8 മണിക്കൂർ പഠനം, തയാറെടുത്തത് ജോലിയിൽ നിന്ന് അവധിയെടുത്ത്; ഇരട്ട റാങ്ക് നേട്ടത്തിന്റെ രഹസ്യമിത്: മാലിനി
Mail This Article
സിവിൽ സർവീസ് പരീക്ഷയ്ക്കും അഭിമുഖത്തിനും പിന്നാലെയായിരുന്നു എസ്. മാലിനിക്ക് കെഎഎസ് പരീക്ഷയും അഭിമുഖവും. അതിനാൽ വേറെ തയാറെടുപ്പു വേണ്ടിവന്നില്ല. സിവിൽ സർവീസ് പരീക്ഷയിൽ 135–ാം റാങ്കും കെഎഎസിന് ഒന്നാം റാങ്കുമായി ഇരട്ട നേട്ടം. ഹൈക്കോടതി അസിസ്റ്റന്റ് ജോലിയിൽ നിന്ന് അവധിയെടുത്തായിരുന്നു തയാറെടുപ്പ്.
ചെട്ടികുളങ്ങര ‘പ്രതിഭ’യിൽ അഡ്വ. പി.കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപിക എസ്.ശ്രീലതയുടെയും മൂത്ത മകളാണ് മാലിനി. ഹൈദരാബാദ് ഇഫ്ലുവിൽ നിന്ന് (ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി) ഇംഗ്ലിഷ് സാഹിത്യത്തിൽ ബിഎയും ഇംഗ്ലിഷ് ഭാഷാശാസ്ത്രത്തിൽ എംഎയും നേടി. ഡൽഹിയിലെ ബ്രിട്ടിഷ് കൗൺസിലിൽനിന്ന് കേംബ്രിജ് സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ് ടു അഡൽറ്റ്സ് (സെൽറ്റ) നേടിയിട്ടുണ്ട്. സ്പാനിഷ് ഭാഷയിൽ ഡിപ്ലോമയും കരസ്ഥമാക്കി. നിലവിൽ അണ്ണാമല സർവകലാശാലയിൽ എംഎ (ഇന്റർനാഷനൽ റിലേഷൻസ്) വിദ്യാർഥിനിയാണ്.
സാഹിത്യബന്ധമുള്ളതാണ് മാലിനിയുടെ കുടുംബം. പ്രഫ. എരുമേലി പരമേശ്വരൻ പിള്ളയുടെ മകന്റെ മകളാണ്; ഡോ. പുതുശേരി രാമചന്ദ്രന്റെ സഹോദരിയുടെ ചെറുമകളും.
∙ കെഎഎസ് അഭിമുഖത്തിൽ കടുപ്പമുള്ള ചോദ്യങ്ങളുണ്ടായിരുന്നോ?
ഇംഗ്ലിഷ് പഠിച്ച് മലയാളം മറന്നോ എന്നറിയാൻ ഒരു മലയാളം കവിത ചൊല്ലാൻ ആവശ്യപ്പെട്ടു. ഒഎൻവിയുടെ ‘അമ്മ’ എന്ന കവിതയിലെ വരികൾ ചൊല്ലി.
∙ അഭിമുഖത്തിലെ സ്മാർട് ഉത്തരങ്ങൾ ഏതൊക്കെ?
സിവിൽ സർവീസ് അഭിമുഖത്തിൽ ശ്രീനാരായണ ഗുരുവിനെപ്പറ്റി ചോദിച്ചതിനു നന്നായി ഉത്തരം നൽകി. ഹൈക്കോടതി അസിസ്റ്റന്റ് ജോലിയിൽ നിന്ന് അവധിയെടുത്ത് എത്തിയതുകൊണ്ടാകാം, കെഎഎസ് അഭിമുഖത്തിൽ ജുഡീഷ്യറിയെപ്പറ്റി ചോദിച്ചു.
∙ തയാറെടുപ്പിന്റെ ടൈം ടേബിൾ എങ്ങനെയായിരുന്നു?
സിവിൽ സർവീസ്, കെഎഎസ് പരീക്ഷകൾക്ക് ഒരേ പാറ്റേണായിരുന്നു. പരീക്ഷയ്ക്കു തലേന്നു വരെയുള്ള പ്രതിദിന ലക്ഷ്യം തയാറാക്കിയിരുന്നു. ദിവസം ശരാശരി 8 മണിക്കൂർ പഠിച്ചു.
Content Summary : Kerala Administrative Service - Stream 1 - First Rank Holder S. Malini