ബിടെക്ക് പഠിക്കാനായി പപ്പട കച്ചവടം; ഒടുവിൽ മികച്ച വിജയം; ഇത് സഫീക്കിന്റെ കഥ
Mail This Article
ബിടെക് പഠനത്തിനായി തടിച്ച പുസ്തകങ്ങൾ ഏന്തി നടന്ന സഫീക്കിന്, വിൽക്കാനുള്ള പപ്പടക്കെട്ടുകൾ ഭാരമേ അല്ല. ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ സ്ഥിരമെത്തുന്ന പലരും സഫീക്ക് ബിടെക്കുകാരനാണ് എന്നു തിരിച്ചറിയാതെ പപ്പടം വാങ്ങാൻ കാത്തു നിൽക്കും. അമ്പലപ്പുഴ കാക്കാഴം സഫീർ മൻസിലിൽ ഷറഫുദീൻ– സുബൈദാ ബീഗം ദമ്പതികളുടെ മകൻ എസ്.സഫീക്ക് ഇന്ന് വിദ്യാർഥികൾക്കും യുവാക്കൾക്കും പ്രചോദനത്തിന്റെ പുത്തൻ മാതൃകയാണ്.
തിരുനൽവേലി പിഎസ്എൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് 84 % മാർക്കോടെ ബിടെക് (മെക്കാനിക്കൽ) ജയിച്ച സഫീഖ് ശനി, ഞായർ ദിവസങ്ങളിൽ മുല്ലയ്ക്കൽ തെരുവിൽ പപ്പടം വിറ്റാണ് പഠനച്ചെലവ് കണ്ടെത്തിയത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ അറിഞ്ഞു വളർന്ന സഫീക്ക് ചെറുപ്പത്തിലേ തീരുമാനിച്ചതാണ്, ഉമ്മച്ചിയെ അധികം പ്രയാസപ്പെടുത്താതെ ചെലവിനുള്ള മാർഗം കണ്ടെത്തണം എന്ന്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫെയർകോപ്പി സൂപ്രണ്ടായി വിരമിച്ച ഉമ്മ സുബൈദയുടെ സമ്പാദ്യം ഉപയോഗിച്ചാണ് ബിടെക് പഠനം തുടങ്ങിയത്. മൂന്നാം സെമസ്റ്ററിൽ എത്തിയപ്പോൾ സ്വന്തം കച്ചവടത്തിന്റെ ലാഭത്തിൽ നിന്നു പഠനച്ചെലവു കണ്ടെത്തിത്തുടങ്ങി. ബിടെക്കിനു ശേഷം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് കോഴ്സ് പഠിക്കുന്നു. അതിനിടയിലും മുല്ലയ്ക്കലിൽ കച്ചവടത്തിനെത്തും. ദിവസം 500 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.
പ്ലസ് ടുവിനു 64% മാർക്ക് മാത്രം വാങ്ങിയ സഫീക്ക് എങ്ങനെ ബിടെക്കിന് എങ്ങനെ ഉന്നതവിജയം നേടി? കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ചെലവാക്കിയുള്ള പഠനമാണല്ലോ, അപ്പോൾ നന്നായി പഠിക്കേണ്ടേ? – സഫീക്കിന്റെ മറുപടി.