അനിയൻ തെളിച്ച വഴിയേ നടന്നു; ഒന്നാം റാങ്ക് സ്വന്തമാക്കി സജിത്കുമാർ
Mail This Article
അനിയൻ തെളിച്ച വഴിയേ നടന്ന ചേട്ടനാണ് സജിത്കുമാർ. അനിയന്റെ നേട്ടത്തെ മാതൃകയാക്കിയപ്പോൾ ഇത്രയും തിളക്കമുള്ള വിജയം സജിത്കുമാർ പ്രതീക്ഷിച്ചതേയില്ല. ഇടുക്കി ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ് ഇപ്പോൾ എസ്. സജിത്കുമാർ.
അനിയൻ സുജിത് കുമാർ സർക്കാർ ജോലിയിൽ പ്രവേശിച്ചതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സജിത്കുമാർ പിഎസ്‌സി പരീക്ഷാ പരിശീലനത്തിലേക്കു കടക്കുന്നത്. എംഎസ്‌സി ഇലക്ട്രോണിക്സ് പഠനത്തിനു ശേഷം വിദേശ ജോലിക്കു ശ്രമിക്കുമ്പോഴാണ് അനിയന് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിക്കുന്നത്. ഇതോടെ ജ്യേഷ്ഠനും ആ വഴി തിരഞ്ഞെടുത്തു. സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നേടിയ സജിത്കുമാർ ഇപ്പോൾ പത്തനംതിട്ടയിലാണ് ജോലി ചെയ്യുന്നത്.
ഇത് ആദ്യമായല്ല സജിത്കുമാർ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടുന്നത്. സേനാ വിഭാഗം തസ്തികകളോട് പ്രത്യേക താൽപര്യമുണ്ടായിരുന്നതിനാൽ നന്നായി പരിശ്രമിച്ചു. ചവറ, കൊറ്റൻകുളങ്ങര ഗൈഡൻസിലും കുറച്ചുനാൾ പരീക്ഷാ പരിശീലനം നടത്തി. സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ റാങ്ക് ലിസ്റ്റുകളിലൊക്കെ മികച്ച റാങ്കുകൾ നേടി. ആദ്യ നിയമനം സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു തന്നെയായിരുന്നു. ഇതിന്റെ ട്രെയിനിങ്ങിനിടെ അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു.
കൊല്ലം പടിഞ്ഞാറേ കല്ലട, കോയിക്കൽ ഭാഗം ഇടയിലമണപ്പുറത്ത് വീട്ടിൽ കെ. സന്തോഷ്കുമാറിന്റെയും എസ്. ജയയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി ഹൈസ്കൂൾ ടീച്ചറാണ്. ഇഷ്ടപ്പെട്ട വകുപ്പുകളിലേതിലെങ്കിലും നിയമനം ലഭിക്കുന്നെങ്കിൽ മാത്രമേ എൽഡി ടൈപ്പിസ്റ്റ് ജോലിയിൽ പ്രവേശിക്കൂവെന്നാണ് സജിത്കുമാറിന്റെ തീരുമാനം.
English Summary: Kerala PSC Success Story Of Sajithkumar