ADVERTISEMENT

കോട്ടയം∙ തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ പോകുമ്പോൾ കണ്ട വിമാനങ്ങളും തുമ്പ റോക്കറ്റ് നിലയവുമെല്ലാം ആകാശം സ്വപ്നം കാണാൻ ടെസ്സിയെ പഠിപ്പിച്ചു. അവസരം കിട്ടിയപ്പോഴെല്ലാം തുമ്പയിലേക്കു തീർഥാടനം പോലെ പോയി ആഗ്രഹം അണയാതെ കാത്തു. 

ആലപ്പുഴയിൽ നിന്ന് ആ സ്വപ്നങ്ങളുടെ കൈപിടിച്ച് വളർന്ന ടെസ്സി പ്രതിരോധ മന്ത്രാലയത്തിൽ ശാസ്ത്രജ്ഞയായി ഡോ.ടെസ്സി തോമസായി. ഇന്ത്യയുടെ മിസൈൽ വുമണായി അറിയപ്പെടുമ്പോഴും കാലു മണ്ണിൽത്തന്നെ ഉറപ്പിച്ചു നിർത്താനും ശ്രദ്ധിക്കുന്നു. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി അഭിമാനത്തിന്റെ ആകാശം തൊടുമ്പോഴും വിനയത്തിന്റെ വിജയ സ്മിതവുമായി ഡോ.ടെസ്സി ഇന്ന് അനേകർക്കു മാതൃകയാണ്.

എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ് പാലാ ഐഐഐടി ബിരുദ സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ മനോരമയോടു മനസ്സ് തുറന്നു.

ഈ രംഗത്തേക്ക് വരാൻ എന്താണ് ചെയ്യേണ്ടത്?

എൻജിനീയറിങ് രംഗത്തേക്കു വരുന്ന ആർക്കും ഈ രംഗത്തേക്കും വരാം. ഡിആർഡിഒ(ഡിഫൻസ് റിസേ‍ർച് ആൻഡ് ഡവലപ്മെന്റ് ഓ‍ർഗനൈസേഷൻ) മേഖലയിൽ 20% പേർ വനിതകളുണ്ട്. വനിതകൾക്ക് ഏറെ സാധ്യതകളുള്ള രംഗമാണ്. വിഎസ്എസ്‌സി, ഐഎസ്ആർഒ എല്ലാം നല്ല രീതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

എയ്റോനോട്ടിക്കൽ ക്ലസ്റ്ററിൽ എത്രത്തോളം വനിതകളുണ്ട്?

15% വനിതകളുണ്ട് ഞങ്ങളുടെ വിഭാഗത്തിൽ. ഐടി മേഖലയ്ക്കു ധാരാളം സാധ്യതകളുണ്ട്.

ആരാണ് ഈ മേഖലയിലേക്ക് വഴികാട്ടിയായത്?

ബിടെക് കഴിഞ്ഞ് നിൽക്കുമ്പോൾ തൃശൂരിൽ വച്ച് പുണെയിൽ ‘എംടെക് ഇൻ ഗൈഡഡ് മിസൈൽ എന്ന കോഴ്സി’നെക്കുറിച്ചുള്ള പത്രപ്പരസ്യം കണ്ടാണ് അപേക്ഷിച്ചത്. കാര്യമായി അറിയില്ലായിരുന്നെങ്കിലും മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും ആഹ്ലാദം തോന്നിയ നിമിഷം?

അഗ്നി-4 മിസൈലിന്റെ പരീക്ഷണ വിജയം. ഹൈദരാബാദിലായിരുന്നു അന്ന്.

പുതിയ തലമുറയോട്?

ആത്മസമർപ്പണത്തോടെ അറിവു നേടുക. പുതിയ വഴികളിലൂടെ പോകാൻ ശ്രമിക്കുക. അവസരങ്ങൾ കണ്ടെത്തി പ്രയത്നിച്ച് മുന്നേറുക.

കോട്ടയത്തെക്കുറിച്ചുള്ള ഓർമകൾ, ഇഷ്ടഭക്ഷണം?

എന്റെ അമ്മച്ചിയുടെ വീട് ചങ്ങനാശേരി പായിപ്പാടാണ്. ആലപ്പുഴയിൽ നിന്ന് അവിടേക്കുള്ള യാത്രകൾ രസമായിരുന്നു. അന്നു ബോട്ടിലായിരുന്നു പോയിരുന്നത്. മണിക്കൂറുകൾ നീളുന്ന യാത്രയായിരുന്നു. പാലങ്ങളൊന്നും ഇല്ലാതിരുന്ന കാലം. ചക്കയാണ് ഇഷ്ടഭക്ഷണം. 

Content Summary : 'Missile Woman' Dr Tessy Thomas Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com