മാതൃകാ പരീക്ഷകളിൽ മാറ്റുരച്ചു; ഇടം പിടിച്ചത് 13 പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ!
Mail This Article
മാതൃകാ പരീക്ഷകളിൽ മാറ്റുരച്ച് നേടിയ വിജയമാണ് സജിത്തിന്റേത്. പഠനം കൊണ്ടുമാത്രമായില്ല, സമയബന്ധിതമായി പരീക്ഷ എഴുതി പൂർത്തിയാക്കാൻ ഇതിലും മികച്ച മാർഗം വേറെയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. 13 പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ സജിത്തിന്റെ മികച്ച വിജയത്തിനു പിന്നിൽ ഈ ‘മാതൃകാ പരിശീലനം’ കൂടിയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കൊല്ലം ജില്ലാ പഞ്ചായത്തിൽ ഒാഫിസ് അറ്റൻഡന്റായി ജോലി ചെയ്യുകയാണ് സജിത്ത്.
കെമിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ നേടിയ ശേഷമാണ് പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങുന്നത്. ചവറയിലെ ഗൈഡൻസ് കോച്ചിങ് സെന്ററിലായിരുന്നു തുടക്കം. തുടക്കം ഗംഭീരമായതോടെ സർക്കാർ ജോലി നേടാനുള്ള അഭിനിവേശവും ശക്തമായി. സുഹൃത്തുക്കളായ 6 പേർക്കൊപ്പം കംബൈൻഡ് സ്റ്റഡിയും നടത്തിയിരുന്നു. ഇതിൽ 5 പേർക്കും ഇതിനകം സർക്കാർ ജോലി ലഭിച്ചു. ഒരാൾ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പഠനത്തിന് തൊഴിൽവീഥിയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഉദ്യഗാർഥികൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു വിഷയങ്ങളായ ഗണിത്തതിനും ഇംഗ്ലിഷിനും പ്രാധാന്യം നൽകിക്കൊണ്ട് തൊഴിൽവീഥി നൽകുന്ന പരീക്ഷാ പരിശീലനങ്ങൾ ഏറെ മികച്ചതാണ്. ഇവ വളരെ ലളിതമാക്കി അവതരിപ്പിക്കുന്ന ശൈലിയാണ് തൊഴിൽവീഥിയിൽ. ഈ വിഷയങ്ങളെ ഒട്ടും ഇഷ്ടപ്പെടാത്തവർക്കു പോലും ഫുൾമാർക്ക് ഉറപ്പിക്കാം.
എൽഡി ക്ലാർക്ക്, സിവിൽ എക്സൈസ് ഒാഫിസർ, സിവിൽ പൊലീസ് ഒാഫിസർ, ഫയർമാൻ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തുടങ്ങി 13 പിഎസ്‌സി ലിസ്റ്റുകളിൽ സജിത്ത് ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ നിയമനം കൊല്ലം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു. പിന്നീട് ഫയർമാൻ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശ ലഭിച്ചെങ്കിലും സ്വന്തം നാട്ടിൽതന്നെ ജോലി ചെയ്യാൻ ഇവയൊക്കെ വേണ്ടെന്നു വച്ചു.
ചവറ പുതുക്കാട് ശ്രീലകത്തിൽ രാജന്റെയും സോമവല്ലിയുടെയും മകനാണ്. ജോലി ലഭിച്ചെങ്കിലും പിഎസ്‌സി പരീക്ഷാ പരിശീലനം അവസാനിപ്പിച്ചിട്ടില്ല. ജോലിക്കിടെ വീണുകിട്ടുന്ന സമയമെല്ലാം ഇപ്പോഴും പഠനത്തിനായി വിനിയോഗിക്കുന്നു.
‘‘പ്രധാന പരീക്ഷകളോടനുബന്ധിച്ച് തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കാറുള്ള മാതൃകാ ചോദ്യപേപ്പറുകളോടായിരുന്നു ഏറെ ഇഷ്ടം. ഇവ ബബിൾ ചെയ്തുതന്നെ പരിശീലിക്കും. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷാ പരിശീലനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചിരുന്ന മാതൃകാ പരീക്ഷകളിൽ തുടക്കത്തിൽ 60 മാർക്കാണ് ലഭിച്ചിരുന്നതെങ്കിലും ക്രമേണ ഇത് 100ൽ എത്തിക്കാൻ കഴിഞ്ഞു’’.