രോഗങ്ങൾക്കു മുന്നിൽ തളർന്നില്ല ; ഒന്നാം റാങ്കിന്റെ പൊൻതിളക്കത്തിലെത്തിയ വിമുക്തഭടൻ
Mail This Article
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഹരിലാലിനു നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നതു രോഗത്തോടാണ്. രോഗത്തെ തുരത്തി ഒടുവിൽ യുദ്ധം ജയിക്കുമ്പോൾ ഈ വിമുക്തഭടനു സന്തോഷിക്കാൻ പിഎസ്‌സി പരീക്ഷയിലെ ഒന്നാം റാങ്ക് എന്ന പൊൻതിളക്കം കൂട്ടിനുണ്ട്.
17 വർഷത്തെ സൈനിക സേവനത്തിനു ശേഷം പിഎസ്‌സി പരീക്ഷകൾക്കു തയാറെടുത്തു തുടങ്ങിയ ആർ.ഹരിലാനാണ് ആലപ്പുഴ ജില്ലയിലെ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് (വിമുക്തഭടൻമാർ) ഒന്നാം റാങ്ക്. ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് തുടങ്ങി അഞ്ചോളം റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടിയ ഹരിലാലിനു ലാബ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശയും ലഭിച്ചു.
ആലപ്പുഴ പല്ലന തൈപ്പറമ്പിൽ രവീന്ദ്രന്റെയും രാധാമണിയുടെയും മകനാണ്. സൈനികസേവനം ഇഷ്ടപ്പെട്ട് ആർമിയിൽ ചേരുകയായിരുന്നു. രോഗബാധിതനായി കാലുകൾക്കു ബലക്ഷയം വന്നിട്ടും പിഎസ്‌സി പരീക്ഷകൾ ജയിക്കാൻ നിരന്തരം പൊരുതി. പഠനത്തിനു തൊഴിൽ വീഥിയായിരുന്നു പ്രധാന ആശ്രയമെന്നു ഹരിലാൽ.
മനോരമ പത്രം, തൊഴിൽ വീഥി എന്നിവയുടെ സ്ഥിരം വരിക്കാരനായ ഹരിലാൽ വീടിനടുത്തു ഹരിദാസ് നടത്തുന്ന ബെസ്റ്റ് പുന്തല എന്ന സ്ഥാപനത്തിൽ പരീക്ഷാപരിശീലനം നടത്തിയിരുന്നു. ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റായി ഉടൻ നിയമനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകൾക്കു തയാറെടുപ്പു തുടരാൻ തന്നെയാണു ഹരിലാലിന്റെ തീരുമാനം. ഭാര്യ ലേഖ. മക്കൾ: ആദിത്യ (പ്ലസ് വൺ), അശ്വിൻ ലാൽ (എട്ടാം ക്ലാസ്).
‘‘തൊഴിൽ വീഥിയിൽ മൻസൂർ അലി കാപ്പുങ്ങൽ തയാറാക്കുന്ന പാഠഭാഗങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നതാണ്. പിഎസ്‌സി പരീക്ഷയിൽ ചോദിക്കുന്ന ഭൂരിഭാഗം ചോദ്യങ്ങളും തൊഴിൽ വീഥിയിലെ പരിശീലനങ്ങളിലുണ്ട്. ഒ.അബൂട്ടിയുടെ ഇംഗ്ലിഷ് പാഠങ്ങളും മികച്ച നിലവാരം പുലർത്തുന്നവയാണ്. തൊഴിൽ വീഥിയിലെ മോഡൽ ചോദ്യ പേപ്പറുകളും ഒന്നിനൊന്നു മികച്ചതു തന്നെ. പിഎസ്‌സി പരീക്ഷ എഴുതുന്നവർക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ ഈ മോഡൽ ചോദ്യ പേപ്പറുകൾ മാത്രം പരിശീലിച്ചാൽ മതി’’.
ആർ.ഹരിലാൽ
English Summary: Kerala PSC Success Story Of Harilal