ADVERTISEMENT

തിരുവനന്തപുരത്തെ ഇൻഫോസിസ്‌, യുഎസ്‌ടി, ടിസിഎസ്‌, പുതുതായി വരുന്ന സൺടെക്‌ എന്നിവയുടെ ക്യാംപസുകളുടെയെല്ലാം ലാൻഡ്‌സ്കേപ്പിങ്ങിന്റെ മനോഹാരിത പലരും എടുത്തുപറയാറുണ്ട്‌. അത്രത്തോളം പ്രഫഷനലായി അതു ചെയ്തയാൾ അപ്പോഴൊക്കെ ജനശ്രദ്ധയിൽനിന്നു മാറിനിൽക്കുകയായിരിക്കും. പിന്നണിയിലെ ആ കലാവിരുതൻ, ഒരു കാലത്തു കേരള സർക്കാരിൽ അഗ്രികൾചറൽ ഓഫിസറായിരുന്ന ഷാജി നടരാജനാണ്‌. 

 

1990ലാണു ഷാജി അഗ്രികൾചർ ബിരുദം നേടുന്നത്‌. ആ വർഷംതന്നെ സംസ്ഥാന സർവീസിൽ അഗ്രികൾചർ ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. ഇരുപതോ ഇരുപത്തൊന്നോ വയസ്സിൽ സർക്കാർ ജോലി കിട്ടുന്നയാൾക്ക്‌ ജീവിതം പിന്നങ്ങോട്ടു കെട്ടിപ്പടുക്കാൻ വലിയൊരു കാലം കിട്ടുകയാണ്‌. എന്നാൽ, സുരക്ഷിതമായ ആ ജീവിതപ്പാതയിൽനിന്ന് സ്വപ്നങ്ങൾ പരവതാനി വിരിച്ച പുതിയ വഴികളിലേക്കാണു ഷാജി നടന്നത്‌. 

 

1993ൽ ജോലി രാജിവച്ച്‌ എംഎസ്‌സി പഠിക്കാൻ പോയി. അതു കഴിഞ്ഞു ടാറ്റ ഗ്രൂപ്പിനു കീഴിലെ റാലീസ്‌ ഇന്ത്യയിൽ സെയിൽസ്‌ ഓഫിസറായി ജോലിക്കു കയറി. മധ്യപ്രദേശിലായിരുന്നു ജോലി. 11 കൊല്ലം ആ ജോലിയിൽ തുടർന്നെങ്കിലും ഷാജിയുടെ മനസ്സിൽ പിന്നെയും പുതിയ വഴികളുടെ പച്ചപ്പു നിറയുകയായിരുന്നു. 

അങ്ങനെയാണ്‌ 2004ൽ ഹൈടെക്‌ അഗ്രികൾചറൽ സർവീസസ്‌ എന്ന സ്ഥാപനം സ്വന്തമായി തുടങ്ങിയത്‌. വിവിധതരം കാർഷികസേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമായിരുന്നു അത്‌. 2009ൽ കേന്ദ്ര സർക്കാരിനു കീഴിലെ അഗ്രി-ബിസിനസ്‌ സെന്ററിൽനിന്ന് അഗ്രി ക്ലിനിക്സിൽ പരിശീലനം നേടി. അതേ വർഷംതന്നെ തിരുവനന്തപുരം കേന്ദ്രമായി പ്രാണേഷ്‌ ലാൻഡ്സ്കേപ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. 

 

2012 ൽ ഓർണമെന്റൽ ലാൻഡ്സ്കേപ്‌ ഗാർഡനിങ്ങിൽ പിജി ഡിപ്ലോമ. ഇതിനിടയിൽ ടെക്നോപാർക്കിലെയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ ലാൻഡ്സ്കേപ്പിങ്ങിലൂടെ ഷാജി ശ്രദ്ധിക്കപ്പെട്ടു. ജൈവ കീടനാശിനികളും വളങ്ങളും പരമാവധി ഉപയോഗിക്കുക, കഴിയുന്നത്ര പ്രാദേശിക വിഭവങ്ങൾ ഉപയോഗപ്പെടുത്തുക, കേരളത്തിലെ വലിയ മരങ്ങളുടെ സാധ്യതകൾ തേടിപ്പോവുക എന്നിങ്ങനെ ഷാജി സ്വന്തമായൊരു പാത ലാൻഡ്സ്കേപ്പിങ്ങിൽ തുറന്നു. ലാൻഡ്സ്കേപ്പിങ് ഒരു ഉറച്ച പ്രഫഷനേ അല്ലാതിരുന്ന കാലത്താണു ഷാജി ആ വഴി പരീക്ഷിച്ചത്‌ എന്നത്‌ എടുത്തുപറയണം. സ്വന്തം വഴി വെട്ടിത്തുറന്നതിനൊപ്പം, ഒട്ടേറെപ്പേർക്കു തൊഴിലവസരമൊരുക്കാനും ഷാജിക്ക്‌ അതിലൂടെ സാധിച്ചു. 

 

സർക്കാർ ജോലിയിൽ പൊതുവേ രണ്ടു രീതിയിലുള്ളവരെ കാണാറുണ്ട്‌. സർക്കാർ ജോലിയെ അത്രയേറെ ഇഷ്ടപ്പെട്ട്‌ അതിൽ തുടരുന്നവരാണ്‌ ഒരു വിഭാഗം. രണ്ടാമത്തെ കൂട്ടർ, വലിയ താൽപര്യമില്ലാതെയും സർക്കാർ ജോലി തുടരാറുള്ളവരാണ്‌. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ചിലരിൽനിന്നാകും സർക്കാർ ഓഫിസുകളിലെത്തുന്നവർക്കു ചില മോശം അനുഭവങ്ങൾ നേരിടേണ്ടിവരുന്നത്‌. വലിയ സ്വപ്നങ്ങളുള്ളവരായിരിക്കും, ഇവർ. പക്ഷേ, അതിനനുസരിച്ച്‌ അധ്വാനിക്കാനോ ഒരു പരിധിവരെ വെല്ലുവിളികളെ ഏറ്റെടുക്കാനോ ഇക്കൂട്ടർ തയാറാവില്ല. അത്തരക്കാർക്കൊരു മാതൃകയായി ഷാജി നടരാജനെ കാണാം. 

 

ഇഷ്ടവഴിയിലേക്കു നടക്കാൻ, വളരെ ചെറുപ്പത്തിൽ കിട്ടിയ ജോലിപോലും ഷാജി ഉപേക്ഷിച്ചു. അതൊരു ധീരമായ പരീക്ഷണമാണ്‌. വിജയിക്കാം, പരാജയപ്പെടാം. പക്ഷേ, വിജയിക്കണമെന്ന നിശ്ചയദാർഡ്യമുള്ളവർ ഉറച്ച ചുവടോടെ മുന്നോട്ടു നടക്കുന്നു. 

 

Content Summary : Vijayatheerangal Column by G Vijayaraghavan - Success story of Shaji Natarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com