ADVERTISEMENT

മധുര സ്വദേശി പത്മാവതി ഹരിഹരനെക്കുറിച്ചാണു പറയുന്നത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയിൽനിന്ന് അസാധാരണമായ രീതിയിൽ ജീവിതത്തെ തിരിച്ചുവിട്ട ആ വഴിയെക്കുറിച്ച്. ഇപ്പോൾ 86 വയസ്സുണ്ട് അവർക്ക്. ഈ പ്രായത്തിലും ചാർട്ടേഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്തുവരുന്നു. ചെറുപ്പത്തിൽ പത്മാവതിയുടെ ആഗ്രഹം ഒരു ബിരുദധാരി ആകണമെന്നു മാത്രമായിരുന്നു. പക്ഷേ, പതിനേഴാം വയസ്സിൽ അവരുടെ വിവാഹം കഴിഞ്ഞു. കുടുംബജീവിതത്തിന്റെ തിരക്കിൽ പതിറ്റാണ്ടുകൾ കടന്നുപോയി. പഴയ ആഗ്രഹം മനസ്സിൽ കനലായി കിടപ്പുണ്ടായിരുന്നു. അങ്ങനെയാണ് മധുര കാമരാജ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിലൂടെ 42–ാം വയസ്സിൽ പത്മാവതി ബികോം പാസാകുന്നത്. 

 

ഈ പ്രായത്തിലും പഠിക്കാനുള്ള പത്മാവതിയുടെ താൽപര്യം കണ്ട ചാർട്ടേഡ് അക്കൗണ്ടന്റ് സി.വി.എസ്.മണിയാണ് സിഎ പഠിക്കാനുള്ള വഴിയിലേക്കു നയിച്ചത്. ചെറുപ്പക്കാർക്കുപോലും കടുകട്ടിയായ സിഎ പഠനത്തിലേക്ക് 42 വയസ്സു കഴിഞ്ഞ ഒരു വീട്ടമ്മ കടന്നുവരുമ്പോഴുള്ള ആശങ്ക ആലോചിച്ചാൽ മതി. പത്മാവതി മടിച്ചുനിന്നു. ‘തൽക്കാലം എംകോമിനു ചേർന്ന് സമാന്തരമായി സിഎയ്ക്കു ശ്രമിക്കാം’ എന്ന നിർദേശമാണു സി.വി.എസ്.മണി നൽകിയത്. ഒടുവിൽ 45–ാം വയസ്സിൽ പത്മാവതി ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിനു ചേർന്നു. പാസാകുമ്പോൾ പ്രായം 50!

 

ഓരോ പേപ്പറും കഠിനകടമ്പയായ സിഎയിലെ എല്ലാ പേപ്പറും ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണു പത്മാവതി ആ ചരിത്രവിജയം നേടിയത്. അപ്പോഴേക്ക് 3 മക്കളുടെ അമ്മയായിരുന്നു, അവർ. കുട്ടികളുടെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ടുതന്നെ സിഎ പോലൊരു ശ്രമകരമായ പഠനപാതയിൽ വിജയിച്ച പത്മാവതി അന്നല്ല, ഇന്നും ഒരദ്ഭുതമാണ്. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും പഠനം നടക്കുമായിരുന്നു. അതിനായി ചുമരിൽ കുറിപ്പുകൾ എഴുതിയിട്ടു. വീടിനകത്തു നടക്കുമ്പോഴൊക്കെ പഠിത്തം മുന്നേറി. അയൽവാസികളുമായിപ്പോലും ഇടപെടൽ ഒഴിവാക്കാൻ വീടു പൂട്ടിയിട്ടു പഠിച്ച സമയംപോലുമുണ്ടെന്നു പത്മാവതി പറഞ്ഞിട്ടുണ്ട്. 

 

 

എംകോമും സിഎയും സമാന്തരമായി പഠിച്ചതിന്റെ വെല്ലുവിളിയായിരുന്നു മറ്റൊന്ന്. ഒരേ ദിവസം എംകോമിന്റെയും സിഎയുടെയും പരീക്ഷകൾ എഴുതേണ്ടിവന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ വീട്ടിൽ ബന്ധുക്കൾ താമസിക്കാൻ വരും. അവർക്കു ഭക്ഷണമുണ്ടാക്കിവച്ചിട്ടു വേണം പരീക്ഷാഹാളിലേക്ക് ഓടാൻ. സമീപത്തെ സംഗീതസംഘത്തിൽ സജീവമായിരുന്ന പത്മാവതി, പഠനത്തിരക്കിനിടയിൽ അവിടെയും പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു. 

അമ്മയുടെ വിജയവഴി പിന്തുടർന്ന് ഇളയ മകനും സിഎ പ്രഫഷൻ സ്വീകരിച്ചു. ആദായനികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഭർത്താവ് ഇ.ഹരിഹരന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തനിക്ക് പ്രായത്തെ തോൽപിച്ച വിജയങ്ങളൊന്നും സാധ്യമാകില്ലായിരുന്നെന്നു പത്മാവതി പറയാറുണ്ട്. 

 

73–ാം വയസ്സിൽ 98% മാർക്കോടെ സംസ്കൃതഭാരതി പരീക്ഷകൂടി ജയിച്ച് പ്രായത്തെ തോൽപിക്കാൻ മനോബലത്തിനു സാധിക്കുമെന്നു വീണ്ടും പത്മാവതി തെളിയിച്ചു. ‘പരിശ്രമിച്ചുകൊണ്ടേയിരിക്കുക, വിജയം നിങ്ങളെ കൈവിടില്ല’–പത്മാവതിക്കു ചെറുപ്പക്കാരോടു പറയാനുള്ളത് ഈ വാചകം മാത്രമാണ്. ഇതു വായിക്കുന്നവർ തിരിച്ചറിയുക, നിശ്ചയദാർഢ്യത്തിന്റെ വഴി വിജയത്തിലേക്കുള്ളതു മാത്രമാണ്. 

 

Content Summary : Vijayatheerangal Column by G Vijayaraghavan - Success story of Padmavathi Hariharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com