ADVERTISEMENT

ഐഎഎസ്, ഐപിഎസ് പോലുള്ള ജോലികളിലേക്കുള്ള ചിലരുടെ നടന്നു കയറ്റം തികച്ചും നേര്‍രേഖയിലായിരിക്കും. സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ മികവുള്ള വിദ്യാർഥി. അതിനു ശേഷം ഉന്നത കോളജുകളില്‍ റാങ്കോടു കൂടി ബിരുദം, ബിരുദാനന്തരബിരുദം. ഇതിനിടയില്‍ പ്രശസ്തമായ കോച്ചിങ് സെന്ററില്‍ പരിശീലനം. ഒടുവിലൊരു ദിനം പ്രതീക്ഷിച്ചിരുന്ന സിവില്‍ സര്‍വീസ് റാങ്ക്. 

എന്നാല്‍ മറ്റു ചിലരുണ്ട്. നന്നായി പഠിക്കുമെങ്കിലും സാഹചര്യങ്ങള്‍ കൊണ്ടു കുടുംബം നോക്കാന്‍ മറ്റു പല ജോലിയും ചെയ്യേണ്ടി വന്നവര്‍. ആ ജോലിക്കിടയിലും ഉള്ളിലെ സിവില്‍ സര്‍വീസ് സ്വപ്നം അണയാതെ ഒരു കനല്‍ പോലെ കൊണ്ടു നടക്കുന്നവര്‍. അവരില്‍ ചിലരൊക്കെ ഊതിക്കാച്ചിയ പൊന്നു പോലെ ഈ സ്വപ്നത്തെ നിരന്തര പരിശ്രമത്തിലൂടെ സ്വന്തമാക്കും. യുപിക്കാരന്‍ സൂരജ് പരിഹറുടെ കഥയും അത്തരത്തിലുള്ളതാണ്. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, ഇംഗ്ലീഷ് സ്പീക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ, മാര്‍ക്കറ്റിങ് ജോലിക്കാരന്‍, ബാങ്കിലെ മാനേജര്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ എന്നിങ്ങനെ പല ജോലികള്‍ ചെയ്ത് തന്റെ 30-ാം വയസ്സിലാണ് സൂരജ് ഒരു ഐപിഎസ് ഓഫീസറാകുന്നത്. 

കാണ്‍പൂരിലെ ഒരു സാധാരണ ഹിന്ദി മീഡിയം സ്‌കൂളിലായിരുന്നു പഠനം. അക്കാദമിക രംഗത്ത് മാത്രമല്ല, സ്‌പോര്‍ട്‌സിലും സര്‍ഗ്ഗാത്മക രചനയിലും എന്നും മുന്‍ പന്തിയിലായിരുന്നു സൂരജ്. 2000ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍ നിന്ന് സര്‍ഗ്ഗാത്മക രചനയ്ക്കും കവിതയ്ക്കുമുള്ള ദേശീയ ബാല്‍ ശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി സൂരജ് താരമായി.

2001ല്‍ 81 ശതമാനം മാര്‍ക്കോടെയാണ് സൂരജ് പന്ത്രണ്ടാം ക്ലാസ് പാസ്സാകുന്നത്. മികച്ച ധാരാളം കോളജുകളില്‍ എളുപ്പത്തില്‍ അഡ്മിഷന്‍ കിട്ടുമായിരുന്നു. എന്നാല്‍ സൂരജിന് മറ്റു ചില പദ്ധതികളാണ് ഉണ്ടായിരുന്നത്. തന്റെ കൂട്ടുകുടുംബത്തിലെ ഒരേയൊരു വരുമാനക്കാരന്‍ സുരജിന്റെ പിതാവായിരുന്നു. ഒരു ജോലി ചെയ്ത് പിതാവിന്റെ ഈ കഷ്ടപ്പാടിന് ഒരു കൈത്താങ്ങാകാനാണ് സൂരജ് ആഗ്രഹിച്ചത്. അതു കൊണ്ട് ഹാജരിന്റെ കാര്യത്തിലൊന്നും വലിയ നിര്‍ബന്ധം പിടിക്കാത്ത ഒരു ചെറിയ കോളജില്‍ ബിരുദപഠനത്തിനായി ചേര്‍ന്ന് കൊണ്ട് സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപനമാണ് സൂരജ് ആരംഭിച്ചത്. 

