക്ഷാത്ക്കരിക്കാനുള്ള ശ്രമം തുടങ്ങിയത്. 

2010ല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബീഹാറില്‍ ഐഐടി ജെഇഇ പരിശീലനം നല്‍കുന്ന ആനന്ദ് കുമാറിന്റെ സൂപ്പര്‍ 30 ആയിരുന്നു അജയ് ബഹദൂറിന്റെ പ്രചോദനം. പാവപ്പെട്ട ചുറ്റുപാടുകളിലുള്ള, എന്നാല്‍ നന്നായി പഠിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തുടങ്ങി. ആദ്യം രണ്ടും മൂന്നു വിദ്യാർഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2012ല്‍ മൂന്നു വിദ്യാർഥികള്‍ക്കു മെഡിക്കല്‍ കോളജ് പ്രവേശനം ലഭിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ എണ്ണം ഉയരുകയും സിന്ധഗി ഫൗണ്ടേഷനുണ്ടാവുകയും ചെയ്തു. 

ആദ്യന്ത് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സിന്ധഗി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപതോളം അധ്യാപകര്‍ വിദ്യാർഥികള്‍ക്കു പരിശീലനം നല്‍കാന്‍ ഇവിടെയുണ്ട്. വിദ്യാർഥികളുടെ താമസം, ഭക്ഷണം, പരിശീലന ചെലവ് എന്നിവയെല്ലാം ഫൗണ്ടേഷന്‍ ഏറ്റെടുത്തു. വിദ്യാർഥികളില്‍ നിന്നു തിരികെ ഒന്നും അജയ് ബഹദൂറോ ഫൗണ്ടേഷനോ ആഗ്രഹിക്കുന്നില്ല. തന്റെ വിദ്യാർഥികള്‍ പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കണമെന്ന് മാത്രമാണ് അജയ് ബഹദൂര്‍ ആവശ്യപ്പെടുന്ന ഗുരുദക്ഷിണ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com