600 മെയിലിനും 80 ഫോൺകോളിനും ശേഷം കിട്ടിയത് ലോകബാങ്കിലെ ജോലി; ഇന്ത്യൻ യുവാവിന്റെ വിജയം ഏറ്റെടുത്ത് വെർച്വൽ ലോകം
Mail This Article
ലോകപ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ അവസരം കിട്ടുമ്പോൾത്തന്നെ പാതി ജയിച്ച മനസ്സായിരിക്കും ഒരു വിദ്യാർഥിയുടേത്. കൂടെനിന്നു പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ആശ്വാസം അനുഭവപ്പെടും. മെച്ചപ്പെട്ട ഭാവിയിലേക്ക് ഇനി അധികം ദൂരമില്ലല്ലോ എന്നായിരിക്കും ചിന്ത. എന്നാൽ, എല്ലാവരുടെയും കഥ ഒരിക്കലും ഒരുപോലെയല്ല. പ്രത്യേകിച്ചും വിദ്യാഭ്യാസം നേടുന്നവരുടെയും ജോലിക്കു വേണ്ടി ശ്രമിക്കുന്നവരുടെയും ആഗ്രഹിച്ച ജോലി ലഭിക്കാത്തവരുടെയുമൊക്കെ.
പഠിച്ചതുകൊണ്ടോ ഗവേഷണ ബിരുദം നേടിയതുകൊണ്ടോ മാത്രം ആഗ്രഹിച്ച ജോലി എല്ലാവർക്കും കിട്ടണമെന്നില്ല. ക്യാംപസ് ഇന്റർവ്യൂകളുടെയും ഈസി പ്ലേസ്‌മെന്റുകളുടെയും കാലത്ത് ഇങ്ങനെയൊക്കെയാണോ കാര്യങ്ങൾ എന്ന് അതിശയിക്കുന്നവർ അമേരിക്കയിലെ പ്രശസ്തമായ യേൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഈ ഇന്ത്യൻ വിദ്യാർഥിയുടെ ജീവിത കഥ അറിയണം. ജോലി ലഭിക്കാൻ വേണ്ടി നടത്തിയ കഠിനാധ്വാനം മനസ്സിലാക്കണം. നിരന്തരമായ പ്രയത്‌നവും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും ആഗ്രഹിച്ച ഇടങ്ങളിലേക്ക് ആരെയും എത്തിക്കില്ലെന്നും പാഠവും ആവർത്തിച്ചു പഠിക്കണം.
വത്സൽ നഹാത എന്ന ഇരുപത്തിമൂന്നുകാരൻ പഠിച്ചത് ലോകത്തെ ഏറ്റവും പ്രശസ്തമായ 8 യൂണിവേഴ്‌സിറ്റികളിൽ ഒന്നാൽ യേൽ യൂണിവേഴ്‌സിറ്റിയിലാണ്. എന്നാൽ ഒരു ജോലി ലഭിക്കാൻ വേണ്ടി ആ യുവാവിന് 600 മെയിലുകളാണ് അയയ്‌ക്കേണ്ടിവന്നത്. 80 ഫോൺകോളുകളും. സ്വന്തം കഥ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. കാരണം അതിൽ മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി ശ്രമിക്കുന്ന യുവതലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വസ്തുതകളുണ്ട്.
‘‘ബിരുദം നേടിയ ശേഷം എനിക്കു വേണമെങ്കിൽ മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങിവരാമായിരുന്നു, വെറുംകയ്യോടെ. എന്നാൽ അങ്ങനെ ചെയ്യാൻ മനസ്സ് അനുവദിച്ചില്ല. എന്റെ ആദ്യത്തെ ശമ്പളം ഡോളറിൽത്തന്നെ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കാനും തീരുമാനിച്ചു. രണ്ടുമാസത്തിനിടെ 1500 ൽ അധികം പേരുമായി ബന്ധപ്പെട്ട് കത്തുകൾ അയച്ചു. സ്ഥാപനങ്ങൾക്ക് 600 ലേറെ ഇ മെയിലുകൾ അയച്ച് ക്ഷമയോടെ കാത്തിരുന്നു. 80 ഫോൺ കോളുകൾ ചെയ്തു. പലപ്പോഴും പലയിടത്തുനിന്നും അവസരം കിട്ടാതെ മടങ്ങിപ്പോരേണ്ടിവന്നു.
