മുങ്ങിയെടുത്തത് ഒട്ടേറെ ജീവനുകൾ, സാഹസികതയിൽ മാത്രമല്ല കാരുണ്യത്തിലും ടീം സ്പിരിറ്റ്; ഈ ഡൈവേഴ്സ് സൂപ്പറാ...
Mail This Article
ആഴങ്ങളിൽ വഴുതിമാറുമായിരുന്ന ജീവശ്വാസത്തെ തിരിച്ചു പിടിക്കാനെത്തുന്ന ആ വിരലുകളിൽ ദൈവം തന്റെ അടയാളം കൊത്തിവച്ചിരിക്കാം. കയങ്ങളിൽ നിന്ന്, ചുഴികളിൽ നിന്ന്, ആഴങ്ങളിൽ നിന്നു കൊച്ചി നോർത്ത് മൂലംകുഴി ചാലിയച്ചൻ വിൽഫ്രഡ് സി.മാനുവലും സംഘവും തിരിച്ചു പിടിച്ച ജീവനുകൾ ഒട്ടേറെയാണ്. ജീവനൊടുക്കാൻ നിലയില്ലാ വഴികൾ തേടിപ്പോയവരെയും കോരിയെടുക്കാൻ സദാ സന്നദ്ധരാണിവർ. ആഴങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയവരുടെ കണക്കു വിൽഫ്രഡ് സി.മാനുവൽ സൂക്ഷിച്ചിട്ടില്ല.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ റെസ്ക്യൂ ഡൈവിങ് സംഘമായ കൊച്ചി നോർത്ത് മൂലങ്കുഴിയിലെ ഇന്റർഡൈവ് ഡൈവിങ് സർവീസിന്റെ നായകനാണു വിൽഫ്രഡ്. പരിശീലനം സിദ്ധിച്ച ഡൈവർമാരാണു സംഘത്തിന്റെ സമ്പത്ത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും ചെറു വഞ്ചികളും യന്ത്രങ്ങളും ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പ്രവർത്തനം. നാവികസേനയും അഗ്നിശമന സേനയും മറ്റും പരാജയപ്പെടുന്നിടത്താണു വിൽഫ്രഡും സംഘവും സഹായവുമായെത്തുന്നത്.
കഴിഞ്ഞ മാസം ഷോളയാർ ഡാമിനോടു ചേർന്നുള്ള കനാലിൽ നീന്തുന്നതിനിടെ, കാണാതായ എംബിബിഎസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുക്കാൻ തമിഴ്നാട് സർക്കാർ സഹായം തേടിയതും വിൽഫ്രഡിന്റെ ടീമിനോടായിരുന്നു.
വിൽഫ്രഡിന്റെ കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല യുഎഇയിലാണെങ്കിലും ജീവകാരുണ്യത്തിന്റെ കർമ മേഖല കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമാണ്. ഇവർ ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവർത്തനം ഇവർക്കു മാത്രമേ സാധ്യമാകൂ. മൃതദേഹങ്ങൾ കണ്ടെത്താൻ ചെയ്യുന്ന ശ്രമങ്ങൾക്ക് ഇവർ പ്രതിഫലം വാങ്ങാറില്ല. വെള്ളപ്പൊക്ക സമയത്തും രക്ഷാപ്രവർത്തനത്തിനു വിൽഫ്രഡ് മാനുവലിന്റെ സംഘം സജീവമായിരുന്നു.
തുടക്കം
1988 മേയ് 26നു മട്ടാഞ്ചേരി വാർഫിനടുത്തുള്ള ചാനലിൽ ചരിഞ്ഞ മണ്ണുമാന്തി കപ്പൽ ‘മട്ടാഞ്ചേരി’യെ പൊക്കിയെടുക്കാൻ എത്തിയ ക്യാപ്റ്റൻ ഹരീഷ് ഡിൻഗ്രയുടെ ഡൽഹി കമ്പനി ‘ഓറിയന്റ് അണ്ടർ വാട്ടർ എൻജിനിയേഴ്സിന്’ ഒപ്പമാണു വിൽഫ്രഡ് ആദ്യം ജോലി ചെയ്തത്. ഡൈവിങ്ങിൽ പരിശീലനം നേടിയ ശേഷം ഗൾഫിൽ ജോലി ലഭിച്ചു . പിന്നീടു സ്വന്തം കമ്പനി തുടങ്ങി. ദുബായിലെ വമ്പൻ പദ്ധതികളിൽ പലതിലും പങ്കാളികളാണു വിൽഫ്രഡിന്റെ കമ്പനി. ബുർജ് ഖലീഫയോടു ചേർന്നു കാഴ്ചയുടെ വിസ്മയം ഒരുക്കുന്ന ഫൗണ്ടന്റെ ക്ലീനിങ് ചുമതല വർഷങ്ങളായി വിൽഫ്രഡിന്റെ കമ്പനിക്കാണ്.
150 അടിയിലേറെ ആഴത്തിൽ പോകാൻ കഴിയുന്ന മുങ്ങൽ വിദഗ്ധനാണു വിൽഫ്രഡ്. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേരെ ഡൈവിങ് മേഖലയിൽ എത്തിച്ചതും ഇദ്ദേഹമാണ്. പൊലീസ് സേനയ്ക്ക് അടക്കം ഇപ്പോൾ പരിശീലനം നൽകുന്നു. വിൽഫ്രഡിന്റെ കൊച്ചിയിലെ അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയിൽ ഇസ്രയേൽ മാർഷ്യൽ ആർട് ക്രവ് മാഗ, കയാക്കിങ്, കമേഴ്സ്യൽ ഡൈവിങ്, രക്ഷാ ദൗത്യങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.
ചിറ്റൂർ വടുതല ഹോളിഫാമിലി ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഐബിയാണു ഭാര്യ. മെഡിക്കൽ വിദ്യാർഥികളായ ഗാരി, റോസ്, എൻജിനീയറിങ് വിദ്യാർഥി ആൻ, പത്താം ക്ലാസ് വിദ്യാർഥി ഏയ്ഞ്ചൽ എന്നിവരാണു മക്കൾ. മക്കളെല്ലാം ഡൈവേഴ്സാണ്. കൂടാതെ, വിൽഫ്രഡിന്റെ സഹോദരൻമാരായ ഗോഡ്‌വിനും ഡിക്സനും ഡൈവേഴ്സാണ്.
ശ്രദ്ധിക്കാൻ
മികച്ച രീതിയിൽ നീന്തൽ അറിയാമെങ്കിലും ആ മേഖലയിലെ ജലാശയങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്ന നാട്ടുകാരോടു ചോദിച്ചിട്ടേ വെള്ളത്തിൽ ഇറങ്ങാവൂയെന്നു വിൽഫ്രഡ് പറയുന്നു. മറ്റൊന്ന്, സാഹസികതയും മദ്യവും കൂട്ടിക്കുഴയ്ക്കരുത്. ഇവ രണ്ടും ഒരുമിച്ചു പോകില്ല– മാരക മിശ്രിതമാണത്.
Content Summary : Success story of Wilfred C Manuel, founder, Interdive Diving Services