ജെഇഇ അഡ്വാൻസ്ഡ്: ഇരട്ട റാങ്കിന്റെ തിളക്കവുമായി വിശ്വനാഥ് വിനോദ്
Mail This Article
കോട്ടയം ∙ ജ്യേഷ്ഠന്റെ പാതയിലേക്ക് അനിയനും. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ കുമാരനല്ലൂർ ചെമ്മനംപടിയിലെ ശങ്കരമംഗലം വീട്ടിൽ വിശ്വനാഥ് വിനോദിന് ഇരട്ട റാങ്കിന്റെ തിളക്കം. ദേശീയ അടിസ്ഥാനത്തിൽ 252–ാം റാങ്കിന് ഉടമയായ വിശ്വനാഥ് ഈ മാസം രണ്ടാമത്തെ റാങ്കുമായാണ് വീട്ടിലേക്ക് എത്തുന്നത്.
കേരളത്തിൽ നിന്ന് രണ്ടാമത്തെ റാങ്കുമാണിത്. കഴിഞ്ഞ 6ന് പുറത്തുവന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഫലത്തിൽ ഒന്നാം റാങ്ക് നേടിയാണ് വിശ്വനാഥ് ‘ഓണം ആഘോഷിച്ചത്.’ജെഇഇ അഡ്വാൻസ് പരീക്ഷയിൽ മിന്നുംവിജയം കൂടിയായതോടെ ജ്യേഷ്ഠൻ വിഷ്ണുവിന്റെ അതേ പാതയിലേക്കാണ് വിശ്വനാഥിന്റെയും യാത്ര. വിഷ്ണു 2019ലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോൾ മദ്രാസ് ഐഐടിയിൽ മൂന്നാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് വിഷ്ണു.
ഇടുക്കി അണക്കരയിലെ കർഷകനായ വിനോദ് കുമാറും ഭാര്യ ചാന്ദ്നിയും മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത്് 5 വർഷമായി കോട്ടയം ചെമ്മനംപടിയിലാണു താമസം. എട്ടാം ക്ലാസ് മുതൽ മാന്നാനം ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിച്ച വിശ്വനാഥ് ഐസിഎസ്‌സി പ്ലസ് ടു പരീക്ഷയിൽ 99.9 ശതമാനം മാർക്ക് നേടിയിരുന്നു.
പാലാ ബ്രില്യന്റിൽ 2 വർഷത്തെ പരിശീലനം നേടി. മാന്നാനം കെഇ സ്കൂളിലെയും ബ്രില്യന്റിലെയും അധ്യാപകരുടെ പൂർണ പിന്തുണ കൊണ്ടാണ് സ്വപ്നനേട്ടം കൈവരിക്കാനായതെന്നു വിശ്വനാഥ് പറയുന്നു. ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് മദ്രാസ് ഐഐടിയിൽ ബിടെക് കംപ്യൂട്ടർ സയൻസിൽ ചേരണമെന്നാണ് വിശ്വനാഥിന്റെ ആഗ്രഹം.
Content Summary : Success Story Of JEE Advanced Topper Vishwanath Vinod