ബിരുദാനന്തര ബിരുദം വരെ പലവട്ടം തോറ്റു, പിൻമാറാൻ മനസ്സില്ലാതെ അനുരാഗ് സ്വന്തമാക്കിയത് ഐഎഎസ്
Mail This Article
ബിഹാറിലെ കതിഹാർ ജില്ലയിൽ ജനിച്ച അനുരാഗ് കുമാറിന്റെ ജീവിതമാണു പറയുന്നത്. പലരെയുംപോലെ തോറ്റും ജയിച്ചുമുള്ള ജീവിതം. ബിരുദാനന്തര ബിരുദം വരെ പലവട്ടം തോറ്റയാൾ പിന്നീടു ജീവിതംതന്നെ വഴിമാറ്റിപ്പിടിച്ച നേരനുഭവമാണിത്. എട്ടാം ക്ലാസ് വരെ ഹിന്ദി മീഡിയത്തിലാണ് അനുരാഗ് പഠിച്ചത്. പിന്നീട് ഇംഗ്ലിഷ് മീഡിയത്തിലേക്കു മാറി. സാധാരണ വിദ്യാർഥിയായിരുന്നു അനുരാഗ് (Anurag Kumar). പക്ഷേ, പത്താം ക്ലാസിൽ 90 ശതമാനത്തിലേറെ മാർക്ക് നേടി. പഠനത്തിൽ വലിയ മിടുക്കനൊന്നുമായിരുന്നില്ല. 12–ാം ക്ലാസിൽ പ്രീ–ബോർഡ് പരീക്ഷയിൽ ഗണിതത്തിനു തോറ്റു. പക്ഷേ, ഫൈനൽ പരീക്ഷയിൽ 90% മാർക്കോടെതന്നെ പ്ലസ് ടുവും പാസായി.
ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിലായിരുന്നു ബിരുദപഠനം. ബിരുദപഠനകാലം വീണ്ടും പലവട്ടം തോൽവികളുടേതായിരുന്നു. തോറ്റയിടത്തൊന്നും കിടന്നുപോയില്ല. പല തവണ പരിശ്രമിച്ച് തോറ്റ പേപ്പറുകളൊക്കെ എഴുതിയെടുത്ത് ബിരുദം പൂർത്തിയാക്കി. പഠനത്തിലെ ഇടക്കാല പിഴവുകളിൽ തളരാതെ, ബിരുദാനന്തര ബിരുദത്തിലേക്കു തുടർന്ന് അനുരാഗ് നീങ്ങി.
ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പിജി പഠനകാലം അനുരാഗിന്റെ വഴിത്തിരിവായിരുന്നു. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഒരു കൈ നോക്കിയാലോ എന്നു മനസ്സിൽ തോന്നുന്നത് അക്കാലത്താണ്. അതു ക്രമേണ മനസ്സിൽ വളർന്നുവന്നു. ബിരുദാനന്തരബിരുദശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടി പരിപൂർണ തയാറെടുപ്പിലേക്കു കടന്നു. നന്നായി നോട്ടുകൾ കുറിച്ചുവച്ച് പരിശീലിച്ചു. ഇടക്കാലത്തു നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസത്തെ തിരികെ പിടിച്ച് കഠിനമായി പ്രയത്നിച്ചു.
2017 ലാണ് അനുരാഗ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. അന്ന് 677 എന്ന മോശമല്ലാത്ത റാങ്ക് കിട്ടുകയും ചെയ്തു. പക്ഷേ, അനുരാഗിന്റെ മനസ്സിലെ ലക്ഷ്യം അതിനും മുകളിലായിരുന്നു. ആദ്യശ്രമത്തിൽ ഇന്ത്യൻ ഇക്കണോമിക് സർവീസിൽ കയറുകയും ഏതാനും മാസം ജോലി ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ, ഐഎഎസ് തന്നെ ഉറപ്പാക്കണമെന്ന വാശിയോടെ വീണ്ടും പഠനം തുടർന്നു. 2018 ലെ രണ്ടാം പരീക്ഷണം വലിയ വിജയമായിരുന്നു. ദേശീയതലത്തിൽ 48–ാം റാങ്കോടെ അനുരാഗ് സിവിൽ സർവീസിലെ ക്രീം ടീമിലൊരാളായി. ഇപ്പോൾ ബിഹാറിൽ ബതിയ ജില്ലയിലെ അസി. ഡിസ്ട്രിക്ട് ഓഫിസറാണ് അനുരാഗ്.
ഒരു തോൽവിപോലും താങ്ങാൻ കഴിയാത്തവരാണു പലരും. പക്ഷേ, ഇടവിട്ടിടവിട്ടു തോൽവികൾ നേരിട്ടിട്ടും ലക്ഷ്യത്തിലേക്കു ‘കൂളായി’ കടക്കാനുള്ള മനശ്ശക്തിതന്നെയാണ് അനുരാഗിനെ ഐഎഎസുകാരനാക്കിയതെന്നു നിസ്സംശയം പറയാം. സ്കൂളിലും കോളജിലുമൊക്കെ തോൽക്കുമ്പോഴും, പിന്നീടു നല്ല മാർക്ക് നേടാൻ കഴിയുന്നത് അനുരാഗ് തിരിച്ചറിയുന്നുണ്ടായിരിക്കണം. ആ തിരിച്ചറിവാണ്, സ്വയം തിരിച്ചറിയാൻ അനുരാഗിനെ സഹായിച്ചിട്ടുണ്ടാവുക. പ്രയത്നശീലം ഉയരങ്ങളിലെത്തിക്കുമെന്ന് സ്വന്തം ജീവിതംകൊണ്ട് അനുരാഗ് ഒടുവിൽ തെളിയിക്കുകയും ചെയ്തു.
ഗ്രാമീണപശ്ചാത്തലത്തിൽനിന്നു വന്നൊരാൾ എന്ന നിലയിൽ ചെറിയ ലക്ഷ്യങ്ങളിലേക്ക് അനുരാഗ് തന്നെ സ്വയം തളച്ചിട്ടില്ല. ആദ്യതവണ സിവിൽ സർവീസിനു പരിശ്രമിച്ചപ്പോൾ മോശമല്ലാത്ത റാങ്കും സർവീസും കിട്ടിയിട്ടും തൃപ്തനാകാതെ ആ ജോലി ഉപേക്ഷിക്കാനുള്ള മനക്കരുത്തും അനുരാഗ് കാണിച്ചു. കഠിനാധ്വാനം തന്നെയാണ് ആരെയും കരയ്ക്കെത്തിക്കുകയെന്ന് അനുരാഗ് പറയാതെ പറഞ്ഞുതരുന്നു.
Content Summary : Vijayatheerangal Column by G Vijayaraghavan - Success story of Anurag Kumar