സിംങ്വാഹിനിയുടെ സിംഹക്കുട്ടി; ഐഎഎസ് ഓഫിസറിന്റെ ഭാര്യ ഒരു നാടിന്റെ രക്ഷകയായ കഥ
Mail This Article
ബിഹാറിലെ സിംങ്വാഹിനി എന്ന ഉൾനാടൻ ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് ഒരിക്കൽ വിരുന്നുപോയതാണ് അരുൺ കുമാർ ഐഎഎസിന്റെ ഭാര്യ ഋതു ജയ്സ്വാൾ. പിന്നീട് ഋതു അവിടെ സ്ഥിരതാമസക്കാരിയായി. വരൾച്ചയും പ്രളയവും ദാരിദ്ര്യവും നിരക്ഷരതയുംകൊണ്ടു പൊറുതിമുട്ടിയ ആ ഗ്രാമത്തിലെ യുവതലമുറയുടെ പ്രതീക്ഷയായി. അവരുടെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരിയായി.
ബിഹാറിലെ വാരാണസിയിലായിരുന്നു ഋതുവിന്റെ ജനനം. സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഋതു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 1996ലാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അരുൺ കുമാറിനെ വിവാഹം കഴിച്ചത്.ഒരിക്കൽ കുടുംബത്തോടൊപ്പം സിംങ്വാഹിനി ഗ്രാമത്തിലെത്തിയ ഋതുവിന് ആ നാടിന്റെ സങ്കടാവസ്ഥ കണ്ടപ്പോൾ തോന്നി അവിടത്തെ ജനങ്ങൾക്കു വേണ്ടി തന്റെ തുടർജീവിതം മാറ്റിവയ്ക്കണ മെന്ന്. അങ്ങനെ കുടുംബത്തിന്റെ ശക്തമായ പിന്തുണയോടെ ഡൽഹിയിലെ എല്ലാ സുഖസൗകര്യങ്ങളും വിട്ട് ഋതു തന്റെ സ്വപ്നം ഉറങ്ങുന്ന ഗ്രാമത്തിൽ സ്ഥിരതാമസമാക്കി.
വൈദ്യുതിയോ നല്ല റോഡുകളോ കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറികളോ പോലും ഇല്ലായിരുന്നു ആ ഗ്രാമത്തിൽ. നിരക്ഷരരായ യുവതലമുറയ്ക്കു വിദ്യാഭ്യാസം നൽകുന്നതായിരുന്നു ഋതുവിന്റെ ആദ്യ ലക്ഷ്യം. 2015ൽ പന്ത്രണ്ടോളം കുട്ടികൾ മെട്രിക്കുലേഷൻ പാസാകുന്നതു വരെയെത്തി ഋതുവിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. ഗ്രാമത്തിനു പാസായ വെദ്യുതീകരണ പദ്ധതി ഇതുവരെ നടപ്പായില്ലെന്നറിഞ്ഞ ഋതു ജനങ്ങളുടെ സഹായത്തോടെ ഒരു സമരപരമ്പര തന്നെ സംഘടിപ്പിക്കുകയും ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും വൈദ്യുതിയെത്തിക്കുകയും ചെയ്തു.
2016ൽ ഗ്രാമമുഖ്യയുടെ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 72% വോട്ടുകൾ നേടി വൻഭൂരിപക്ഷത്തോടെ ഋതു വിജയിച്ചു. ഗ്രാമമുഖ്യയായി ചുമതലയേറ്റശേഷം ഗ്രാമത്തിനു വേണ്ട ശൗചാലയങ്ങൾ നിർമിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. ഗ്രാമവാസികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ എല്ലാ ഭവനത്തിലും ഒന്ന് എന്ന നിലയില്‍ 2000 ശൗചാലയങ്ങള്‍ നിർമിക്കാന്‍ ഋതുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി.
2016 ഒക്ടോബറിൽ പൊതു ഇടങ്ങളിൽ മലമൂത്രവിസർജനം നടത്താത്ത ഗ്രാമം എന്ന ബഹുമതി സിംങ്വാഹിനിയ്ക്കു ലഭിച്ചു. ഗ്രാമവാസികളുടെ സഹായത്തോടെ ഫണ്ട് സ്വരൂപിച്ച് സിംങ്വാഹിനിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കി മാറ്റുന്നതിനും ഋതു മുൻകയ്യെടുത്തു. എല്ലാ കുടുംബങ്ങളിലും റേഷൻ കാർഡ്, യുവാക്കൾക്കു തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, സ്ത്രീകൾക്കു സ്വയംതൊഴിൽ സംരംഭങ്ങൾ അങ്ങനെ ഒട്ടേറെ പുരോഗമനപരമായ മാറ്റങ്ങൾക്കും തുടക്കമിട്ടു.
2017 ഓഗസ്റ്റിൽ സിംങ്വാഹിനിയെ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കു മുൻനിരയിൽ നിന്നതും ഋതു തന്നെയായിരുന്നു. രാജ്യം മുഴുവൻ വിറങ്ങലിച്ചു നിന്ന കോവിഡ്കാലത്തും സുരക്ഷിത സങ്കേതങ്ങൾ തേടി പോകാതെ ഋതു ആ ഗ്രാമവാസികൾക്കൊപ്പം ഉണ്ടായിരുന്നു. സിംങ്വാഹിനിയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെയായി ഋതു ഇന്നും അവിടെത്തന്നെ ജീവിക്കുന്നു.
ജനപ്രിയ നേതാവ് എന്നതിനു പുറമേ ഭരതനാട്യം, കഥക് നർത്തകി കൂടിയാണ് ഋതു. ഭർത്താവ് അരുൺ, മക്കളായ അവനി, ആര്യൻ എന്നിവരുടെ പിന്തുണയോടെ ഋതു തന്റെ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിന് എങ്ങനെ ഒരു നാടിനെ മാറ്റിമറിക്കാമെന്നതിന്റെയും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സ്വാർഥതയ്ക്കപ്പുറം സമൂഹത്തിന് എങ്ങനെ സ്വയം സംഭാവന ചെയ്യാമെന്നതിന്റെയും ഉദാഹരണമാണ് ഈ ധീരയുവതി.
Content Summary : Vijayatheerangal - Column By G. Vijayaraghavan- Inspirational life story Ritu Jaiswal