സ്വന്തമാക്കിയത് 1.5 കോടിയുടെ സ്കോളർഷിപ്; പഠനം ഭാരമല്ലെന്നും റാങ്കുകളുടെ കൂട്ടുകാരി കീർത്തി
Mail This Article
ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ് നേടി യുകെയിൽ ഗവേഷണത്തിനുള്ള തയാറെടുപ്പിലാണ് തൃശൂർ മാള സ്വദേശി കീർത്തി എസ്.ബാലിഗ. ക്യുഎസ് വേൾഡ് റാങ്കിങ്ങിൽ 64-ാം സ്ഥാനത്തുള്ള യൂണിവേഴ്സിറ്റി ഓഫ് വാറിക്കിൽ (Warwick) ‘സ്റ്റെം സെൽ ബയോളജി ആൻഡ് ഡവലപ്മെന്റൽ ബയോളജി’യിലാണു ഗവേഷണം. ചാൻസലേഴ്സ് ഇന്റർനാഷനൽ സ്കോളർഷിപ് കിട്ടിയതോടെ ചെലവുകളുടെ കാര്യത്തിലും ആശങ്കയില്ല.
∙ ആദ്യം ഗൈഡ്, പിന്നെ സർവകലാശാല
വിദേശ സർവകലാശാലകളിൽ അവസരം കണ്ടെത്തുന്ന രീതി തന്നെ നമ്മുടേതിനെ അപേക്ഷിച്ചു വ്യത്യസ്തമാണ്. യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കുംമുൻപ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയത്തിൽ ഗൈഡിനെ കണ്ടെത്തണം; ലാബ് ലഭ്യതയും നോക്കണം.
ഗൈഡിനുള്ള ബയോഡേറ്റയിൽ യുജി, പിജി പഠനകാലങ്ങളിലെ ഡിസർട്ടേഷൻ വിവരങ്ങൾ, ജേണലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ബയോഡേറ്റ കണ്ട് താൽപര്യം തോന്നിയാൽ മെയിൻ സൂപ്പർവൈസർ ഇന്റർവ്യൂ നടത്തും.
ഗവേഷണമേഖല അനുസരിച്ച് ചിലർക്കു സപ്പോർട്ടിങ് സൂപ്പർവൈസറും ഇന്റർവ്യൂ നടത്തും. ഗവേഷണ താൽപര്യവും വിഷയത്തിലുള്ള അറിവുമാകും പരിശോധിക്കുക. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൂപ്പർവൈസർമാരുടെ സഹായത്തോടെ സർവകലാശാലയിൽ അപേക്ഷ നൽകാം. സ്കോളർഷിപ്പിനു തിരഞ്ഞെടുക്കുംമുൻപും ഇന്റർവ്യൂ ഉണ്ട്.
∙ കരിയർ ലക്ഷ്യം തീരുമാനിക്കൂ
പത്താം ക്ലാസോടെ കരിയറിനെക്കുറിച്ചു ധാരണയുണ്ടാക്കിയാൽ പിന്നെയെല്ലാം എളുപ്പമാണ്. ബയോളജിയായിരുന്നു കീർത്തിയുടെ ഇഷ്ടവിഷയം. ബിഎസ്‌സിക്കു സുവോളജി തിരഞ്ഞെടുത്തു. കാലിക്കറ്റ് സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി. റാങ്കിനു വേണ്ടി പഠിച്ചിട്ടില്ല. കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽനിന്ന് എംഎസ്‌സി അനിമൽ സയൻസ് ഒന്നാം റാങ്കോടെ വിജയിച്ചു. തുടർന്നു മാസത്തെ പരിശീലനം കൊണ്ട് ജെആർഎഫ് നേടി. ഗേറ്റും വിജയിച്ചു. ഇനി യുകെയിലേക്ക്....
സയൻസ് ആർട്ടിക്കിൾസും കൂട്ടുകാരും
ഒരിക്കലും പഠനം ഭാരമായിരുന്നില്ലെന്നു കീർത്തി പറയുന്നു. ടെക്സ്റ്റ് ബുക്ക്, സയൻസ് ലേഖനങ്ങൾ, യൂട്യൂബ് വിഡിയോകൾ എന്നിവ നോക്കി നോട്സ് തയാറാക്കും. യൂട്യൂബിൽ എല്ലാം കൃത്യമാകണമെന്നില്ല. വിദഗ്‌ധരുടെ ക്ലാസുകൾ മാത്രം ഫോളോ ചെയ്യാം. കൂട്ടുകാർക്കൊപ്പം പാഠഭാഗങ്ങൾ ചർച്ച ചെയ്തു പഠിക്കും. ഉത്തരത്തിലേക്ക് ഓരോരുത്തരും എത്തുന്ന രീതി അങ്ങനെ മനസ്സിലാക്കാം. കുത്തിയിരുന്നു പഠിക്കാറില്ലെങ്കിലും പഠിക്കുന്ന സമയം അതിനായി മാത്രം മാറ്റിവയ്ക്കും. കൃത്യമായി റിവൈസ് ചെയ്യും. മകളുടെ ഗവേഷണത്തിനു പൂർണ പിന്തുണയുമായി വോളിബോൾ കോച്ചായ അച്ഛൻ എം. സഞ്ജയ് ബാലിഗയും അമ്മ സി.വി.ബിന്ദുവുമുണ്ട്.
Content Summary : Keerthi bagged 1.5 crore scholarship