അനിൽ ബാബു പരത്തുന്നു, വിദ്യയുടെ പ്രകാശം
Mail This Article
ടെലിവിഷനിലെ വർണ വെളിച്ചം അധ്യാപകനായ അനിൽ ബാബു കണ്ടിട്ടില്ല. എന്നാൽ, വിദ്യാർഥികൾക്കു സാമൂഹിക പാഠത്തിന്റെ നല്ല വെളിച്ചം പകർന്നു നൽകാൻ കണ്ണിലെ ഇരുട്ട് അനിൽ ബാബുവിനു തടസ്സമല്ല. വിക്ടേഴ്സിന്റെ ഫസ്റ്റ്ബെല്ലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് സംപ്രേഷണം ചെയ്യുന്ന ഒൻപതാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നതു പൂർണമായും കാഴ്ച നഷ്ടപ്പെട്ട അനിൽ ബാബുവാണ്.
എറണാകുളം പഴന്തോട്ടം ഗവ. ഹൈസ്കൂളിലെ അധ്യാപകനാണു പാങ്കോട് കാക്കേത്ത് കെ.പി. അനിൽ ബാബു. അന്ധ അധ്യാപക കൂട്ടായ്മ തയാറാക്കി നൽകിയ പാഠപുസ്തകത്തിന്റെ ശബ്ദ ഫയലുകൾ കേട്ടാണു ക്ലാസുകൾക്കു തയാറെടുത്തത്. ഭാര്യ ഷിനിയും രണ്ടാം ക്ലാസ് വിദ്യാർഥിയായ മകൾ ആരാധ്യയും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പം നിന്നു.
പാഠഭാഗങ്ങൾ മുഴുവൻ കാണാപാഠമാക്കിയും ബ്രെയിൽ ലിപിയിൽ നോട്ടുകൾ തയാറാക്കിയുമാണു വിക്ടേഴ്സിലെ ക്ലാസെടുക്കാൻ ഒരുങ്ങിയതെന്ന് അനിൽ ബാബു പറഞ്ഞു.
ഒൻപതാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ ഒരു പാഠഭാഗമാണു വിക്ടേഴ്സ് ഫസ്റ്റ്‌ബെല്ലിൽ കൈകാര്യം ചെയ്തത്. 3 ക്ലാസുകളായാണ് അതു സംപ്രേഷണം ചെയ്യുക.1994ൽ പഴന്തോട്ടം ഗവ. ഹൈസ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയാണ് അനിൽ ബാബു എസ്എസ്എൽസി പാസായത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നിന്നു പ്രീഡിഗ്രിയും ഡിഗ്രിയും പാസായി. സ്പെഷൽ എജ്യുക്കേഷനിൽ അധ്യാപക പരിശീലന ഡിപ്ലോമയും സാമൂഹിക ശാസ്ത്രത്തിൽ ബിഎഡും നേടി. 2016ലാണു ഗവ. ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
English Summary: Victers Channel: First Bell