സുഹൃത്ത് അശ്വനിയുമായി ചേര്‍ന്ന് ഒരു വാടക കെട്ടിടത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്ങനെ തുടങ്ങി. ഹിന്ദി മീഡിയത്തില്‍ പഠിച്ച സൂരജ് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ പഠിച്ചതിന്റെ കാരണം സ്‌കൂളില്‍ വച്ച് ലഭിച്ച ബാല്‍ശ്രീ പുരസ്‌ക്കാരമായിരുന്നു. അതിന്റെ സോണല്‍, നാഷണല്‍ സെലക്ഷന്‍ റൗണ്ടുകളില്‍ പങ്കെടുക്കാനെത്തിയ സൂരജിന് ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്ന നഗരത്തിലെ കുട്ടികളെ കാണുമ്പോള്‍ അപകര്‍ഷതാ ബോധം തോന്നിയിരുന്നു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും മനസ്സിലാക്കാനുമൊക്കെ കഴിഞ്ഞിരുന്നെങ്കിലും നന്നായി സംസാരിക്കാന്‍ സൂരജിന് അന്ന് അറിയില്ലായിരുന്നു. കാരണം വീട്ടിലോ സ്‌കൂളിലോ ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാന്‍ ആരും കൂട്ടില്ലായിരുന്നു. 

ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചു തുടങ്ങിയും ഇംഗ്ലീഷ് ചാനലുകള്‍ കണ്ടും കണ്ണാടിയില്‍ നോക്കി അവനവനുമായി ഇംഗ്ലീഷില്‍ സംസാരിച്ചുമൊക്കെയാണ് സൂരജ് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ പഠിച്ചത്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോള്‍ തന്നെ നൂറോളം വിദ്യാർഥികളുടെ രജിസ്‌ട്രേഷന്‍ നടന്നു. പക്ഷേ, കെട്ടിടയുടമയുമായിട്ട് ഉണ്ടായ ഒരു തര്‍ക്കം മൂലം അത് ഉടനെ തന്നെ അടച്ചു പൂട്ടേണ്ടി വന്നു. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാര്‍ക്കറ്റിങ് ജോലി ലഭിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. 

പിന്നീടാണ് ഒരു വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി ഒരു കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവാകുന്നത്. ഏഴു റൗണ്ട് ഇന്റര്‍വ്യൂവിനു ശേഷം സൂരജ് ലിസ്റ്റിലെത്തി. അങ്ങനെ കാണ്‍പൂര്‍ വിട്ടു നോയിഡയിലെത്തി. വീട്ടിലേക്കയക്കാന്‍ അല്‍പം പണം സമ്പാദിക്കണം, ബിരുദം പൂര്‍ത്തിയാക്കണം, യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കണം ഇതായിരുന്നു ലക്ഷ്യം. എന്നാല്‍ കോള്‍ സെന്ററിലെ വോയിസ്, ആക്‌സന്റ് ട്രെയിനിങ്ങിന് ശേഷം സൂരജ് പരീക്ഷയില്‍ പരാജയപ്പെട്ടു. ഉടന്‍ സ്ഥലം വിട്ടോളാന്‍ കമ്പനി പറഞ്ഞെങ്കിലും സൂരജ് മാനേജര്‍ കനിഷ്‌കിനെ കണ്ടു തനിക്ക് ഒരു അവസാന അവസരം കൂടി നല്‍കണമെന്ന് താണു കേണ് അപേക്ഷിച്ചു. 

കഴിവ് തെളിയിക്കാന്‍ ഒരു മാസം സമയം സൂരജിന് അങ്ങനെ ലഭിച്ചു. പിന്നെ കണ്ടതു പുറത്താക്കാന്‍ കമ്പനി നിശ്ചയിച്ച സൂരജ് ടെസ്റ്റ് പാസ്സാകുന്നതും കമ്പനിയിലെ ടോപ്പ് പെര്‍ഫോമറായി മാറുന്നതുമായിരുന്നു. ആദ്യ അപ്രൈസലില്‍ തന്നെ 60 ശതമാനം ശമ്പള വര്‍ദ്ധന കമ്പനി നല്‍കി. ഇതൊക്കെയാണെങ്കിലും സൂരജ് സന്തോഷവാനായിരുന്നില്ല. ഇതല്ല തന്റെ ലക്ഷ്യമെന്ന് സൂരജിന് അറിയാമായിരുന്നു. അങ്ങനെ അവിടെ നിന്ന് രാജി വച്ചു. കമ്പനി വൈസ് പ്രസിഡന്റ് ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്‌തെങ്കിലും രാജി തീരുമാനത്തില്‍ ഉറച്ചു നിന്നു. അതു വരെ നേടിയ ചെറിയ നിക്ഷേപങ്ങളുമായി അങ്ങനെ സൂരജ് ഡല്‍ഹിക്ക് വണ്ടി കയറി. യുപിഎസ്‌സി പരിശീലനം ആരംഭിച്ചു. പക്ഷേ, ആറു മാസം കൊണ്ടു കൈയ്യിലെ പണമെല്ലാം തീര്‍ന്നു. 

