നാലാമത്തെ പെൺകുട്ടിക്ക് 'വേണ്ടാം' എന്ന് പേരിട്ടു; ഇന്നവൾ 22 ലക്ഷം രൂപ വാർഷിക ശമ്പളം നേടുന്ന കണ്മണി!
Mail This Article
‘വേണ്ടാം’- തിരുവള്ളൂർ നാരായണപുരം ഗ്രാമത്തിലെ കർഷകത്തൊഴിലാളികളായ അശോകൻ- ഗൗരി ദമ്പതികളുടെ നാലാമത്തെ മകളുടെ പേരാണിത്. (ഞങ്ങൾക്ക്) വേണ്ടായെന്ന് അർഥം. 3 പെൺകുട്ടികൾക്കു പിന്നാലെ ആൺകുട്ടിക്കു വേണ്ടി കാത്തിരുന്നെങ്കിലും നാലാമതും പെൺകുട്ടിയെത്തിയപ്പോൾ അനിഷ്ടം പേരിലും നിറഞ്ഞു.
അന്നു വേണ്ടാതിരുന്ന അവൾ ഇന്നു കുടുംബത്തിന്റെ മാത്രമല്ല, ഗ്രാമത്തിന്റെ മുഴുവൻ അഭിമാനമാണ്. ബിടെക് പൂർത്തിയാക്കിയ വേണ്ടാമിനെ ജപ്പാനിലെ സ്വകാര്യകമ്പനി ജോലിക്കെടുത്തത് 22 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ. പെൺകുട്ടികളുടെ ക്ഷേമത്തിനുള്ള ബ്രാൻഡ് അംബാസഡറായി ഈ മിടുക്കിയെ കലക്ടർ നിയമിക്കുകയും ചെയ്തു.
പേരിലെ അതൃപ്തി മകളോടു കാണിച്ചിട്ടില്ലെന്നു കുടുംബം പറയുന്നു. മകളുടെ ആഗ്രഹപ്രകാരമാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിനു ചേർത്തത്. അതിനൊപ്പം ജാപ്പനീസ് ഭാഷകൂടി പഠിച്ചത് ക്യാംപസ് റിക്രൂട്മെന്റിൽ സഹായമായി.
എന്നാൽ, ചെറുപ്പത്തിൽ പേരു മൂലം കണ്ണീരു കുടിച്ചിട്ടുണ്ടെന്നു വേണ്ടാം പറഞ്ഞു. സ്കൂളിലെ കൂട്ടുകാർ പേരുവിളിച്ചു കളിയാക്കും. സഹിക്കാനാകാതെ ഒരിക്കൽ അശോകൻ മകളുടെ പേരു മാറ്റാൻ ശ്രമം നടത്തി. എന്നാൽ, അതിന്റെ നടപടിക്രമങ്ങളിൽ വട്ടംചുറ്റാൻ സമയമില്ലാത്തതിനാൽ ഉപേക്ഷിച്ചു. പേരിലല്ല കാര്യമെന്നു തിരിച്ചറിഞ്ഞതോടെ വേണ്ടാമും അക്കാര്യം ഗൗനിക്കാതായി. അച്ഛനോടും അമ്മയോടും പരിഭവവും ഇല്ല. ‘അവർക്ക് അന്നും എന്നോടു നിറയെ സ്നേഹമാണ്. മറ്റുള്ളവരുടെ വാക്കുകളും കാരണവന്മാരുടെ പരാതികളുമാണ് അവരെ സമ്മർദത്തിലാക്കിയത്’. സന്തോഷക്കണ്ണീർ തുടച്ച് അശോകനും പറയുന്നു. ‘എന്റെ പൊന്നുമോളെ ഞങ്ങൾക്കു വേണം. പെൺകുട്ടികൾ ബാധ്യതയല്ല, അനുഗ്രഹമാണ്.