ഒരുപക്ഷേ നിങ്ങൾക്കും ഇത്തരമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും. സ്വപ്‌നലോകം കൺമുന്നിൽ തവിടുപൊടിയാകുന്ന അനുഭവം. പ്രതീക്ഷിച്ചതൊന്നുമല്ല യഥാർഥത്തിൽ സംഭവിക്കുന്നതെന്ന യാഥാർഥ്യം. ജീവിക്കാൻ വേണ്ടി ഇനിയും എന്താണ് ചെയ്യേണ്ടതെന്ന അനിശ്ചിതത്വം. എനിക്കൊന്നേ പറയാനുള്ളൂ. കഠിനമായി പരിശ്രമിക്കാതെ ഒരു രാത്രിയും കിടന്നുറങ്ങില്ല എന്നു തീരുമാനിക്കൂ. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന ഇച്ഛാശക്തി സ്വന്തമാക്കൂ. തെറ്റുകളിൽനിന്ന്, പിഴവുകളിൽനിന്ന് പാഠം പഠിച്ച് വീണ്ടും ശ്രമിക്കുകയാണെങ്കിൽ എനിക്കുറപ്പുണ്ട്, നല്ല നാളെകൾ നിങ്ങളെയും കാത്തിരിക്കുന്നു. ഒരു വാതിലിലും മുട്ടാൻ മടിക്കേണ്ടതില്ല. നിങ്ങൾക്കു വേണ്ടിയുള്ള വാതിൽ ഒടുവിൽ തുറക്കപ്പെടുക തന്നെ ചെയ്യും.’’- നഹാത പറയുന്നു.
2020 ന്റെ തുടക്കത്തിലാണ് നഹാത ജോലിക്കുവേണ്ടി ശ്രമം ആരംഭിച്ചത്. ആ സമയം തീരെ ശരിയല്ലായിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്ന സമയമായിരുന്നു. പുതിയ നിയമനങ്ങൾക്ക് ആരും തയാറായിരുന്നില്ല. അപ്രതീക്ഷിത തിരിച്ചടിയിൽ തകർന്നുനിൽക്കുകയായിരുന്നു പല സ്ഥാപനങ്ങളും. അപ്പോൾ രണ്ടു മാസം കൂടി കഴിഞ്ഞാൽ ബിരുദം സ്വന്തമാകും എന്ന അവസ്ഥയിലായിരുന്നു നഹാത. ജോലി വാഗ്ദാനം ലഭിച്ചിരുന്നില്ല. വിദ്യാർഥിയായിത്തന്നെ എത്രനാൾ തുടരേണ്ടിവരുമെന്ന അനിശ്ചിതാവസ്ഥ. വീട്ടിൽ നിന്ന് അച്ഛനമ്മമാർ വിളിച്ചുകൊണ്ടിരുന്നു എങ്ങനെയിരിക്കുന്നു എന്നറിയാൻ. അവരോട് എന്തുപറയണം എന്ന് അറിയില്ലായിരുന്നു. തകരാൻ അതുമതിയായിരുന്നു. എന്നാൽ എല്ലാം ഉപേക്ഷിച്ച് പരാജയം സമ്മതിക്കാനായിരുന്നില്ല, ശ്രമം തുടരാനായിരുന്നു തീരുമാനം.
ഒടുവിൽ അവസരങ്ങൾ വന്നുതുടങ്ങി. ഈ വർഷം മേയ് മാസത്തിൽ 4 ജോലി വാഗ്ദാനം നഹാതയ്ക്ക് ലഭിച്ചു. വേൾഡ് ബാങ്കിൽത്തന്നെ എന്നുറപ്പിച്ചു. വീസ സ്‌പോൺസർ ചെയ്യാൻ അവർ തയാറായി. മെഷീൻ ലേണിങ് എന്ന വിഷയത്തിൽ ഗവേഷണം തുടരാനുള്ള സഹായവും വാഗ്ദാനം ചെയ്തു. വേൾഡ് ബാങ്ക് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോൾ ജീവിക്കുന്നത്. എന്നാൽ ഈ സമാധാനത്തിനും സന്തോഷത്തിനും കൊടുത്ത വിലയാണ് നഹാതയെ വ്യത്യസ്തനാക്കുന്നത്. യുവതലമുറയ്ക്കു മുന്നിൽ ഈ ചെറുപ്പക്കാരനെ പ്രചോദനത്തിന്റെ പുത്തൻ മാതൃകയാക്കുന്നതും
Content Summary : 600 cold emails, 80 phone calls: How a 23-yr-old landed a World Bank job