എന്തെങ്കിലും ജോലി ചെയ്യാതെ പറ്റില്ലെന്നായതോടെ ബാങ്ക് പിഒ പരീക്ഷയ്ക്കു ശ്രമിക്കാന്‍ തുടങ്ങി. എട്ടു ബാങ്കുകളിലേക്കുള്ള പരീക്ഷ എഴുതിയതില്‍ എട്ടിലും വിജയിച്ചു. അങ്ങനെ നാലു മാസം താനെയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജോലി ചെയ്തു. അതേ സയത്താണു എസ്ബിഐയില്‍ പിഒയായി ജോലി ലഭിക്കുന്നത്. അങ്ങനെ ആഗ്ര, ഡല്‍ഹി, റൂര്‍ക്കി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ചമോളിയിലേക്കു ബാങ്ക് മാനേജറായി ഉദ്യോഗക്കയറ്റത്തോടെ പോസ്റ്റിങ് ലഭിച്ചപ്പോഴാണ് സൂരജ് അടുത്ത കടുത്ത തീരുമാനം എടുത്തത്. ചമോളിയിലേക്ക് പോയാല്‍ താന്‍ തന്റെ സ്വപ്നത്തില്‍ നിന്ന് എന്നെന്നേക്കുമായി അകന്നു പോകുമെന്നു സൂരജിന് അറിയാമായിരുന്നു. അങ്ങനെ വീണ്ടും ഒരു രാജി. 

എന്നാല്‍ തൊഴില്‍ രഹിതനായിരിക്കുക എന്ന റിസ്‌ക് ഒഴിവാക്കാന്‍ ഇതിനിടെ സൂരജ് എസ്എസ്‌സി കമ്പൈന്‍ഡ് ഗ്രാജുവേറ്റ് പരീക്ഷ പാസ്സായി കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്‍സ്‌പെക്ടറായി ജോലി സ്വന്തമാക്കിയിരുന്നു. ബാങ്കു ജോലിയില്‍ നിന്നു വ്യത്യസ്തമായി തന്റെ സ്വപ്നം പിന്തുടരാനുള്ള സമയം പുതിയ ജോലി സൂരജിനു നല്‍കി. 

എസ്ബിഐയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ 2011ലായിരുന്നു സൂരജിന്റെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷാ ശ്രമം. ഇതില്‍ ഇന്റര്‍വ്യൂ ഘട്ടം വരെയെത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ റാങ്കു നഷ്ടമായി. 2012ല്‍ വീണ്ടും എഴുതിയെങ്കിലും മെയിന്‍ പരീക്ഷയില്‍ പരാജിതനായി. മൂന്നാം ശ്രമത്തില്‍ ഒടുവില്‍ റാങ്കു പട്ടികയിലെത്തിയെങ്കിലും ഇന്ത്യന്‍ റവന്യൂ സര്‍വീസ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അടുത്ത ശ്രമം അവസാന ശ്രമമാകുമോ എന്നു ശങ്കിച്ചിരിക്കുമ്പോള്‍ ഗവണ്‍മെന്റ് രണ്ട് അധിക ശ്രമങ്ങളും പ്രായപരിധിയില്‍ രണ്ടു വര്‍ഷത്തെ ഇളവും അനുവദിച്ചു. എന്നാല്‍ ഒരു ഐപിഎസ് റാങ്കിനു വേണ്ടി സൂരജിന് അവസാന ശ്രമം വരെ കാത്തിരിക്കേണ്ടി വന്നില്ല. അടുത്ത ശ്രമത്തില്‍ തന്നെ അഖിലേന്ത്യ തലത്തില്‍ 189-ാം റാങ്കോടെ ഒടുവില്‍ ഐപിഎസിലേക്ക് സൂരജ് ചുവട് വച്ചു. നിലവില്‍ ചത്തീസ്ഗഢിലെ നക്‌സല്‍ബാധിത പ്രദേശമായ ദന്തേവാഡയിലെ എഎസ്പിയാണ് സൂരജ്. കഠിനാധ്വാനമുണ്ടെങ്കില്‍ ഏതു സ്വപ്നവും അത്ര വലുതല്ല എന്നതാണു യുവാക്കളോടുള്ള സൂരജിന്റെ ഉപദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com